പത്തനംതിട്ട: പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ട അരവിന്ദ് (22) ജോലിക്ക് കയറിയത് 23 ദിവസം മുൻപ് മാത്രമാണ്. ഓമല്ലൂർ പഞ്ചായത്ത് ഐമാലി രാമവിലാസത്തിൽ പി.ടി. പ്രദീഷിന്റെയും എസ്. രാജശ്രീയുടെയും മകനാണ് അരവിന്ദ്. കൈരളി സ്റ്റിൽസിൽ എക്സകവേറ്റർ ഓപ്പറേറ്റർ എന്ന തസ്തികയിൽ മെയ്‌ 29 നാണ് ജോലിക്ക് കയറിയത്.

2021 ൽ ഐടിഐയിൽ നിന്ന് 67 ശതമാനം മാർക്കോടെയാണ് അരവിന്ദ് പഠിച്ച് ഇറങ്ങിയത്. ഇപ്പോൾ കിട്ടിയ ജോലി കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു. ജോലിക്ക് കയറിയ സന്തോഷം തീരുന്നതിന് മുൻപാണ് അരവിന്ദിന്റെ ജീവൻ നഷ്ടമായിരിക്കുന്നത്. ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഫർണസിനുള്ളിലാണ് കണ്ടെത്തിയത്. അരവിന്ദ് എങ്ങനെയാണ് ഫർണസിനുള്ളിൽ കുടുങ്ങിയത് എന്നുള്ള കാര്യം വ്യക്തമല്ല.