റോം: കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മത്ത് മക്കളായി ജനിക്കുക എന്ന് പറയാറുണ്ട്. അക്കാര്യം അറിഞ്ഞിട്ടാണോ എന്നറിയില്ല, ഇറ്റലിക്കാരൊക്കെ മക്കളെ വേണ്ട എന്ന് വയ്ക്കുകയാണ്. തുടർച്ചയായി 14 മത്തെ വർഷമാണ് ഇറ്റലിയിൽ നവജാത ശിശുക്കളുടെ എണ്ണത്തിൽ ഇടിവ് വരുന്നത്. 2022 ൽ ഇറ്റലിയിൽ ജനിച്ചത് കേവലം 4 ലക്ഷത്തിൽ താഴെ കുഞ്ഞുങ്ങൾ മാത്രം.

സ്വന്തം കുഞ്ഞുങ്ങളെ ലാളിക്കുന്നതിലും സ്നേഹിക്കുന്നതിലും അധികമായി ഇറ്റലിക്കാർ സന്തോഷം കണ്ടെത്തുന്നത് വളർത്ത് മൃഗങ്ങളെ ലാളിക്കുമ്പോഴാണത്രെ. ഇക്കാര്യം സൂചിപ്പിച്ചു കൊണ്ടായിരുന്നു ഇറ്റലിയിൽ മക്കളുടെ സ്ഥാനം പട്ടികളും പൂച്ചകളും ഏറ്റെടുത്തിരിക്കുന്നു എന്ന് പോപ്പ് ഫ്രാൻസി പറഞ്ഞത്. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച റോമിൽ നടന്ന റോം കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹം ഈ പരാമർശം നടത്തിയത്.

ഇതിന് അടിവരയിടുന്ന ഒരു സംഭവ കഥ കൂടി അദ്ദേഹം പറഞ്ഞു. ഒരിക്കൽ ഒരു യുവതി തന്നെ സമീപിച്ചത് അവരുടെ നായ്ക്കുട്ടിയെ വെഞ്ചരിക്കാൻ ആയിരുന്നത്രെ! തന്നെ കാണാൻ എത്തിയ യുവതിയെ താൻ സ്നേഹത്തോടെ തന്നെ സ്വീകരിച്ചു എന്ന് അദ്ദേഹം പറഞ്ഞു. അടുത്തെത്തിയ യുവതി അവരുടെ കൈയിൽ ഇരുന്ന ബാഗ് തുറന്ന് എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണം എന്നാവശ്യപ്പെട്ടത്രെ. അതിനകത്തേക്ക് നോക്കിയപ്പോൾ കാണാൻ കഴിഞ്ഞത് ഒരു കുഞ്ഞ് നായ്ക്കുട്ടിയെ ആയിരുന്നു.

അപ്പോൾ താൻ ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്ന് പോപ്പ് പറയുന്നു. താൻ അവരെ കണക്കിന് ശകാരിച്ചു. ലോകത്ത് എത്ര ലക്ഷം കുട്ടികളാണ് ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ദുരിതം അനുഭവിക്കുന്നത് എന്നറിയാമോ എന്ന് പോപ്പ് ആ യുവതിയോട് ചോദിച്ചു. അപ്പോഴാണ് ഒരു നായ്ക്കുഞ്ഞുമായി അനുഗ്രഹം തേടിയെത്തുന്നത് എന്നും അദ്ദേഹം അവരെ കുറ്റപ്പെടുത്തി.

ഇറ്റലിയിൽ ഭരണകൂടവും ഇക്കാര്യത്തിൽ കടുത്ത ആശങ്കയിലാണ് അടുത്ത രണ്ട് പതിറ്റാണ്ടുകൾക്കുള്ളിൽ ഇറ്റാലിയൻ ജനസംഖ്യ കാര്യമായി കുറയും എന്നാണ് വിദഗ്ധരുടെ പ്രവചനം.അങ്ങനെ കുറയുന്ന പക്ഷം അടുത്ത് 20 വർഷം കൊന്റ് ഇറ്റലിയുടെ ജി ഡി പി 18 ശതമാനത്തോളം ഇടിയും എന്ന് സാമ്പത്തിക കാര്യ മന്ത്രി, ജിയാൻകാർലോ പറയുന്നു. ഒരുപക്ഷെ നെറികെട്ട സമ്പദ്വ്യവസ്ഥയായിരിക്കാം പുതിയ തലമുറയെ കുട്ടികൾ ഉണ്ടാകുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത് എന്ന് മാർപാപ്പയും പറയുന്നു.

ജീവിത ചെലവുകൾ വർദ്ധിക്കുന്നു, ആവശ്യത്തിന് ശിശു സംരക്ഷണം ഭരണകൂടം ഉറപ്പാക്കുന്നില്ല, വാടക കുതിച്ചുയരുന്നു ഇതൊക്കെ പുതിയതായി കുടുംബ ജീവിതം ആരംഭിക്കുന്നവർക്ക് മുൻപിലുള്ള വെല്ലുവിളികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥിരമായ ജോലിയില്ല, ഉള്ളത് നിലനിർത്തിക്കൊണ്ടു പോകാൻ പാടുപെടുന്നു, വിലകൂടിയ വീടുകൾ, ഉയർന്ന വാടക, ആവശ്യത്തിനു തികയാത്ത വേതനം, ഇതൊക്കെയാണ് യഥാർത്ഥ പ്രശ്നങ്ങൾ എന്ന് അദ്ദേഹം ചൂണ്ടികാട്ടുന്നു.

ആവശ്യമായ തിരുത്തലുകൾ വരുത്താൻ തയ്യാറാകാത്ത സ്വതന്ത്ര വിപണി ഇപ്പോൾ തീർത്തും വന്യമായ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയിലെ സ്‌കൂൾ കുട്ടികളുടെ എണ്ണത്തിൽ അടുത്ത ഒരു പതിറ്റാണ്ടിൽ പത്ത് ലക്ഷം പേരുടെ കുറവു വരുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞിരുന്നു. ജനസംഖ്യ കുറയുന്നതിനനുസരിച്ച്, സാമ്പത്തിക ഉദ്പാദനക്ഷമതയും കുറയും. മാത്രമല്ല, വൃദ്ധജനങ്ങളുടെ ക്ഷേമത്തിനായി ചെലവ് വഹിക്കാൻ യുവാക്കളുടെ എണ്ണത്തിൽ കുറാവ് വരികയും ചെയ്യും.

എന്നാൽ, ഇതിനൊക്കെയുള്ള പരിഹാരമായി വളർത്തു മൃഗങ്ങളെ ലാളിക്കുന്നതിനെയും പോപ്പ് ചോദ്യം ചെയ്തു. അവയെ വളർത്തുവാനും ചെലവേറെയുണ്ട്. പിന്നെന്തുകൊണ്ട് സ്വന്തം കുട്ടികളേക്കാൽ വളർത്ത് മൃഗങ്ങൾക്ക് പരിഗണന നൽകുന്നു എന്നും അദ്ദേഹം ചോദിച്ചു. ഇത് തികഞ്ഞ സ്വാർത്ഥതയാണ്, ഒരു തലമുറ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നതാണ് അദ്ദേഹം തുടർന്നു. മാതൃത്വവും പിതൃത്വവും അതിന്റെ എല്ലാം മധുര കയ്പുകളോടും കൂടി ആസ്വദിക്കുന്നതിൽ നിന്നും മനപ്പൂർവം വിട്ടുനിൽക്കുന്നത് മനുഷ്യരിലെ മനുഷ്യത്വത്തെ ഇല്ലാതെയാക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.