പത്തനംതിട്ട: പെരുനാട്ടിൽ മൂന്നു സ്ത്രീകളെ നായ കടിച്ചു. ആക്രമണകാരിയായ നായയെ തല്ലിക്കൊന്നു. പോസ്റ്റുമോർട്ടം നടത്തിയപ്പോൾ നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

പെരുനാട് ചന്തയ്ക്ക് സമീപം ലോട്ടറി വില്പന നടത്തുകയായിരുന്ന ഉഷാ ഭവനിൽ ഉഷാകുമാരി (58)യെ റോഡിന്റെ സമീപം നിന്നിരുന്ന നായ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയായിരുന്നു. സമീപത്തുള്ളവർ ഓടിക്കൂടിയപ്പോൾ നായ ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കഴുത്തിനാണ് നായ കടിയേറ്റത്. പെരുനാട്ടിൽ തന്നെയുള്ള പൂട്ടിയ സ്വകാര്യ എൻജിനീയറിങ് കോളജിന് സമീപം താമസിക്കുന്ന പൂങ്കാമണ്ണിൽ മറിയാമ്മ (85), കൊച്ചുമകൾ (29) എന്നിവരെയും നായ ആക്രമിച്ചു. മറിയാമ്മയുടെ കണ്ണിന് മുകളിലായി നായ ചാടി കടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ചെറുമകളുടെ കാലിലും പട്ടി കടിച്ചു.

നായയുടെ ആക്രമണത്തിൽ പരുക്കേറ്റ മൂവരെയും പെരുനാട് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊന്നു. ശേഷം പെരുനാട് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് പട്ടിയെ തിരുവല്ല മഞ്ഞാടി വെറ്റിനറി ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്തു. പട്ടിക്ക് പേവിഷ ബാധ ഉള്ളതായി വെറ്റിനറി സർജൻ സ്ഥിരീകരിച്ചതായി പ്രസിഡന്റ് അറിയിച്ചു.

ഒരു വർഷം മുൻപ് അഭിരാമി എന്ന പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചിരുന്നു. നായകളുടെ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് അടിയന്തരമായി ഇടപെട്ട് ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ പറഞ്ഞു.