കണ്ണൂർ: രണ്ടുഭാര്യമാർ സ്വത്തിന് അവകാശവാദവുമായി രംഗത്തു വന്നതിനെ തുടർന്ന് മുൻ പ്രവാസിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് വൈകി. കണ്ണൂർ ട:ൗൺ പൊലിസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ചൊവ്വ സ്വദേശിയായ മധ്യവയസ്‌കന്റെ മൃതദേഹമാണ് അവകാശ തർക്കത്തെ തുടർന്ന് സംസ്‌കരിക്കാൻ വൈകിയത്.

വ്യാഴാഴ്‌ച്ച വൈകുന്നേരമാണ് അസുഖബാധിതനായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന മധ്യവയസ്‌കൻ മരണമടഞ്ഞത്. മരണവിവരമറിഞ്ഞതോടെ പരേതന്റെ സഹോദരങ്ങളും ആദ്യഭാര്യയും രണ്ടാം ഭാര്യയുടെ ബന്ധുക്കളും അവകാശതർക്കവുമായി രംഗത്തെത്തുകയായിരുന്നു. മൃതദേഹം സംസ്‌കരിക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന് വാദവുമായി മൂവർ സംഘവും രംഗത്തുവന്നതോടെ രംഗം വഷളായി.

ഇതേ തുടർന്ന് ഉടമസ്ഥനാരെന്നു തെളിയിക്കപ്പെടാതെ മൃതദേഹം പുതിയ വാർഡിലെ ബെഡിൽ അനാഥമായി കിടന്നു. ആദ്യഭാര്യയും കുട്ടിയുമാണ് ഇയാളോടൊപ്പം ആശുപത്രിയിലുണ്ടായിരുന്നത്. എന്നാൽ മരണം നടന്നതിനു ശേഷം അവകാശവാദവുമായി ചിലർ രംഗത്തുവരികയായിരുന്നു. ഇതിനിടെയാണ് മധ്യവയസ്‌കൻ ആദ്യഭാര്യയുമായി ബന്ധം വേർപെടുത്തിയതാണെന്ന വാദം ഉയർന്നത്. എന്നാൽ ഇതു തെളിയിക്കാനുള്ള രേഖകൾ ഇവരുടെ കൈവശമുണ്ടായിരുന്നില്ല. ഇതോടെയാണ് തർക്കം തുടർന്നത്.

വിവരമറിഞ്ഞ് സിറ്റി പൊലിസും വനിതാ പൊലിസും കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തി പ്രശ്നത്തിൽ ഇടപെട്ടുവെങ്കിലും ഒത്തുതീർപ്പായില്ല. രാത്രി വൈകുവോളം തർക്കം തുടരുകയുമായിരുന്നു. ഒടുവിൽ സ്വത്ത് തർക്കത്തിൽ തീരുമാനം പിന്നീടാകാമെന്നും സംസ്‌കാരം നടക്കട്ടെയെന്ന കർശനനിലപാടുമായി പൊലിസ് രംഗത്തുവന്നു. ഇതോടെയാണ് വെള്ളിയാഴ്‌ച്ച രാവിലെ മൃതദേഹം സംസ്‌കരിക്കാൻ ധാരണയായത്. മരണപ്പെട്ടയാളുടെ സഹോദരങ്ങളാണ് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചത്.