ഴിഞ്ഞ ദിവസം ചോർന്ന ചില ഈമെയിൽ സന്ദേശങ്ങൾ സൂചിപ്പിക്കുന്നത് ടൈറ്റൻ അന്തർവാഹിനിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വിദഗ്ദ്ധർ നൽകിയ മുന്നറിയിപ്പുകൾ, ഓഷ്യൻ ഗെയ്റ്റ് സി ഇ ഒ സ്റ്റോക്ക്ടൺ റഷ് അവഗണിക്കുകയായിരുന്നു എന്നാണ്. ആഴക്കടൽ പര്യവേഷണ വിദഗ്ധനായ റോബ് മാക്കല്ലം, റഷ്, സുരക്ഷിതമല്ലാത്ത അന്തർവാഹിനി ഉപയോഗിക്കുക വഴി യാത്രക്കാരുടെ ജീവൻ അപകടത്തിൽ പെടുത്തുകയാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

ഒരു സ്വതന്ത്ര ഏജൻസി, അന്തർവാഹിനിയുടെ എല്ലാ ഭാഗങ്ങളും പരിശോധിച്ച് വിലയിരുത്തുന്നത് വരെ യാത്രകൾ ഒഴിവാക്കണമെന്നു മെക്കല്ലം ആവശ്യപ്പെട്ടിരുന്നതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. ടൈറ്റാനിക് നിർമ്മാതാക്കൾ അമിത ആത്മവിശ്വാസത്തിൽ വിളിച്ചു പറഞ്ഞ ''ഒരിക്കലും മുങ്ങാത്ത കപ്പൽ'' എന്ന മുദ്രാവാക്യം റഷ് പ്രതിദ്ധ്വനിപ്പിക്കുകയാണെന്നും മെക്കെല്ലം മുന്നറിയിപ്പ് നൽകിയിരുന്നു.

നവാശയങ്ങൾ കണ്ടെത്തുന്ന വ്യക്തി എന്ന് സ്വയം വിശേഷിപ്പിച്ചിരുനൻ സ്റ്റോക്ക്ടൺ റഷ് പക്ഷെ ഈ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു. ഈ മേഖലയിലെ ധാരാളം പേർ സുരക്ഷാ ആശങ്കകൾ ഉയർത്തി നവാശയങ്ങളുമായി വരുന്നവരെ നിരുത്സാഹപ്പെടുത്തുന്ന പതിവുണ്ട് എന്നായിരുന്നു അത്രെ റഷിന്റെ പ്രതികരണം. എന്നാൽ, ഈ പ്രതികരണം കൊണ്ട് പിന്മാറാതെ മെക്കെല്ലാം തുടർച്ചയായി റഷിനെ അന്തർവാഹിനിയുടെ സുരക്ഷയെ കുറിച്ച് ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. അവസാനം, ഓഷ്യൻ ഗെയ്തിന്റെ അഭിഭാഷകർ നിയമ നടപടികൾക്ക് മുതിരും എന്ന മുന്നറിയിപ്പ് നൽകിയപ്പോഴായിരുന്നു മെക്കെല്ലം സന്ദേശങ്ങൾ അയയ്ക്കുന്നത് നിർത്തിയത്.

താൻ ആരെയോ കൊല്ലുവാൻ പോകുന്നതായി താങ്കൾ പറയുന്നു എന്നും, ഇത് വ്യക്തിഗത അധിക്ഷേപമായി പരിഗണിക്കുന്നു എന്നും റഷ്പറഞ്ഞതായി ബ്വി ബി സിക്ക് നൽകിയ ഒരു അഭിമുഖത്തിൽ മെക്കെല്ലം പറഞ്ഞു. സമുദ്രാന്തര പര്യവേഷണത്തെ കുറിച്ച് തനിക്ക് അറിവുണ്ടെന്നായിരുന്നു റഷിന്റെ വാദം. അതുകൊണ്ടു തന്നെ അതിലുള്ള അപകട സാധ്യതകളും അറിയാൻ കഴിയുമെന്നും റഷ് പറഞ്ഞു.

സ്വന്തമായി സമുദ്ര പര്യവേഷണ കമ്പനി നടത്തുന്ന മെക്കെല്ലം പറയുന്നത് സ്റ്റോക്ക്റ്റൺ റഷിന്റെ ടൈറ്റാനിയം ടൂറിസം പദ്ധതി തടയുന്നതിന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ വർഷങ്ങളായി ശ്രമിക്കുകയായിരുന്നു എന്നാണ്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉണ്ടായിരുന്നതെന്നും മെക്കെല്ലം പറയുന്നു. ഒന്നാമതായി അന്തർവാഹിനി നിർമ്മിക്കാൻ ഉപയോഗിച്ച കാർബൺ ഫൈബർ, സമുദ്രാന്തർ ഭാഗത്തേക്ക് അനുയോജ്യമല്ല. രണ്ടാമത്, ഏതെങ്കിലും സ്വതന്ത്ര ഏജൻസി ഇതിന്റെ സുരക്ഷ സാക്ഷ്യപ്പെടുത്തിയിരുന്നില്ല.

മെക്കെല്ലം ഉൾപ്പടെയുള്ള സമുദ്രാന്തര പര്യവേഷകർ, ഓഷ്യൻ ഗെയ്റ്റിന്റെ പദ്ധതി നിർത്തണം എന്നാവശ്യപ്പെട്ട് 2018 ൽ കമ്പനിക്ക് കത്തയച്ചിരുന്നു. റഷ്, പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയിരുന്ന യാത്രകൾ ദുരന്തത്തിൽ അവസാനിച്ചേക്കാം എന്ന ആശങ്കയാണ് അത്തരമൊരു കത്തിന് പിന്നിലെന്നും മെക്കെല്ലം വ്യക്തമാക്കി.