ഴിഞ്ഞ ദിവസമാണ് കേരള ഹൈക്കോടതി ചോദിച്ചത്, പൊലീസിനെന്തിനാ തോക്കെന്ന്. നിരപരാധിയായ ഒരു വനിത യുവ ഡോക്ടറെ കുത്തി കൊലപ്പെടുത്തുന്നത് കണ്ടിട്ടും പ്രാണഭയം കൊണ്ട് അത് തടയാതിരുന്ന കേരള പൊലീസിന് അമേരിക്കൻ പൊലീസ് കാണിച്ചു തരികയാണ് തോക്കിന്റെ ഉപയോഗം എന്താണെന്ന്. 2022 ഏപ്രിലിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ പുറത്തു വിട്ടുകൊണ്ടാണ് ന്യുയോർക്ക് പൊലീസ് ഇത് പറയുന്നത്.

ന്യുയോർക്ക് നഗരത്തിൽ നിന്നും 150 കിലോമീറ്ററോളം മാറിയുള്ള ഹൈഡ് പാർക്കിലായിരുന്നു സംഭവം നടന്നത്. ജാമി ഫീത്ത് എന്ന 34 കാരി തന്റെ പങ്കാളിക്കും മൂന്ന് മക്കൾക്കുമൊപ്പം താമസിച്ചിരുന്ന വീട്ടിൽ പൊലീസ് സംഘം എത്തിയത് കുടുംബ വഴക്ക് തീർക്കാനായിരുന്നു. ഇവർ സംസാരിക്കുന്നതിനീടയിൽ മുറിയിൽ നിന്നും പുറത്ത് പോയ ഫീത്ത് അല്പനേരം കഴിഞ്ഞ് തിരികെയെത്തുന്നു. പിന്നീട് അവരുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു കത്തി വലിച്ച് ഊരുകയാണ്.

ഉടൻ തന്നെ പൊലീസ് കത്തി താഴെയിടാൻ ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല, അടിയന്തര വിഭാഗത്തിലേക്ക് വിളിച്ച് അധിക പൊലീസിനെ അയയ്ക്കാനും തങ്ങളുടെ തോക്കിന് മുൻപിൽ ഒരാളുണ്ടെന്നും പറയുന്നുണ്ട്. ഫീത്തിന്റെ പങ്കാളി വെടിയുതിർക്കരുതെന്ന് അപേക്ഷിക്കുന്നതും വീഡിയോയിൽ കേൾക്കാം തുടർന്ന് കേള്ക്കുന്നത് വെടിയൊച്ചയാണ്. മൊത്തം നാല് തവണയാണ് വെടിയുതിർത്തത്. അപ്പോഴെല്ലാം ഫീത്തിന്റെ പങ്കാളി കരഞ്ഞുകൊണ്ട് അരുതേ എന്ന് അപേക്ഷിക്കുന്നതും അതിൽ കേൾക്കാം.

ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് യൂണിഫോം ക്യാമറയിൽ പതിഞ്ഞ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തായിരിക്കുന്നത്. ഫീത്ത് സംഭവ സ്ഥലത്ത് വച്ചു തന്നെ മരണമടയുകയായിരുന്നു. ഈ സംഭവം നടക്കുന്നതിന് ഒരു മാസം മുൻപായിരുന്നു പൊലീസുകാർ ബോഡി ക്യാമറ ധരിക്കാൻ തുടങ്ങിയത്.

കത്തിയുമായി ആക്രമിച്ചേക്കും എന്നതിനാലാണ് വെടിവച്ചത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, ഇതിനു പിന്നിൽ ഗൂഢാലോചന മണക്കുകയാണ് മറ്റു ചിലർ. ഏതാണ്ട് തന്റെ മരണം വരെ ഫീത്ത് സമൂഹമാധ്യമങ്ങളിൽ കോവിഡ് 19 ന് പുറകിലുള്ള ഗൂഢാലോചനകളെ കുറിച്ച് പോസ്റ്റ് ഇടുമായിരുന്നു.

വാക്സിൻ പദ്ധതിയെ മാനവരാശിക്ക് എതിരെയുള്ള ഒരു കുറ്റകൃത്യമായിട്ടായിരുന്നു അവർ വിശേഷിപ്പിച്ചിരുന്നത്. മാത്രമല്ല, ഫാർമസ്യുട്ടിക്കൽ കമ്പനികളെ നാസി ഡോക്ടർമാരോടും അവർ ഉപമിച്ചിരുന്നു.