പത്തനംതിട്ട: കൂടോത്രം ചെയ്തു കൊന്നാൽ ശിക്ഷിക്കാൻ ഇന്ത്യൻ ഭരണ ഘടനയിൽ വകുപ്പില്ലെന്ന് പറഞ്ഞത് മിഥുനം സിനിമയിലാണ്. പക്ഷേ, ഇവിടെ കൂടോത്രം കാരണം പൊലീസിന് ഒരു കേസ് എടുക്കേണ്ടി വന്നു. കൂടോത്രം കേസിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും അത് സ്ഥാപിക്കാൻ ശവക്കല്ലറ പൊളിച്ചതിന്റെ പേരിലാണ് കേസ്.

പള്ളി സെമിത്തേരിയിലെ കല്ലറയ്ക്കുള്ളിലാണ് അറബിയിൽ എഴുതിയ വെള്ളരിക്കയും എഴുത്തോലയുമടങ്ങുന്ന കൂടോത്രം കണ്ടെത്തിയത്. കോന്നി കല്ലേലി സിഎസ്ഐ പള്ളി സെമിത്തേരിയിലെ കല്ലറയിലാണ് വെള്ളത്തുണിയിൽ പൊതിഞ്ഞ കൂടോത്രം ഉണ്ടായിരുന്നത്. ഊട്ടുപാറ കല്ലേലി നിരവും പുറത്ത് വടക്കേതിൽ സന്തോഷാണ് പരാതിക്കാരൻ.

ഞായറാഴ്ച വൈകിട്ട് 4.30 നാണ് കൂടോത്രം ശ്രദ്ധയിൽപ്പെട്ടത്. സന്തോഷിന്റെ പിതാവ് വർഗീസിന്റെ (തങ്കച്ചൻ ) 18ാം ചരമവാർഷക ദിനമാണ് തിങ്കളാഴ്ച. ഇതിന്റെ ഭാഗമായി കല്ലറ വൃത്തിയാക്കുന്നതിനും മെഴുകുതിരി കത്തിക്കുന്നതിനുംസന്തോഷും ബന്ധു നോബിളും കൂടി
സെമിത്തേരിയിലെത്തിയപ്പോൾ കല്ലറയുടെ ഒരു ഭാഗം ഇളക്കി മാറ്റിയത് ശ്രദ്ധയിൽപ്പെട്ടു.

ഇതുവഴി പരിശോധിച്ചപ്പോഴാണ് കല്ലറയ്ക്കുള്ളിൽ വെള്ളത്തുണിയിൽ എന്തോ പൊതിഞ്ഞു വച്ചത് കണ്ടത്. പുറത്തെടുത്ത് തുറന്നു നോക്കിയപ്പോൾ അറബി അക്ഷരം എഴുതിയ വെള്ളരിക്കയും എഴുത്തോലയും. ചരമ വാർഷിക ദിനം കൂടോത്രം ചെയ്ത് അലങ്കോലമാക്കാൻ ശ്രമിക്കുവെന്നു മനസിലാക്കി സന്തോഷ് ഗ്രാമപഞ്ചായത്തംഗം മിനി ഇടിക്കുളെയ വിളിച്ചു. പൊലീസിലും പരാതി നൽകി. സ്ഥലത്തെത്തിയ പൊലീസ് സാധനങ്ങൾ കസ്റ്റഡിയിലെടുത്തു. അറബി അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നത് കോന്നി ടൗൺ ജുമാ മസ്ജിദിൽ എത്തി പുരോഹിതനെക്കൊണ്ട് വായിപ്പിച്ച് മനസിലാക്കി. കല്ലറയ്ക്ക് കേടുപാടു വരുത്തിയതിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.