കണ്ണൂർ: കൊച്ചി ബ്രഹ്‌മപുരം മോഡലിൽ കണ്ണൂർ കോർപറേഷൻ പരിധിയിലെ ചേലോറയിലും മാലിന്യ കൂമ്പാരത്തിലുണ്ടായ വൻതീ പിടിത്തത്തിൽ വിഷപുക കിലോമീറ്ററുകളോളം പടർന്നു. ഇതുകാരണം ചേലോറയിലെ നൂറോളം വീട്ടുകാർക്ക് ഞായറാഴ്‌ച്ച പുലർച്ചെ മുതൽ വിഷപുക ശ്വസിക്കേണ്ടി വന്നു.

കണ്ണൂർ കോർപ്പറേഷനിലെ മാലിന്യ പ്‌ളാന്റ് സ്ഥിതി ചെയ്യുത്ത ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലാണ് വൻ തീപിടിത്തമുണ്ടായത്. കൊച്ചിയിലെ ബ്രഹ്‌മപുരത്തിന് സമാനമായി ടൺ കണക്കിന് പ്‌ളാസ്റ്റിക്ക് മാലിന്യങ്ങൾ ഇവിടെയും കത്തി അമർന്നു. ഞായറാഴ്‌ച്ച പുലർച്ചെ മൂന്നരമണിക്കാണ് സംഭവം. തീ ആളി പടരുന്നത് കണ്ടു പ്രദേശവാസികളാണ് കോർപറേഷൻ അധികൃതരെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചത്.

ഉടൻ കണ്ണൂരിൽ നിന്നും മൂന്ന് യുനിറ്റ് ഫയർഫോഴ്‌സെത്തി തീയണക്കൽ തുടങ്ങി. ട്രഞ്ചിങ് ഗ്രൗണ്ടിൽ നിന്നും മാനംമുട്ടെ പടർന്നു പിടിച്ച തീ മണിക്കൂറുകളോളം ഫയർഫോഴ്‌സ് നടത്തിയ ശ്രമഫലമായാണ് നിയന്ത്രണ വിധേയമാക്കിയത്. പ്‌ളാസ്റ്റിക്ക് മാലിന്യ മുൾപ്പെടെയാണ് കത്തി നശിച്ചത്. ഏക്കറുകളോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ട്രഞ്ചിങ് ഗ്രൗണ്ടിൽ തന്നെയാണ് കോർപറേഷൻ മാലിന്യ സംസ്‌കരണ പ്‌ളാന്റുമുള്ളത്.

പ്‌ളാസ്റ്റിക്ക് മാലിന്യ മുൾപ്പെടെ കത്തിയമർന്നതു കാരണം ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്ത് താമസിക്കുന്ന വീട്ടുകാർക്കും വിഷപുക ശ്വസിക്കേണ്ടതായി വന്നു. തലശേരി, മട്ടന്നൂർ, ഇരിട്ടി എന്നിവടങ്ങളിൽ നിന്നും ഓരോ യുനിറ്റ് ഫയർഫോഴ്‌സ് തീ അണക്കാൻ എത്തിയിരുത്തി. അഗ്‌നിശമന സേനാ വിഭാഗം കണ്ണൂർ റീജിനൽ ഓഫീസർ പി. രഞ്ജിത്ത് അസി. ഫയർ ഓഫിസർമാരായ വേണുഗോപാൽ, രാജീവൻ , തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. തീപിടിത്തമുണ്ടായ ട്രഞ്ചി ീ ഗ് ഗ്രൗണ്ട് മേയർ ടി.ഒ.മോഹനൻ സന്ദർശിച്ചു.

സംഭവത്തിന് അട്ടിമറിയുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. തീ പിടിത്തത്തെ കുറിച്ച് ചക്കരക്കൽ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ കഴിഞ്ഞ കാലങ്ങളിൽ തുടർച്ചയായ തീപിടിത്തങ്ങളാണ് നടന്നു വരുന്നത്. ഇതേ തുടർന്നാണ് സംഭവത്തിൽ അട്ടിമറിയുണ്ടെന്ന് ആരോപിച്ചു മേയർ ഉൾപെടെയുള്ള ഭരണ സമിതി രംഗത്തുവന്നത്.