അടൂർ: റോഡ് തരാമെന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചു വരുത്തി പാർട്ടി ജില്ലാ സെക്രട്ടറിയെ കൊണ്ട് രക്തഹാരം അങ്ങോട്ടിട്ട് ചെങ്കൊടിയും പിടിപ്പിച്ചു. പിറ്റേന്ന് പാർട്ടി പത്രത്തിൽ 20 കോൺഗ്രസ് കുടുംബങ്ങൾ സിപിഎമ്മിൽ ചേർന്നുവെന്ന് വാർത്തയും നൽകി. തങ്ങൾ പോലുമറിയാതെ തങ്ങൾ സിപിഎമ്മായെന്ന് അറിഞ്ഞ് കുടുംബങ്ങൾ പ്രതിഷേധിച്ചതോടെ സിപിഎമ്മിന് സോഷ്യൽ മീഡിയയിൽ പൊങ്കാല.

കടമ്പനാട് പഞ്ചായത്ത് മൂന്നാം വാർഡിൽ മലങ്കാവ് തറാരുവിള ഭാഗത്ത് നിന്നും 20 കുടുംബങ്ങൾ കോൺഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം ചേർന്നുവെന്നും അവരെ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു രക്തപതാക നൽകി സ്വീകരിച്ചുവെന്നുമായിരുന്നു വാർത്ത. പിറ്റേന്ന് പാർട്ടി പത്രത്തിൽ വാർത്ത വന്ന വിവരം രണ്ടു ദിവസം കഴിഞ്ഞ് ആരോ പറഞ്ഞാണ് നാട്ടുകാർ അറിഞ്ഞത്. ഇതിനോടകം സോഷ്യൽ മീഡിയയിലും ഈ വിവരം പ്രചരിച്ചു.

പ്രദേശത്തു കൂടി പോകുന്ന കനാൽ റോഡ് ശരിയാക്കി തരാമെന്ന് പറഞ്ഞാണ് സിപിഎമ്മിന്റെ വനിതാ നേതാവ് പ്രദേശവാസികളെ സമീപിച്ചത്. ഇവരിൽ നിന്ന് ഒപ്പിട്ടു വാങ്ങുകയും ചെയ്തു. അതിന് ശേഷം ഞങ്ങൾ അങ്ങോട്ട് വരാമെന്ന് നാട്ടുകാരെ അറിയിക്കുകയും ചെയ്തു. പ്രദേശത്ത് ഉള്ളവർ ഏറെയും കോൺഗ്രസുകാരാണ്. സിപിഎമ്മുകാർ തന്നെ അവിടെ ഒരു പരിപാടി സംഘടിപ്പിച്ചു. ഈ പഞ്ചായത്തിൽ പോലുമില്ലാത്തവരാണ് അവിടെ വന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഇവിടെ ഉള്ള ഒരു അദ്ധ്യാപികയെ അധ്യക്ഷയാക്കിയാണ് യോഗം ആരംഭിച്ചത്. അവരോടും എന്താണ് സംഗതി എന്ന് പറഞ്ഞിരുന്നില്ലത്രേ.

യോഗത്തിന് മുൻപ് ഒരു ചടങ്ങുണ്ട്. അത് ആദ്യം നടക്കട്ടെ എന്ന് വന്നവർ പറഞ്ഞു. അതനുസരിച്ച് വന്നയാൾ (പിന്നീടാണ് അത് സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു ആണെന്ന് ഇവർക്ക് മനസിലായത്) രക്തഹാരം അവിടെയുള്ളവരെ അണിയിച്ചു. ഒരു ചെങ്കൊടിയും കൈയിൽ കൊടുത്ത് പടവും എടുപ്പിച്ചു. ഫോട്ടോയെടുത്ത് കഴിഞ്ഞപ്പോൾ ചടങ്ങ് കഴിഞ്ഞുവെന്ന് പറഞ്ഞ് അവർ പോവുകയും ചെയ്തു. പാർട്ടി പത്രത്തിലാണ് വാർത്ത വന്നത്. അതു കൊണ്ട് തന്നെ ദിവസങ്ങൾ കഴിഞ്ഞാണ് തങ്ങൾ അറിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു.

വിവരം അറിഞ്ഞ് കോൺഗ്രസ് നേതാക്കൾ സ്ഥലത്ത് വന്നു. അവർ വിവരം പറയുമ്പോഴാണ് നാട്ടുകാർ വിവരം അറിഞ്ഞത്. ഞങ്ങൾ ആരും പാർട്ടി മാറിയിട്ടില്ല. റോഡ് നന്നാക്കിത്തരാമെന്ന് പറഞ്ഞ് മിനിയമ്മാമ്മയാണ് സമീപിച്ചത്. അവർ പറഞ്ഞത് വിശ്വസിച്ചാണ് ഉദയഭാനു എന്നൊരാൾ വന്നപ്പോൾ ഞങ്ങൾ ചെന്നതെന്നും അവർ പറയുന്നു. മിനി അച്ചൻ കുഞ്ഞ് എന്ന ലോക്കൽ കമ്മറ്റിയംഗത്തിന്റെ ചെറുമകൾക്കും ഇവിടെ വച്ച് മാലയിട്ട് സ്വീകരിച്ചിട്ടുണ്ട്. ഈ കുട്ടിയെ തൂവൽ മുക്കിൽ വച്ച് ഒരാഴ്ച മുൻപ് സ്വീകരിച്ചിരുന്നുവെന്ന് പറയുന്നു.

എന്തായാലും സിപിഎമ്മിന്റെ തന്ത്രം തിരിച്ചടിച്ചിരിക്കുകയാണ്. നാട്ടുകാരെ പറ്റിച്ചതിനെതിരേ സോഷ്യൽ മീഡിയയിൽ പൊങ്കാല കൊഴുക്കുകയാണ്. കോൺഗ്രസ് നേതൃത്വം സിപിഎമ്മിന്റെ തരം താണ പ്രവൃത്തി പൊളിച്ച് രംഗത്തു വന്നിരിക്കുകയാണ്.