- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
11 മാസക്കാരനേയും നാലു വയസ്സുകാരനെയും മാറോടണക്കി കൊടുംകാട്ടിലൂടെ നടന്നത് കിലോമീറ്ററുകൾ; കാട്ടിലെ പഴ വർഗ്ഗങ്ങളും കായ്കനികളും തിന്ന് വിശപ്പടക്കി: മെലിഞ്ഞ് എല്ലും തോലുമായി നാലു കുരുന്നുകൾ: ഒരു പോറൽ പോലും ഏൽക്കാതെ കുട്ടികളെ കാത്ത് ആമസോൺ കാട്
വിമാനാപകടം അമ്മയുടേയും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരുടേയും ജീവൻ എടുത്തെങ്കിലും ഏതോ ഒരു അദൃശ്യ ശക്തി ഒരു പോറൽ പോലും ഏൽക്കാതെ ആ നാലു കുരുന്നുകളേയും രക്ഷപ്പെടുത്തി. കൊടുംകാട്ടിൽ ആരോരും ഇല്ലാതെ ഒറ്റപ്പെട്ടുപോയ ആ 13 ഉം 11ഉം നാലു വയസ്സും 11 മാസവം പ്രായമുള്ള കുരുന്നുകൾ ഒരു മനുഷ്യ ജീവിയെ പോലും കാണാതെ ആമസോണിലെ കൊടും കാട്ടിലൂടെ ദിക്കറിയാതെ അലഞ്ഞു. കാട്ടു മൃഗങ്ങളും വിഷ ജന്തുക്കളും എല്ലാം നിറഞ്ഞ കാട്ടിലൂടെ കുട്ടികൾ നടന്നെങ്കിലും അവിടെയും അവരെ ഒരു ആപത്തും കൂടാതെ കാക്കാൻ ആ അദൃശ്യ ശക്തി എത്തി. വെറും 11 മാസവും നാലു വയസ്സുമുള്ള കുഞ്ഞുങ്ങളെ മാറോടണക്കിയായിരുന്നു 13 ഉം 11 ഉം വയസ് പ്രായമുള്ള ആ മുത്ത സഹോദരങ്ങളുടെ യാത്ര.
ഇരുട്ടിന്റെ ഭീതിയിലും ഒറ്റപ്പെടലിലും എല്ലാം അവർ പരസ്പരം സമാധാനിപ്പിച്ചും പൊട്ടിക്കരഞ്ഞും മനുഷ്യവാസം തേടി കാട്ടിലൂടെ അവർ യാത്ര തുടരുകയായിരുന്നു. കുട്ടികൾ ജീവനോടെയുണ്ടെന്ന പ്രതീക്ഷയിൽ കൊളംബിയൻ സൈന്യവും അവരെ തേടി കാട്ടിലൂടെ അലഞ്ഞു. 40 ദിവസത്തെ തിരച്ചിലിനാണ് ഇന്നലെ രാത്രിയിൽ അന്ത്യമായത്. കുട്ടികളെ നാലു പേരെയും യാതൊരു പരിക്കുകളും കൂടാതെ സൈന്യം കണ്ടെത്തുകയായിരുന്നു. വേണ്ടത്ര ഭക്ഷണവും പോഷകാഹാരവും ലഭിക്കാത്തതിനാൽ മെലിഞ്ഞൊട്ടിയ നിലയിലാണ് കുട്ടികൾ. ഇതൊഴിച്ചാൽ നാലു പേർക്കും മറ്റു ശാരീരിക പ്രയാസങ്ങൾ ഒന്നും തന്നെ ഇല്ല. കുട്ടികളെ ജീവനോടെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ലോകം മുഴുവനും. കഴിഞ്ഞ 40 ദിവസമായി ഈ കുരുന്നുകളെ കുറിച്ചുള്ള ആശങ്ക ആയിരുന്നു എവിടെയും.
ഇത്തിരി പോന്ന ഈ കുഞ്ഞുങ്ങളുടെ അവസ്ഥയെ ഓർത്ത് ആശങ്കയിലായിരുന്നു ഒരു രാജ്യം മുഴുവനും. ഇപ്പോൾ എല്ലാവരുടേയും പ്രാർത്ഥന പോലെ തന്നെ കുട്ടികളെ ജീവനോടെ തന്നെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് രാജ്യം. കുട്ടികളെ തിരികെ കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് കൊംബിയൻ പ്രസിഡന്റ് രംഗത്തെത്തി. പ്രതിസന്ധികളെ തരണം ചെയ്ത് കുട്ടികൾക്കായി അന്വേഷണം തുടർന്ന സൈന്യത്തേയും പ്രസിഡന്റ് അഭിനന്ദിച്ചു.
ഇക്കഴിഞ്ഞ മെയ് ഒന്നിനാണ് കുട്ടികളുടെ ജീവിതത്തെ പിടിച്ചുലച്ച വിമാനാപകടം ഉണ്ടായത്. കാട്ടിൽ നിന്ന് ആമസോൺ മഴക്കാടുകളിലെ പ്രധാന നഗരങ്ങളിലൊന്നായ സാൻ ജോസ് ഡെൽ ഗ്വാവിയറിലേക്ക് സഞ്ചരിക്കവേയാണ് വിമാനം നിയന്ത്രണം വിട്ട് തകർന്നത്. വിമാനത്തിൽ ഉണ്ടായിരുന്ന കുട്ടികളുടെ അമ്മയും പൈലറ്റും മറ്റൊരു ആളും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. എന്നാൽ കുട്ടികൾ പരിക്കുകൾ കൂടാതെ രക്ഷപ്പെടുക ആയിരുന്നു. അപകടം സംഭവിച്ച് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് തകർന്ന വിമാന കണ്ടെത്താനായത്. കൂറ്റൻ മരങ്ങളും വന്യമൃഗങ്ങളും കനത്തമഴയും ആമസോൺ മഴക്കാടുകളിലെ സൈന്യത്തിന്റെ തിരച്ചിൽ ദുഷ്‌കരമാക്കിയിരിക്കുന്നു.
വിമാനത്തിന്റെ അവശിഷ്ടങ്ങളും മുതിർന്നവരുടെ മൃതദേഹങ്ങളും കണ്ടെത്താനായെങ്കിലും കുട്ടികളുടെ മൃദേഹം കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഇവർ ജീവനോടെ ഉണ്ടാവാമെന്ന നിഗമനത്തിൽ സൈന്യം എത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടികളുടെ പാൽക്കുപ്പിയും വസ്ത്രങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമെല്ലാം കണ്ടെത്തി. ഇതോടെ കുട്ടികൾക്കായി സൈന്യം തിരച്ചിൽ ഊർജിതമാക്കി. എന്നാൽ കാട്ടിൽ എമ്പാടും തിരഞ്ഞെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. അവർ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിച്ചു കൊണ്ടേ ഇരുന്നു. ഇതോടെ ആദിവാസികളുടെ സഹായത്തോടെ തിരച്ചിൽ ശക്തമാക്കുകയും 40 ദിവസത്തിനു ശേഷം കുട്ടികളെ കണ്ടെത്തുകയുമായിരുന്നു.