- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാങ്കേതിക തകരാറു കാരണം കരാർ റദ്ദാക്കിയത് റെഗുലേറ്ററി കമ്മീഷൻ; ലോഡ് ഷെഡിങ് ഒഴിവാക്കാൻ 75 ദിവസത്തേക്കുകൂടി ഇതേ കമ്പനികളിൽ നിന്നു വൈദ്യുതി വാങ്ങാൻ അനുമതി നൽകിയത് ബോർഡ് അപേക്ഷയിൽ; ദീർഘകാല കരാർ റദ്ദാക്കൽ തിരിച്ചടിച്ചു; കെഎസ്ഇബിക്ക് 3 കോടി രൂപ പ്രതിദിന അധികബാധ്യത; ഇനിയും വൈദ്യുതി നിരക്കുയർത്താൻ മറ്റൊരു കാരണം കൂടി
തിരുവനന്തപുരം: ഇനിയും വൈദ്യുതി ചാർജ്ജ് കൂടും. വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ റദ്ദാക്കിയതുവഴി വൈദ്യുതി ബോർഡിനു പ്രതിദിന അധികബാധ്യത 3 കോടി രൂപ. പ്രതിദിനം യൂണിറ്റിനു 4.26 രൂപയ്ക്കു വാങ്ങിയിരുന്ന വൈദ്യുതി, സംസ്ഥാന റഗുലേറ്ററി കമ്മിഷന്റെ ഉത്തരവു കാരണം ഇപ്പോൾ ആറര രൂപ മുതൽ 8 രൂപ വരെ നൽകിയാണു കെഎസ്ഇബി വാങ്ങുന്നത്. ഈ അധികബാധ്യത സ്വാഭാവികമായി ഉപയോക്താക്കളുടെ ചുമലിലാണു വരിക. അടുത്ത വർദ്ധനവിൽ ഇതും നിഴലിക്കും.
മുൻ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് 2014-ൽ 25 വർഷത്തേക്ക് വൈദ്യുതിവാങ്ങാൻ മൂന്ന് സ്വകാര്യകമ്പനികളുമായി ഉണ്ടാക്കിയ ദീർഘകാലകരാറുകൾ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയപ്പോൾ ചർച്ചയായത് അഴിമതിയാണ്. ഇവ ചട്ടവിരുദ്ധവും ജനതാത്പര്യത്തിന് എതിരുമാണെന്ന് അധ്യക്ഷൻ ടി.കെ. ജോസ്, അഡ്വ. എ.ജെ. വിൽസൺ എന്നിവരടങ്ങിയ കമ്മിഷൻ അന്ന് വിലയിരുത്തിയത്. ഈ ഇടപാടിൽ അന്വേഷണം വന്നിട്ടില്ല. ബി അശോക് കെ എസ് ഇ ബി ചെയർമാനായിരിക്കുമ്പോഴാണ് ഈ ഇടപാടിലെ കള്ളക്കളി ചർച്ചയാകുന്നത്. ഈ ഇടപാടിന് പിന്നിലെ ദുരൂഹതകൾ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ആ നിലപാട് ശരിവയ്ക്കുകയായിരുന്നു റെഗുലേറ്ററി കമ്മിഷൻ. പക്ഷേ അതും അതേ കമ്പനികൾക്ക് നേട്ടമാകുന്ന തരത്തിലേക്ക് എത്തിച്ചു. അതാണ് കെ എസ് ഇ ബിയിലെ ഇടപെടൽ.
ദീർഘകാല കരാറിലൂടെ 3 കമ്പനികളിൽ നിന്നാണു യൂണിറ്റിന് 4.26 രൂപയ്ക്കു 465 മെഗാവാട്ട് വൈദ്യുതി കേരളം എഴു വർഷമായി വാങ്ങിക്കൊണ്ടിരുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് 25 വർഷത്തെ കരാറിലേർപ്പെട്ടത്. കരാറിൽ സാങ്കേതികപ്പിഴവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി റഗുലേറ്ററി കമ്മിഷൻ ഈ കരാറുകൾ റദ്ദാക്കി. ജാബുവ പവർ ലിമിറ്റഡ്, ജിൻഡാൽ പവർ ലിമിറ്റഡ്, ജിൻഡാൽ തെർമൽ പവർ ലിമിറ്റഡ് എന്നീ കമ്പനികളുമായുള്ള കരാറാണു റദ്ദാക്കിയത്. വൈദ്യുതി കുറഞ്ഞതു കാരണം കെഎസ്ഇബി ലോഡ്‌ഷെഡിങ്ങിനു കമ്മിഷന്റെ അനുമതി തേടി. അങ്ങനെ വമ്പൻ അട്ടിമറിക്കും കളമൊരുങ്ങി.
ലോഡ് ഷെഡിങ് ഒഴിവാക്കാൻ 75 ദിവസത്തേക്കുകൂടി ഇതേ കമ്പനികളിൽ നിന്നു വൈദ്യുതി വാങ്ങാൻ കമ്മിഷൻ അനുമതി നൽകി. കരാർ റദ്ദാവുകയും ഹ്രസ്വകാലത്തേക്കു വാങ്ങുകയും ചെയ്യുന്നതോടെ പഴയ വിലയ്ക്കു വൈദ്യുതി നൽകാനാകില്ലെന്നു കമ്പനികൾ അറിയിച്ചു. ഇതേത്തുടർന്നാണ് ഉയർന്ന വില നൽകുന്നത്. ദിവസം 10 ദശലക്ഷം യൂണിറ്റാണ് ഈ വിലയ്ക്കു വാങ്ങുന്നത്. 75 ദിവസത്തേക്ക് അധികബാധ്യത 225 കോടി രൂപ. സ്വകാര്യ കമ്പനികൾക്കു കോടികളുടെ നേട്ടം. ഇനി ഏകപക്ഷീയമായി കരാർ റദ്ദാക്കിയതിനാൽ കമ്പനികൾക്കു നഷ്ടപരിഹാരവും നൽകേണ്ടിവരും. ഈ അധികബാധ്യത സ്വാഭാവികമായി ഉപയോക്താക്കളുടെ ചുമലിലാണു വരിക.
ദീർഘകാല വൈദ്യുതിവാങ്ങൽ കരാറുകളിൽ ഗുരുതരമായ ചട്ടലംഘനങ്ങളാണ് നടന്നതെന്ന് റെഗുലേറ്റി കമ്മിഷൻ കണ്ടെത്തിയിരുന്നു. 2014 ഡിസംബറിലാണ് 865 മെഗാവാട്ട് വൈദ്യുതിക്കായി ബോർഡ് രണ്ട് ടെൻഡറുകൾ വിളിച്ചത്. അന്ന് ആര്യാടൻ മുഹമ്മദ് ആയിരുന്നു വൈദ്യുതിമന്ത്രി. എം. ശിവശങ്കർ ബോർഡ് ചെയർമാൻ. പോൾ ആന്റണി ആയിരുന്നു ഊർജവകുപ്പിന്റെ സെക്രട്ടറി. കരാർ ഒപ്പുവെച്ചശേഷമാണ് ബോർഡ് റെഗുലേറ്ററി കമ്മിഷനെ സമീപിച്ചത്. 2016-ൽ റെഗുലേറ്ററി കമ്മിഷൻ ഏറ്റവുംകുറഞ്ഞനിരക്ക് നിർദ്ദേശിച്ച കരാറുകൾ മാത്രം അംഗീകരിച്ചു. മറ്റ് കരാറുകളിൽനിന്ന് അന്തിമാനുമതിക്ക് വിധേയമായി താത്കാലികമായി വൈദ്യുതി വാങ്ങാനും അനുമതി നൽകി. ഇതാണ് റദ്ദാക്കിയത്.
ഈ കരാർ നിലനിർത്താൻ വഴിവിട്ട ശ്രമങ്ങളുണ്ടായെന്ന് ഡോ. ബി. അശോക് ആരോപിച്ചതും കരാറിനെ ന്യായീകരിച്ച് പോൾ ആന്റണി രംഗത്തുവന്നതും വിവാദമായിരുന്നു. ചട്ടലംഘനങ്ങളിലൂടെ ജനത്തിന് 25 വർഷംകൊണ്ട് 5926 കോടിരൂപയുടെ അധികബാധ്യതയുണ്ടാക്കുമെന്നായിരുന്നു കണ്ടെത്തൽ. വർഷംതോറുമുള്ള അധികബാധ്യത 237 കോടി രൂപയാണ്. ഏറെ വിവാദമുണ്ടാക്കിയ കരാറുകളിൽ നീണ്ട നിയമപോരാട്ടങ്ങൾക്കുശേഷമാണ് അന്തിമ ഉത്തരവായത്. കമ്മിഷന്റെ തീരുമാനം കെ.എസ്.ഇ.ബി.യിൽ ഗുരുതര പ്രതിസന്ധിയുണ്ടാക്കും.
കമ്മിഷന്റെ കണ്ടെത്തൽ അനുസരിച്ചാണെങ്കിൽ അഞ്ചുവർഷംകൊണ്ട് ഇതിനകം ഏകദേശം 1100 കോടിരൂപ ബോർഡിന് അധികബാധ്യതയുണ്ടായിട്ടുണ്ട്. ഈ പണമാണ് സാധാരണക്കാരിൽ നിന്നും സർ ചാർജ്ജും മറ്റുമായി പിരിച്ചെടുക്കുന്നത്. ഈ ഇടപാടിലും ശിവശങ്കറാണ് പ്രധാന പ്രതി. അതുകൊണ്ട് തന്നെ ശിവശങ്കറിനെ രക്ഷിക്കാൻ സർക്കാർ നടപടികൾ തുടരും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ശിവശങ്കറിന് ക്ലീൻ ഇമേജായിരുന്നു. സ്വർണ്ണ കടത്തിൽ തെളിവുകൾ പുറത്തു വരും വരെ അത് അങ്ങനെ തുടർന്നു. ക്ലീൻ ഇമേജിന്റെ മറവിലാണ് കെ എസ് ഇ ബിയെ നഷ്ടത്തിലാക്കുന്ന ഈ ഇടപാട് നടന്നത്. കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് 25 വർഷത്തെ ദീർഘകാല കരാറിൽ ബോർഡ് ഏർപ്പെട്ടത്. എന്നാൽ, ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുകയായ 3.60 രൂപ നിർദ്ദേശിച്ച കമ്പനിക്കുപുറമേ, കൂടിയ വിലയായ 4.15 രൂപ നിർദ്ദേശിച്ച കമ്പനിക്കും കരാർ നൽകി. കേന്ദ്രചട്ടങ്ങൾ മറികടന്നാണ് കരാറുകൾ ഉണ്ടാക്കിയത്. ചട്ടങ്ങളിലെ വ്യതിചലനങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടേയോ, റെഗുലേറ്ററി കമ്മിഷന്റെയോ മുൻകൂർ അനുമതി ഇല്ലാത്തതിനാൽ അംഗീകരിക്കാനാവില്ലെന്നാണ് കമ്മീഷന്റെ വിധി.
ആദ്യടെൻഡറിൽ ജിൻഡാൽ പവർ ലിമിറ്റഡ് 3.60 രൂപ നിർദ്ദേശിച്ചു. രണ്ടാമതുവന്ന ജാബുവ പവർ ലിമിറ്റഡ് 4.15 രൂപയും. ജിൻഡാൽ 200 മെഗാവാട്ട് മാത്രമാണ് വാഗ്ദാനം ചെയ്തത്. ഈ വിലനിലവാരത്തിലേക്ക് എത്താൻ ജാബുവ തയ്യാറായില്ല. അതിനാൽ അവരിൽനിന്ന് 4.15 രൂപയ്ക്ക് 115 മെഗാവാട്ട് വാങ്ങി. രണ്ടാമത്തെ ടെൻഡർ 400 മെഗാവാട്ട് വൈദ്യുതി വാങ്ങാനായിരുന്നു. 4.29 രൂപയായിരുന്നു ഏറ്റവുംകുറഞ്ഞ താരിഫ്. ഇതേനിരക്കിൽ മറ്റ് കമ്പനികളിൽനിന്നെല്ലാമായി ടെൻഡറിൽ പറഞ്ഞതിനേക്കാൾ കൂടുതലായി 550 മെഗാവാട്ട് വാങ്ങി. ഇതിലും ജാബുവയും ജിൻഡാലും ഉൾപ്പെടും. നിരക്ക് കുറച്ചതിനുപകരം ഇവർക്ക് ഫിക്സഡ് ചാർജ് ഉയർത്തി നൽകി.
രണ്ടായി കരാർവിളിച്ചതിലൂടെ മാസങ്ങളുടെ ഇടവേളയിൽ ഒരേ കമ്പനികൾക്ക് വ്യത്യസ്തനിരക്കിലും സ്ഥിരംചാർജിലും കരാർ നേടാനായെന്നും കമ്മിഷൻ നിരീക്ഷിച്ചു. ഫിക്സഡ് ചാർജ് ഉയർത്തിയതിലൂടെ വർഷം 23.83 കോടി എന്ന കണക്കിൽ 25 വർഷം 595.75 കോടിയാണ് അധികബാധ്യത. ഈ കരാർ റദ്ദാക്കിയിട്ടും ഫലത്തിൽ കെ എസ് ഇ ബി അവരെ തന്നെ ആശ്രയിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ