കണ്ണൂർ: പാനൂർ നഗരസഭയും തൊട്ടടുത്ത അഞ്ചു പഞ്ചായത്തുകളും കീറിമുറിച്ചു പോകുന്ന കൃത്രിമജലപാതയ്ക്കെതിരെ കുടിയിറക്കപ്പെടുന്നവരുടെ ജനരോഷം വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സി.പി. എമ്മിന് തിരിച്ചടിയായേക്കും. സർക്കാരിനെതിരെ മറ്റുരാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങിയപ്പോൾ സി.പി. എമ്മിന്റെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സ്വന്തം സർക്കാരിനെതിരെ സമരം ചെയ്യേണ്ട അവസ്ഥയിലാണ്.

സി.പി. എമ്മുകാരിയും പാനൂർബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ. ശൈലജയുൾപ്പെടെ സമരരംഗത്ത് സജീവമാണ്. പാർട്ടി ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടുപോകുമെന്നതിനാൽ സി.പി. എം പാനൂർ ഏരിയാകമ്മിറ്റിയുടെ രഹസ്യനിർദ്ദേശത്തെ തുടർന്നാണ് ഇവരടക്കമുള്ള ജനപ്രതിനിധികൾ സമരരംഗത്തിറങ്ങിയതെന്നാണ് സൂചന. കഴിഞ്ഞ കുറച്ചു മാസങ്ങളായി പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കൃത്രിമ ജലപാതയ്ക്കെതിരെ പാനൂരിൽ ജനകീയപ്രതിഷേധം ശക്തമായിരിക്കുകയാണ്. പാർട്ടി കുടുംബങ്ങൾ വരെ സമരരംഗത്തിറങ്ങുന്ന അപൂർവ്വ കാഴ്ചയാണ് പാനൂരിൽ കാണാൻ കഴിയുന്നത്.

കഴിഞ്ഞ ദിവസം പിറന്ന മണ്ണും ജനിച്ച വീടും നഷ്ടമാകാതിരിക്കാൻ ജാതി മത രാഷ്ട്രീയ ഭേദമന്യേ കൈ കോർത്ത് അഞ്ചു പഞ്ചായത്തുകളിലെയും പാനൂർ നഗരസഭയിലെയും ജനങ്ങൾ കൈകോർത്ത് പാനൂർ നഗരസഭാ ഓഫിസ് മുതൽ പന്ന്യന്നൂർ പഞ്ചായത്ത് ഓഫിസ് വരെ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ മനുഷ്യശ്യംഖല തീർത്ത് സർക്കാരിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

പാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ പന്ന്യന്നൂർ പഞ്ചായത്ത് ഓഫിസിന് മുൻപിൽ ആദ്യ കണ്ണിയായും പാനൂരിൽ പാനൂർ നഗരസഭാ ചെയർമാൻ വി. നാസർ അവസാനകണ്ണിയായും മനുഷ്യശ്യംഖലയിൽ അണിനിരന്നു. സ്ത്രീകളും കുട്ടികളും വയോധികരുമടങ്ങുന്ന ആ ബാലവൃദ്ധം ജനങ്ങളാണ് മനുഷ്യശ്യംഖലയിൽ അണിനിരന്നത്. ജീവിക്കാനുള്ള അവകാശങ്ങൾക്കായി പോരാടുന്ന ഈ മനുഷ്യരെ മറന്ന് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന കൃത്രിമ ജലപാത പദ്ധതിയിൽ നിന്ന് ഉടൻ പിന്മാറണമെന്ന് തുടർന്ന് പാനൂർ നഗരസഭാ ഓഫിസിന് മുൻപിൽ നടന്ന പ്രതിഷേധ പൊതുയോഗത്തിൽ സജീവ് ജോസഫ് എംഎ‍ൽഎ ആവശ്യപ്പെട്ടു. എംഎ‍ൽഎ. കൃത്രിമ ജലപാതക്കെതിരെ സംയുക്ത സമരസമിതി പാനൂരിൽ സംഘടിപ്പിച്ച മനുഷ്യശൃംഖല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്.മഞ്ഞ കുറ്റികൾ ഇന്ന് മനുഷ്യന്റെ ഉറക്കം നഷ്ടപ്പെടുത്തുകയാണ്. ജനദ്രോഹപദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ കാട്ടുന്ന വ്യഗ്രത സംശയാസ്പദമാണെന്നും, കൃത്രിമ ജലപാത പദ്ധതി മാറ്റി വെച്ച്, മറ്റ് ജലസ് ത്രോസുകൾ ഉപയോഗപ്പെടുത്തി ജലപാത നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്നു് ആരംഭിച്ച മനുഷ്യശൃംഖലയിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ ആദ്യ കണ്ണിയായി.വിവിധ മേഖലകമ്മറ്റികൾ നിശ്ചയിക്കപ്പെട്ട ഇടങ്ങളിൽ ശൃംഖലയിൽ അണിനിരന്നു. ജനപ്രതിനിധികൾ, സമരസമിതി നേതാക്കൾ എന്നിവർ പാനൂർ നഗരത്തിൽ മനുഷ്യശൃംഖലയിൽ കൈ കോർത്തിരുന്നു. പാനൂർ നഗരസഭ ചെയർമാൻ വി.നാസർ അവസാന കണ്ണിയായി. ജലപാത പദ്ധതിക്കെതിരെ സാമൂഹ്യ പ്രതിജ്ഞയും നടന്നു.പ്രതിഷേധത്തിന്റെ ചങ്ങലകൾ ഉരുക്കു കോട്ടകളാക്കി തീർത്ത് സംയുക്ത സമരസമിതി നടത്തിയ മനുഷ്യശൃംഖല സർക്കാറിന് ശക്തമായ താക്കീതായി മാറിയിട്ടുണ്ട്.

കൊലപാതക രാഷ്ട്രീയത്തിന് കുപ്രസിദ്ധമായ പാനൂരിൽ ചരിത്രത്തിലില്ലാത്ത ജനകീയ മുന്നേറ്റമാണ് ദൃശ്യമാവുന്നത്. കൂത്തുപറമ്പ് മണ്ഡലം എംഎൽഎയായ കെ.പി മോഹനന്റെ പാർട്ടി സമരരംഗത്തുണ്ടെങ്കിലും എംഎൽഎ ഇതുവരെ പരസ്യമായി രംഗത്തുവന്നിട്ടില്ല. എന്നാൽ മറ്റുപാർട്ടികൾ മുഴുവൻ ജലപാതയ്ക്കെതിരെയുള്ള സമരരംഗത്താണുള്ളത്. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. കേരളത്തിലെ പ്രധാനമനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകരൊക്കെ സമരത്തിന് പിൻതുണ പ്രഖ്യാപിച്ചുകൊണ്ടു രംഗത്തു വന്നിട്ടുണ്ട്. സി. ആർ നീലകണ്ഠൻ, ഡോ.ഡി.സുരേന്ദ്രനാഥ് ഉൾപ്പെടെ സമരത്തിന് പിൻതുണ പ്രഖ്യാപിച്ചു കൊണ്ടു വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പാനൂരിലെത്തിയിരുന്നു.