- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തിൽ ഏഴും ക്രൈസ്തവർ; പേരിനൊരു ഈഴവനും രണ്ട് നായരും; മുസ്ലിം-പട്ടികജാതി പ്രാതിനിധ്യമില്ല; പിജെ കുര്യന്റെ പി.എയ്ക്കും കിട്ടി ഒരെണ്ണം: ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുടെ പട്ടിക പുറത്തു വന്നതിന് പിന്നാലെ പത്തനംതിട്ടയിൽ പൊട്ടിത്തെറി
പത്തനംതിട്ട: ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക ഇന്നലെ രാത്രി പുറത്തു വന്നതിന് പിന്നാലെ ജില്ലയിലെ കോൺഗ്രസിൽ പൊട്ടിത്തെറി. പത്തിൽ ഏഴും ക്രൈസ്തവർ. രണ്ടു നായരും ഈഴവനും പട്ടികയിൽ സ്ഥാനം പിടിച്ചപ്പോൾ മുസ്ലിം, പട്ടികജാതി പ്രാതിനിധ്യം പാടേ ഒഴിവാക്കി. പി.ജെ. കുര്യന്റെ പി.എയ്ക്കും കിട്ടി പ്രസിഡന്റ് സ്ഥാനം.
ന്യൂനപക്ഷങ്ങളുടെയും പട്ടികജാതിക്കാരുടെയും സംരക്ഷകരെന്ന് ഊറ്റം കൊള്ളുന്ന കോൺഗ്രസ് പാർട്ടി അവരെ പാടേ തഴഞ്ഞതിലാണ് പ്രതിഷേധം. പി.ജെ. കുര്യനാണ് ഇത്തരമൊരു പട്ടികയ്ക്ക് പിന്നിലെന്ന് ആക്ഷേപമുയർന്നു. പഴകുളം മധു, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ എന്നിവർക്കുമെതിരേ വിമർശനം ഉയർന്നിട്ടുണ്ട്. തിരുവല്ല-ഈപ്പൻ കുര്യൻ, മല്ലപ്പള്ളി- എബി മേക്കരിങ്ങാട്ട്, എഴുമറ്റൂർ-ഡോ. പി.കെ. മോഹൻരാജ്, റാന്നി അഡ്വ. തോമസ് ടി. മാത്യൂസ്, കോന്നി-ദീനാമ്മ റോയ്, തണ്ണിത്തോട്-ആർ. ദേവകുമാർ, ആറന്മുള-എ. ശിവപ്രസാദ്, പത്തനംതിട്ട-ജെറി സാം മാത്യു, അടൂർ-എസ്. ബിനു, പന്തളം-സഖറിയ വർഗീസ് എന്നിവരാണ് പുതിയ ബ്ലോക്ക് പ്രസിഡന്റുമാർ.
ഇതിൽ ഡോ. പി.കെ. മോഹൻരാജിന്റെ നിയമനത്തെ ചൊല്ലിയാണ് രൂക്ഷ വിമർശനം ഉയരുന്നത്. ഇദ്ദേഹം ആരാണെന്ന് പാർട്ടിക്കുള്ളിൽ തന്നെ ചോദ്യമുയർന്നു. പാർട്ടിയുടെ പരിപാടികളിൽ ഒന്നും കണ്ടിട്ടില്ലാത്ത ഇദ്ദേഹത്തെ ആരുടെ താൽപര്യപ്രകാരമാണ് കെട്ടിയിറക്കിയിരിക്കുന്നതെന്നും നേതാക്കൾ ആശ്ചര്യം പ്രകടിപ്പിക്കുന്നു. ഡിസിസി പ്രസിഡന്റ് മുൻകൈയെടുത്ത് നിയമിച്ചതാണ് പി.കെ. മോഹൻരാജിനെ എന്നാണ് ആക്ഷേപം. മുസ്ലിം, പട്ടികജാതി വിഭാഗങ്ങളെ പാടേ അവഗണിച്ചതിൽ പ്രതിഷേധം ശക്തമാണ്. മുസ്ലിം ഭൂരിപക്ഷമുള്ള മേഖലകളിൽ പോലും അവരെ പരിഗണിച്ചിട്ടില്ല.
അതേ സമയം, സമുദായം തിരിച്ച് മുൻപും പ്രസിഡന്റുമാരെ നിശ്ചയിച്ചിട്ടില്ലെന്ന് നേതാക്കളിൽ ഒരു വിഭാഗം പറയുന്നു. പ്രവർത്തന മികവ് നോക്കിയാണ് പ്രസിഡന്റുമാരെ തീരുമാനിക്കുന്നതെന്നും പറയുന്നു. പതിവു പോലെ പി.ജെ. കുര്യന് നേരെയാണ് ആരോപണ ശരങ്ങൾ പ്രധാനമായും ഉയരുന്നത്. കുര്യനൊപ്പം നിഴൽ പോലെ നടക്കുന്ന ഈപ്പൻ കുര്യനെ തിരുവല്ല ബ്ലോക്ക് പ്രസിഡന്റാക്കിയതോടെ വിമർശനങ്ങൾക്ക് ആക്കം കൂടി.
കുര്യന്റെ പെട്ടിയെടുപ്പുകാർക്ക് മാത്രമായി സ്ഥാനമാനങ്ങൾ വീതം വച്ചു കൊടുക്കുകയാണെന്ന് ആക്ഷേപമാണ് ഉയരുന്നത്. കെപിസിസി സെക്രട്ടറി പഴകുളം മധുവും ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിലും രൂക്ഷ വിമർശനം ഏറ്റുവാങ്ങി.
ശ്രീലാല് വാസുദേവന് മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്