- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഐ കാമറ പണി തുടങ്ങി; ഭാര്യയുടെ സ്‌കൂട്ടറിൽ മറ്റൊരു സ്ത്രീയെ കയറ്റി ഹെൽമെറ്റ് വയ്ക്കാതെ ഭർത്താവ് പോയി; കാമറ ചിത്രം പകർത്തി അയച്ചത് ഭാര്യയുടെ വാട്സാപ്പിലേക്ക്; സ്ത്രീയേതെന്ന് ചോദിച്ച് ഭാര്യയും ഭർത്താവും തമ്മിൽ കലഹം: ഭാര്യയെ മർദ്ദിച്ചതോടെ ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: എ ഐ കാമറ പണി തുടങ്ങിയതോടെ കുടുംബ കലഹവു തുടങ്ങി. ഭാര്യയുടെ സ്‌കൂട്ടറിൽ യുവാവ് മറ്റൊരു സ്ത്രീയുമായി പോകുന്നതു റോഡ് കാമറയിൽ പതിഞ്ഞതാണ് പൊല്ലാപ്പായത്. ഈ സ്ത്രീയെ ചൊല്ലി ഭാര്യയും ഭർത്താവും തമ്മിലുണ്ടായ കലഹം ഭാര്യയെ മർദ്ദിക്കുന്നതിൽ വരെ എത്തിയതോടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമനയിലാണ് സംഭവം.
യുവതിയുടെ ഭർത്താവും മറ്റൊരു സ്ത്രീയും കൂടി ഹെൽമെറ്റ് വയ്ക്കാതെ യുവതിയുടെ സ്‌കൂട്ടറിൽ പോയി. ഇതിനു പിന്നാലെ തന്നെ ക്യാമറയിൽ പതിഞ്ഞ ഇരുവരുടേയും ചിത്രം മോട്ടർ വാഹന വകുപ്പിൽ നിന്ന് വണ്ടിയുടെ ആർ.സി ബുക്ക് ഓണറായ യുവതിയുടെ ഫോണിലേക്ക് വന്നു. ഇതോടെ ഭർത്താവിനൊപ്പം കണ്ട സ്ത്രീ ഏതെന്ന് ഭാര്യയ്ക്ക് സംശയമായി. ഭർത്താവ് വീട്ടിലെത്തിയതിന് പിന്നാലെ ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്കായി. ഇതോടെ കുടുംബ കലഹവും മർദ്ദനവും നടന്നു.
വീട്ടുകാർ ഇടപെട്ടെങ്കിലും ഇരുവരും തമ്മിൽ വഴക്ക് രൂക്ഷമായി. ഒടുവിൽ തന്നെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും മർദിച്ചെന്നു കാട്ടി ഭാര്യ നൽകിയ പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരമന പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണു സംഭവം. എ. ഐ കാമറ പണി തുടങ്ങിയതോടെ കുടുംബ കലഹവും തുടങ്ങി. വ്യക്തവും കൃത്യവുമായ ഫോട്ടോയാണ് എഐ കാമറ പകർത്തുന്ത്. നിയമ ലംഘകരുടെ മുഖം വ്യക്തമാകുന്നതാണ് ഫോട്ടോ. ഇതാണ് പൊല്ലാപ്പായത്.
പൊലീസ് പറഞ്ഞത്: യുവാവും സ്ത്രീയും സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ പോകുന്നത് ക്യാമറയിൽ പതിയുകയും ഇതിന്റെ പിഴയും ചിത്രവും ആർസി ഓണറുടെ ഫോണിലേക്കു സന്ദേശമായി എത്തുകയും ചെയ്തു. സ്‌കൂട്ടറിനു പിന്നിലിരുന്ന സ്ത്രീ ആരാണെന്നു ചോദിച്ചു ഭാര്യ വഴക്കുണ്ടാക്കി. വഴിയാത്രക്കാരിയാണെന്നും ലിഫ്റ്റ് നൽകിയതാണെന്നും യുവാവ് പറഞ്ഞെങ്കിലും പ്രശ്‌നം തീർന്നില്ല. തർക്കത്തിനൊടുവിൽ തന്നെയും കുഞ്ഞിനെയും മർദിച്ചെന്നു ഭാര്യ പരാതി നൽകുകയും ഭർത്താവിനെ പിടികൂടുകയും ചെയ്തു.
ഇടുക്കി സ്വദേശിയായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എഐ ക്യാമറയിലൂടെ കിട്ടുന്ന ദൃശ്യങ്ങൾ പ്രധാന കൺട്രോൾ റൂമിൽനിന്ന് ജില്ലാ ആർടിഒ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിലേക്ക് കൈമാറും. അവിടെ നിന്നു നോട്ടിസ് തയാറാക്കി വാഹന ഉടമകൾക്ക് നൽകും. ഇതാണ് യുവാവിനും കുടുംബത്തിനും പാരയായത്.
പ്രധാനമായും ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ, ഇരുചക്ര വാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്. സാധുതയില്ലാത്ത രേഖകളുള്ള വാഹനങ്ങളും പരിശോധിക്കപ്പെടും.