ലണ്ടൻ: യുകെയിലെ അരിവിപണിയിലും ഒരു അരിക്കൊമ്പൻ എത്തിയിരിക്കുന്നു. വിലയിലും ഗുണത്തിലും ഒറ്റയാൻ ആകുന്നത് പാലക്കാടൻ മട്ട എന്ന പേരിൽ എത്തുന്ന ബ്രാൻഡാണ്. പാലക്കാടൻ മട്ട എന്ന് പൊതുവായി അറിയപ്പെടുന്ന പേര് ആണെങ്കിലും ലെസ്റ്ററിലെ മലയാളി ചെറുപ്പക്കാർ മുൻകൈ എടുത്തു തുടങ്ങിയ ക്യാരി ബാഗ് എന്ന സ്ഥാപനത്തിന്റെ ബ്രാൻഡ് നെയിമിൽ എത്തുന്ന അരിയാണ് മറ്റു ബ്രാൻഡുകളുമായുള്ള മത്സരത്തിൽ ഒറ്റയാനായി നിൽക്കുന്നത്.

മാർക്കറ്റ് പിടിക്കാൻ ഉള്ള തന്ത്രം ആണെങ്കിൽ പോലും മറ്റു പ്രധാന ബ്രാൻഡുകളേക്കാൾ നാല് പൗണ്ട് വരെ ലാഭം പത്തു കിലോ ബാഗിൽ ലഭ്യമാണ്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ മാറിയില്ലെങ്കിൽ ഈ വിലയ്ക്ക് യുകെയിൽ എവിടെയും ക്യാരി ബാഗ് പാലക്കാടൻ അരി നൽകാൻ കഴിയുമെന്ന് യുവ സംരംഭകരായ ജോജിയും പ്രതീഷും അറിയിച്ചു. ഏതാനും മാസമായി പ്രധാനമായും അരി വിതരണ രംഗത്ത് പ്രവർത്തിക്കുന്ന ഇവർക്ക് യുകെയിലെ വിവിധ ടൗണുകളിൽ നിന്നും മലയാളികൾ മികച്ച പ്രതികരണമാണ് നൽകുന്നത്.

അരിക്കൊപ്പം മറ്റു പലവ്യഞ്ജന ഉൽപ്പന്നങ്ങളും ഇവർ എത്തിക്കുന്നുണ്ട്. വിലക്കുറവിൽ തന്നെ മറ്റു ഉൽപ്പന്നങ്ങളും എത്തിക്കാൻ ഉള്ള ശ്രമം ആണെന് പറയുന്ന ജോജിയും പ്രതീഷും ഇപ്പോൾ ഒരു ചാക്ക് പാലക്കാടൻ മട്ട 12 പൗണ്ടിന് ആണ് വിൽക്കുന്നത്. എന്നാൽ ആരെങ്കിലും കൂടുതൽ ഓർഡർ എടുത്തു പ്രാദേശികമായി വിതരണം ചെയ്യാൻ തയാറായാൽ ന്യായമായ വിലക്കിഴിവ് നല്കാൻ തയ്യാറാണ് എന്നും ഇവർ വ്യക്തമാക്കുന്നു. ഇപ്പോൾ യുകെയിൽ എവിടെ വേണമെങ്കിലും അരി എത്തിക്കാനും എത്ര വലിയ ഓർഡർ ഏറ്റെടുക്കാനും തങ്ങൾ തയ്യാറാണ് എന്നും ഇരുവരും പറയുന്നു. പ്രാദേശികമായി മലയാളി ഉടമസ്ഥതയിൽ ഉള്ളടക്കം ഏഷ്യൻ കടകളിൽ 17-18 പൗണ്ടിൽ ആണ് കേരളത്തിൽ നിന്നും എത്തുന്ന മട്ട അരി വിൽക്കുന്നത്.

കോവിഡിനെ തുടർന്നുണ്ടായ കയറ്റുമതി രംഗത്തെ അനിശ്ചിതം മുതലെടുത്തു കയറ്റുമതിക്കാരും ചെറുകിട വ്യാപാരികളും ഉയർത്തിയ വിലയിൽ നിന്നും സാഹചര്യം അനുകൂലമായിട്ടും വില കുറയ്ക്കാൻ ത്യാറാകാത്ത സാഹചര്യത്തിലാണ് ക്യാരി ബാഗിന്റെ വിലക്കുറവും ഗുണമേന്മയും ഉള്ള അരി ശ്രദ്ധ നേടുന്നത്. കപ്പലിൽ എത്തുന്ന അരി അടക്കമുള്ള കണ്ടെയ്നറുകളുടെ ഉയർന്ന കൂലിയിൽ സാരമായ കുറവ് ഉണ്ടായതും അരി കയറ്റുമതിക്കുണ്ടായിരുന്ന വിലക്കിന് ഇന്ത്യയിൽ ഇളവ് ലഭിച്ചതും ഒക്കെ ഉപയോക്താക്കൾക്ക് വിലക്കുറവിൽ അരി ലഭിക്കാൻ സഹായകമാകേണ്ട ഘടകമാണ്. എന്നാൽ ഒരിക്കൽ ഉയർന്ന വില പിന്നെ കുറയ്ക്കുക എന്നത് വിപണിയിൽ അത്ര പരിചിതം അല്ലാത്തതിനാൽ കോവിഡ് സൃഷ്ടിച്ച സാഹചര്യം തുടർന്നും മുതലെടുത്ത വ്യാപാരികൾക്ക് അരിവില കുറയ്ക്കുക എന്നത് ആവശ്യമെന്നു തോന്നാത്ത സാഹചര്യത്തിൽ കൂടിയാണ് ക്യാരി ബാഗിന്റെ പാലക്കാടൻ മട്ട വിപണിയിലെ അരികൊമ്പനായി മാറുന്നത്.

അതിനിടെ ഉയർന്ന വിലയിൽ കേരള ബ്രാൻഡിൽ ഉള്ള മട്ട അരി വിൽക്കുമ്പോഴും യുകെ മലയാളികൾക്ക് ആശ്വാസമായിരുന്നതു തമിഴ് ബ്രാൻഡ് ആയ ശങ്കർ അരി ആയിരുന്നു. ഏറെക്കാലം ഈ ബ്രാൻഡിൽ ഉള്ള അരി 11.50 പൗണ്ടിന് ലഭ്യമായിരുന്നു എന്നതും അനേകരെ ആ ബ്രാൻഡിലേക്ക് ആകർഷിച്ച ഘടകമാണ്. അൽപം വേവ് കൂടിയ ഇനം ആയത് ഉയർന്ന ഇന്ധന വിലയുടെ സാഹചര്യത്തിൽ ആ ബ്രാൻഡിൽ നിന്നും അകലം പാലിക്കാൻ ഏതാനും ഉപയോക്താക്കളെ പ്രേരിപ്പിച്ച ഘടകമാണ്. എങ്കിലും ഇപ്പോഴും ശങ്കർ ബ്രാൻഡ് അരി തേടി കടകളിൽ എത്തുന്ന ആളുകളുടെ എണ്ണം കുറവല്ല. ഇപ്പോൾ പുതുതായി എത്തുന്ന അരിയുടെ സ്റ്റോക്കിൽ ശങ്കറിനും വിലക്കയറ്റം ഉണ്ടെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ട്. പത്തു കിലോയുടെ ബാഗിന് 14 പൗണ്ടിന് മുകളിൽ വരെ വില എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇപ്പോൾ ഏറ്റവും വിലക്കുറവിൽ ലഭിക്കുന്ന പാലക്കാടൻ മട്ട അരി ക്യാരി ബാഗിന്റേതാണ്.

എന്നാൽ വിലകുറച്ചു ക്യാരി ബാഗ് അരി എത്തി തുടങ്ങിയതോടെ മറ്റൊരു പ്രശസ്ത ഓൺലൈൻ ബ്രാൻഡിൽ എത്തുന്ന പാലക്കാടൻ മട്ട എന്ന പേരിൽ തന്നെ എത്തുന്ന അരിക്ക് വില കുറച്ചതായി കഴിഞ്ഞ ദിവസങ്ങളിൽ പരസ്യം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 17.99 പൗണ്ടിന് വിറ്റിരുന്ന അരി ഒറ്റയടിക്ക് 13.99 ലേക്ക് താഴ്ന്നിരിക്കുകയാണ്. ഒരു ബാഗിൽ നാല് പൗണ്ടിന്റെ കുറവ് വരുത്താൻ ക്യാരി ബാഗിന്റെ ''അരിക്കൊമ്പൻ'' പാലക്കാടൻ അരിക്ക് സാധിച്ചു എന്നാണ് ഇത് തെളിയിക്കുന്നത്. ഈ ട്രെൻഡ് തുടർന്നാൽ അത് മലയാളി കടകളിൽ അടക്കം അരി കച്ചവടത്തെ സാരമായി ബാധിക്കും എന്നുറപ്പാണ്. ഇതോടെ വിലകുറയ്ക്കുക എന്ന നയത്തിലേക്ക് മാറാതിരിക്കാൻ കച്ചവടക്കാർക്ക് കഴിയുകയുമില്ല.

ഇപ്പോൾ അരിക്ക് മാത്രമല്ല പച്ചക്കറികൾക്കും യുകെയിൽ പലയിടത്തും ന്യായമായ വിലകുറവ് ലഭ്യമാണ്. കേരളത്തിൽ നിന്നും എത്തുന്ന പല പച്ചക്കറികളും കിലോയ്ക്ക് എട്ടു പൗണ്ട് എന്ന നിരക്കിൽ വിൽപന നടത്തുമ്പോൾ കവൻട്രിയിൽ കൽമ എന്ന ഏഷ്യൻ കടയിൽ ബുധനാഴ്ചകളിൽ പാതി വിലക്ക് എല്ലായിനം പച്ചക്കറികളും ലഭ്യമാണ്. പച്ചക്കറി വാങ്ങാൻ എത്തുന്നവർ മറ്റു സാധനങ്ങൾ കൂടി വാങ്ങുന്നതിനാൽ വിലക്കുറവിൽ നൽകിയാലും നഷ്ടം ഇല്ലെന്നാണ് കടയുടമ ഷമീൽ ചൗധരി പറയുന്നത്.

വിലക്കുറവിൽ പച്ചക്കറി വിൽക്കുന്നതിനാൽ സാധാരണ ദിവസത്തേക്കാൾ നാലിരട്ടി വരെ കച്ചവടം ഉണ്ടെന്നതും ഈ തന്ത്രത്തിന്റെ ഫലമാണ്. മറ്റു കടകളിൽ ഏറ്റവും വിലയുള്ള ചേനയും മുരിങ്ങക്കായും വെള്ളരിയും അടക്കമുള്ള ഇനങ്ങൾ ഒക്കെ പാതി വിലയിലാണ് കൽമയിൽ കച്ചവടം. ക്യാരി ബാഗിന്റെ അരി വിൽപ്പനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റ് വഴിയും ഫേസ്‌ബുക് പേജ് വഴിയും ലഭ്യമാണ്.