- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് മോഖ അതിതീവ്ര ചുഴലിക്കാറ്റായി; ഇനിയും ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്; കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയും മിന്നലും കാറ്റോട് കൂടിയ മഴയും; ബംഗാളിൽ കനത്ത ജാഗ്രത; ദേശീയ ദുരന്ത നിവാരണ സേന രംഗത്ത്; പെരുമഴ തുടരും
ന്യുഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് മോഖ അതിതീവ്ര ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന അതി തീവ്രചുഴലിക്കാറ്റ് മധ്യ -കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത ഏറെയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അടക്കം ശക്തമായ മഴ പെയ്തിരുന്നു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. യെമനിലെ ഒരു മത്സ്യത്തൊഴിലാളി ഗ്രാമത്തിന്റെ പേരാണ് ചുഴലിക്കാറ്റിന് നൽകിയ 'മോഖ' എന്ന പേര്. കോഫി ഉത്പാദനത്തിലും പ്രശസ്തമാണ് ഈ ഗ്രാമം. ഈ പേരാണ് പുതിയ കാറ്റിന് ഇട്ടിരിക്കുന്നത്.
മെയ് 14 ഓടെ ശക്തി കുറയുന്ന 'മോഖ' ചുഴലിക്കാറ്റ് അന്നേ ദിവസം ഉച്ചയോടെ കോക്സ് ബസാറി ( ബംഗ്ലാദേശ് ) നും ക്യൗകപ്യൂ ( മ്യാന്മർ ) ഇടയിൽ പരമാവധി മണിക്കൂറിൽ 175 കിലോമീറ്റർവേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മുന്നറിയിപ്പിനെ തുടർന്ന് ബംഗാളിൽ ജാഗ്രത നിർദ്ദേശം നൽകി. എൻഡിആർഎഫിന്റെ എട്ട് ടീമുകളെയും 200 രക്ഷാപ്രവർത്തകരെയും സംസ്ഥാനത്ത് വിന്യസിച്ചു. ഏത് അടിയന്തര സാഹചര്യം നേരിടാനും തയ്യാറാണെന്ന് എൻഡിആർഎഫ് വ്യക്തമാക്കി.
ജാഗ്രത നൽകിയിരിക്കുന്ന മേഖലകളിലെല്ലാം തീരദേശ സേനയേയും വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനൊപ്പം ബംഗ്ലാദേശ്- മ്യാന്മർ അതിർത്തിയിൽ കനത്ത മഴയും പ്രവചിക്കുന്നുണ്ട്. ത്രിപുര, മിസോറാം, നാഗാലാൻഡ്, മണിപ്പുർ, ദക്ഷിണ അസ്സം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ മോഖ മധ്യബംഗാൾ ഉൾക്കടലിൽ അതിതീവ്ര ചുഴലിക്കാറ്റായി ശക്തമാകാൻ സാധ്യതയുണ്ട്. ഞായറാഴ്ചയോടെ ശക്തി കുറയും. ? മെയ് 12 മുതൽ 14 വരെ വടക്കുകിഴക്ക് ബംഗാൾ ഉൾക്കടലിലും മധ്യബംഗാൾ ഉൾക്കടലിലും അന്തമാൻ കടലിലും മത്സ്യത്തൊഴിലാളികൾ പോകരുതെന്ന നിർദേശമുണ്ട്.
ഇത് ചെറുകിട കപ്പലുകൾ, ബോട്ടുകൾ, ട്രോളറുകൾ എന്നിവയ്ക്കും ബാധകമാണ്. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
മറുനാടന് മലയാളി ബ്യൂറോ