ഭൂമിയിലെ മുഴുവൻ സമ്പത്തിന്റെയും ഭൂരിഭാഗം ചുരുക്കം ചിലരുടെ കൈകളിലാണ് എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. ഒരു ഭാഗത്തി പട്ടിണിയും പരിവട്ടവുമായി ചിലർ ജീവിതം തള്ളിനീക്കുമ്പോൾ മറുഭാഗത്ത് ആഡംബരങ്ങളുടെ പൂരക്കാഴ്‌ച്ചകളാണ് കാണാൻ കഴിയുക. ഇപ്പോഴിതാ, ലോകത്തെ ശതകോടീശ്വരന്മാർ താമസിക്കുന്ന സ്ഥലങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തു വരുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാർ താമസിക്കുന്നത് ന്യുയോർക്കിലാണ്. 136 ശതകോടീശ്വരന്മാരാണ് ഇവിടെയുള്ളത്. 2022 ലെ കണക്കുകളെ അടിസ്ഥാനമാക്കി വെൽത്ത് വാല്യൂവേഷൻ കമ്പനിയായ വെൽത്ത് എക്സും അൾട്രേറ്റയും ചേർന്ന് തയ്യാറാക്കിയ പട്ടികയിൽ ന്യുയോർക്കിനെ കൂടാതെ അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയും ലോസ് ഏഞ്ചലസും ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.

രണ്ടാം സ്ഥാനത്ത് ഹോങ്കോംഗ് എത്തിയപ്പോൾ മൂന്നാം സ്ഥാനത്ത് ഉള്ളത് സാൻഫ്രാൻസിസ്‌കോയാണ്. 84 ശതകോടീശ്വരന്മാരാണ് ഈ നഗരത്തിൽ വീടുവച്ച് താമസിക്കുന്നത്. മോസ്‌കോ, ലണ്ടൻ എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. റാങ്കിംഗിൽ മുന്നിട്ട് നിൽക്കുമ്പോഴും അമേരിക്കയിൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ രണ്ട് ശതമാനത്തിന്റെ കുറവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു.

അമേരിക്കയിൽ പൊതുവെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ കുറവുണ്ടായപ്പോൾ സിംഗപ്പൂരിലും റഷ്യയിലും ശതകോടീശ്വരന്മാരുടെ എൺനത്തിൽ വർദ്ധനവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. എന്നിരുന്നാലും, വർത്തമാന കാല സാമ്പത്തിക തകർച്ച കാരണം ആഗോളാടിസ്ഥാനത്തിൽ ശതകോടീശ്വരന്മാരുടെ എണ്ണം കുറഞ്ഞു വരികയാണ്. മറ്റോന്ന്, ആഗോളാടിസ്ഥാനത്തിൽ ശതകോടീശ്വര പട്ടികയിൽ വെറും 12.5 ശതമാനം മാത്രമെ സ്ത്രീകൾ ഉള്ളു എന്നതാണ്.

പ്രായാടിസ്ഥാനത്തിൽ നോക്കിയാൽ 50 വയസ്സിന് താഴെയുള്ള ശതകോടീശ്വരന്മാർ വെറും 9.5 ശതമാനം മാത്രം. 50 നും 70 നും ഇടയിൽ പ്രായമുള്ളവരാണ് 48.2 ശതമാനം ശതകോടീശ്വരന്മാരും. 42.2 ശതമാനം 70 വയസ്സിന് മുകളിൽ പ്രായമുള്ളവരും. മറ്റൊരു കൗതുകകരമായ വസ്തുത, അമേരിക്കയിലെ എട്ട് അതിസമ്പന്നർക്കും കൂടി 2022 ൽ 400 ബില്യൺ ഡോളറിന്റെ നഷ്ടം ഉണ്ടായി എന്നതാണ്. 39 ശതകോടീശ്വരന്മാർ താമസിക്കുന്ന മുംബൈ ഈ പട്ടികയിൽ പത്താം സ്ഥാനത്ത് എത്തിയിട്ടുണ്ട്.