- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട്ടിൽ നിന്നും കന്നുകാലികളെ എത്തിച്ചത് കണ്ടെയ്‌നർ ലോറിയിൽ; വേണ്ടത്ര വായൂ സഞ്ചാരം പോലുമില്ലാത്ത ലോറിയിലുണ്ടായിരുന്നത് 21 കന്നുകാലികൾ: മോട്ടോർ വാഹന വകുപ്പ് പിടികൂടിയ കണ്ടെയ്‌നർ പൊലീസിനു കൈമാറി
കൊല്ലം:അനധികൃതമായി കന്നുകാലികളെ കുത്തി നിറച്ചു കൊണ്ടു വന്ന കണ്ടെയ്നർ ലോറി മോട്ടോർ വാഹന വകുപ്പ് പിടികൂടി. ശൂരനാട് ആനയടി ഭാഗത്ത് വച്ചാണ് വാഹനങ്ങൾ കൊണ്ടു പോകുന്ന കണ്ടെയ്നർ ലോറിയിൽ വേണ്ടത്ര വായൂ സഞ്ചാരം പോലുമില്ലാതെ 21 കന്നുകാലികളെ വാഹനത്തിനുള്ളിൽ നിന്നും മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കുന്നത്തൂർ ആർ.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ശ്യാം ശങ്കറും വേണുകുമാറും ആനയടിക്ക് സമീപം വാഹനപരിശോധന നടത്തി വരികയാരുന്നു. ഈ സമയം അതുവഴി കടന്നു പോയ തമിഴ്‌നാട് രജിസ്ട്രേഷൻ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കാണാൻ പറ്റാത്ത വിധമായിരുന്നു. ഇതോടെ വാഹനം തടഞ്ഞു നിർത്തി. നമ്പർ പ്ലേറ്റ് കാണാവുന്ന തരത്തിലാക്കണമെന്നും വാഹനത്തിന്റെ രേഖകളുമായി ആർ.ടി.ഓഫീസിലെത്തണമെന്നും നിർദ്ദേശിച്ചു. വാഹനത്തിലെന്താണെന്ന ചോദ്യത്തിൽ പാഴ്സലാണ് എന്ന മറുപടിയാണ് ലഭിച്ചത്.
വാഹനം പിടിച്ചിട്ടതോടെ പരിഭ്രാന്തരായ ഡ്രൈവറും സഹായിയും വാഹനത്തിനുള്ളിൽ കന്നുകാലികളാണെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. കൂടുതൽ നേരം വാഹനത്തിൽ അവയെ സൂക്ഷിക്കാൻ കഴിയില്ലെന്നും അറിയിച്ചു. ഇതോടെ ഉദ്യോഗസ്ഥർ അടച്ചു മൂടി വാഹനം തുറന്നപ്പോൾ അവശനിലയിലായ കന്നുകാലികളെ കണ്ടെത്തുകയായിരുന്നു. വാഹനത്തിനുള്ളിൽ വായൂ കടക്കുവാനായി ഒരു ചെറിയ ഭാഗം മാത്രം മുകളിൽ തുറന്നിട്ടിട്ടുണ്ടായിരുന്നു. ഡ്രൈവറെയും സഹായിയേയും ചോദ്യം ചെയ്തപ്പോൾ തമിഴ്‌നാട്ടിൽ നിന്നും വയ്യാങ്കര ചന്തയിലേക്കാണ് കന്നുകാലികളെ കൊണ്ടു പോകുന്നതെന്ന് പറഞ്ഞു. ഇതോടെ ഉദ്യോഗസ്ഥർ ശൂരനാട് പൊലീസിനെ വിവരമറിയിക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എത്രയും വേഗം വായൂ സഞ്ചാരം ലഭിക്കുന്ന മറ്റൊരു വാഹനത്തിൽ കന്നുകാലികളെ മാറ്റണമെന്നും നിർദ്ദേശം നൽകി.
വായൂ സഞ്ചാരമുള്ള പ്രത്യേകം ക്യാബിൻ തിരിച്ചുള്ള തുറന്ന വാഹനത്തിലാണ് കന്നുകാലികളെ കൊണ്ടു പോകേണ്ടത്. അതിനാൽ അടച്ചു മൂടിയ കണ്ടെയ്നറിൽ മൃഗങ്ങലെ കൊണ്ടു പോകുന്നത് നിയമവിരുദ്ധമാണ്. അതിനാലാണ് പൊലീസിനെ അറിയിച്ചതും ഡ്രൈവറെ ഇൾപ്പെടെ വാഹനം പൊലീസിന് കൈമാറിയതുമെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്യാം ശങ്കർ മറുനാടനോട് പറഞ്ഞു. കൂടാതെ പെർമിറ്റ് ലംഘനത്തിനും മറ്റും ചെർത്ത് 8,000 രൂപ പിഴ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.