- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അഞ്ചു വയസുകാരിയെ തേടി സങ്കടത്തോടെ ഇറ്റലി തിരച്ചിൽ തുടരുന്നു; താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് സ്യുട്ട് കേസിലാക്കി കൊണ്ടുപോയതായി ആശങ്ക; പെറുവിൽ നിന്നും എത്തിയ സംഘത്തിലെ പെൺകുട്ടിക്ക് വേണ്ടി അരിച്ചു പെറുക്കി ഇറ്റാലിയൻ പൊലീസ്; ആശങ്കയോടെ ജനം
ഇറ്റലിയിലെ ഫ്ളോറെൻസിൽ ഒരു ഹോട്ടലിൽ നിന്നും അഞ്ചു വയസ്സുകാരിയെ കാണാതായത് ഇറ്റാലിയൻ പൊലീസിനെ മാത്രമല്ല, ജനങ്ങളെയും പരിഭ്രാന്തിയിലാക്കിയിരിക്കുകയാൺ'. പെറുവിൽ നിന്നെത്തിയ 140 പേരുടെ സംഘത്തിൽ പെട്ട കറ്റാലേയ മിയ എന്ന പെൺകുട്ടിയെ ഇക്കഴിഞ്ഞ ജൂൺ 10 നാണ്, ഫ്ളോറൻസിലെ ആസ്റ്റർ ഹോട്ടലിൽ നിന്നും കാണാതെ പോയത്. അപ്രത്യക്ഷയാകുന്നതിന് തൊട്ട് മുൻപ് ഉച്ചക്ക് 3.12 ന്, ഹോട്ടലിന്റെ പൂമുഖത്തിന് അടുത്തുള്ള ചവിട്ടുപടികളിൽ ഇരുന്ന് ഈ പെൺകുട്ടി കളിക്കുന്ന സി സി ടി വി ദൃശങ്ങൾ ലഭ്യമായിട്ടുണ്ട്.
ഹോട്ടലിലേക്ക് പ്രധാനമായും രണ്ട് പ്രവേശന കവാടങ്ങളാണുള്ളത്. പെൺകുട്ടിയെ വലിയ ട്രങ്കിലോ സ്യുട്ട്കേസിലോ ആക്കി ഇതിലേതെങ്കിലും വഴിയിലൂടെയായിരിക്കാം തട്ടിക്കൊണ്ട് പോയത് എന്നാണ് പൊലീസ് അനുമാനിക്കുന്നത്. തട്ടിക്കൊണ്ടു പോയ സംഘത്തിൽ ഒന്നിലധികം പേരുണ്ടെങ്കിൽ, മതിലിനു മുകളിലൂടെ കടത്തിക്കൊണ്ടു പോകുന്നതിനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. എന്നാൽ, ഇത് വരെ ഇതുമായി ബന്ധപ്പെട്ട് ഒരു തുമ്പും ലഭിക്കാതെ വലയുകയാണ് ഇറ്റാലിയൻ പൊലീസ്
ഇറ്റലിയുടെ ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും പ്രാദേശിക പൊലീസും ഒരുമിച്ച് വ്യാപകമായ അന്വേഷണമാണ് നടത്തുന്നത്. ടൂത്ത് ബ്രഷിൽ നിന്നും കുട്ടിയുടെ ഡി എൻ എ സാമ്പിളുകളും ശേഖരിച്ചു കഴിഞ്ഞു. ഞായറാഴ്‌ച്ച ഹോട്ടലിലെത്തിയ അന്വേഷണ സംഘം, ഹോട്ടലിനു പുറത്തുള്ള ബിന്നുകൾ എല്ലാം ഒഴിപ്പിച്ച് പരിശോധന നടത്തി. ഫൊറൻസിക് ഉദ്യോഗസ്ഥരും തെളിവെടുപ്പിനായി എത്തിയിരുന്നു. ഹോട്ടലിലെ മുഴുവൻ അന്തേവാസികളെയും ഒഴിപ്പിച്ചായിരുന്നു അവർ പരിശോധന നടത്തിയത്.
തട്ടിക്കൊണ്ടു പോയ കുട്ടിയെ താത്ക്കാലികമായി താമസിപ്പിച്ചേക്കാം എന്ന അനുമാനത്തിൽ സമീപത്തുള്ള ഗ്യാരേജുകളിലും കെട്ടിടങ്ങളിലുമൊക്കെ പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തുകയുണ്ടായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആയിരുന്നു ഈ പെൺകുട്ടിയുടെ കുടുംബം ഹോട്ടലിൽ താമസിക്കാൻ തുടങ്ങിയത്. കൂടുതൽ പരിശോധനയിൽ അവർ ഉൾപ്പടെ 140 പേർ ആ ഹോട്ടലിൽ അനധികൃതമായി താമസിക്കുകയായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്.
അടുത്തകാലത്ത് നിരവധി അക്രമ സംഭവങ്ങൾ ഈ ഹോട്ടലിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂട്ടം കൂടി ആയുധങ്ങളുമായി ആക്രമിക്കാനെത്തിയ സംഘത്തിൽ നിന്നും രക്ഷപ്പെടാനായി ഒരു ഇക്വഡോർ വംശജൻ മൂന്നാം നിലയിൽ നിന്നും എടുത്തു ചാടിയ സംഭവവും അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.




