പ്രായം വെറും സംഖ്യകൾ മാത്രം, അതിന് നമ്മുടെ ജീവിതത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ശരീരത്തിനും മനസ്സിനും ഒരുപോലെ ആരോഗ്യം കാത്തുസൂക്ഷിച്ചാൽ ജീവിതാവസാനം വരെ യൗവ്വനം നിലനിർത്താം. ഇത് തെളിയിച്ചിരിക്കുകയാണ് പ്രശസ്ത ഹോളിവുഡ് നടനായ റോബർട്ട് ഡീ നീറോ. തന്റെ 79-ാം വയസ്സിൽ, ഒരു കുഞ്ഞിന്റെ പിതാവായി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഈ ഹോളിവുഡ് താരം.

ഇന്നലെ, ന്യുയോർക്കിൽ, കുട്ടിയുമായി ഡീ നീറോയുടെ കാമുകി ടിഫാനി ചെൻ നടക്കാൻ ഇറങ്ങിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. കുഞ്ഞ് ജനിച്ചിട്ട് ഒരു മാസത്തിൽ താഴെ മാത്രമെ ആകുന്നുള്ളു. താൻ ഏഴാമത്തെ കുട്ടിയുടെ പിതാവായിരിക്കുന്നു എന്ന കാര്യം തുടർന്ന് ഡീ നീറോ തന്നെയാണ് പ്രഖ്യാപിച്ചത്. ഇത് ഒരു അദ്ഭുതമായി ഉണ്ടായതല്ലെന്നും, തങ്ങൾ ആസൂത്രണം ചെയ്തത് തന്നെയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രായത്തിൽ എങ്ങനെ ഗർഭം ആസൂത്രണം ചെയ്യാൻ സാധിക്കും എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, അതെല്ലാം ഓ കെ ആണ് എന്നൊരു മറുപടി മാത്രമായിരുന്നു അദ്ദേഹം നൽകിയത്. ഡീ നീറോയുടെ സഹതാരങ്ങളായ സെബാസ്റ്റ്യൻ മാനിസ്‌കാൽകോ, കിം കാറ്റ്രാൽ എന്നിവരും ഇക്കാര്യത്തിൽ അദ്ഭുതം പ്രകടിപ്പിച്ചു. ഡീ നീറോ ഒരു കുഞ്ഞിന്റെ അച്ഛനാകാൻ പോകുന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണ് അവർ പറഞ്ഞത്.

ഏഴാമത്തെ കുട്ടിയുടെ പിതാവായി എന്നതല്ലാതെ ആ കുട്ടിയുടെ പേരോ, കുട്ടി ആണാണൊ പെണ്ണാണൊ എന്ന കാര്യമോ അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവച്ചില്ല. 2022 ജൂലായിൽ ഒരു ടൂറിസ്റ്റ് കേന്ദത്തിൽ ഡീ നീറോയും ടിഫാനിയും പുണർന്ന് നിൽക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ കാലിഫോർണിയയിൽ വെച്ച് എടുത്ത ഒരു ചിത്രത്തിൽ ടിഫാനി ഗർഭിണിയായിരുന്നതായി കാണാം. തന്റെ മുൻ ഭാര്യയിൽ ഡീ നീറോയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്, 51 വയസ്സുള്ള ഡ്രേനയും 46 വയസ്സുള്ള റാഫേലും.

മുൻ കാമുകി ഗ്രേസ് എലിയട്ടിൽ 25 ഉം 11 ഉം വയസ്സുള്ള രണ്ട് മക്കളുണ്ട്. അതുപോലെ മറ്റൊരു കാമുകിയായ ടൂക്കി സ്മിത്തിൽ 27 വയസ്സുള്ള രണ്ട് ഇരട്ടകളാണ് ഉള്ളത്.