ഇംഫാൽ: മണിപ്പൂരിലെ സംഘർഷ മേഖലകൾ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം വഴിയിൽ തടഞ്ഞതിന്റെ പേരിൽ തർക്കം രൂക്ഷമായതോടെ സംഘർഷം രൂപപ്പെട്ടു. ആകാശത്തേക്ക് വെടിവച്ച മണിപ്പുർ പൊലീസ് അക്രമികളെ നേരിടാൻ കണ്ണീർവാതകവും പ്രയോഗിച്ചു. സംഘർഷാവസ്ഥയെ തുടർന്നതോടെ രാഹുൽ ഇംഫാലിലേക്കു മടങ്ങി.

രാഹുൽ ഗാന്ധിയെ പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. എന്നാൽ രാഹുൽഗാന്ധിക്ക് എതിരെയും പ്രതിഷേധം ഉണ്ടായി. റോഡരികിൽ രാഹുലിനെതിരെ പോസ്റ്റർ ഉയർത്തി ഒരു സംഘം പ്രതിഷേധിച്ചു. ഇതോടെ സ്ഥലത്ത് സംഘർഷ സാഹചര്യം ഉണ്ടായി. പിന്നാലെയാണ് പൊലീസ് ആകാശത്തേക്ക് വെടിവച്ചും കണ്ണീർവാതക ഷെൽ പ്രയോഗിച്ചതും. ഈ ഘട്ടത്തിലാണ് രാഹുലും സംഘവും ഇംഫാലിലേക്ക് മടങ്ങിയത്.

ഇംഫാൽ വിമാനത്താവളത്തിൽനിന്ന് 20 കിലോമീറ്റർ അകലെ ബിഷ്ണുപുരിലാണ് ബാരിക്കേഡ് സ്ഥാപിച്ച് രാഹുലിന്റെ വാഹനം പൊലീസ് തടഞ്ഞത്. മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണെന്നും ജനക്കൂട്ടം ആയുധങ്ങളുമായി അക്രമാസക്തരായി നിൽക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് 12.30 മുതൽ രണ്ടു മണിക്കൂറോളം രാഹുൽ വാഹനത്തിൽ തുടർന്നു.

റോഡിൽ ബാരിക്കേഡ് വച്ച പൊലീസ് ഇത് നീക്കാൻ തയ്യാറായില്ല. ചുരാചന്ദ്പൂരിന് 33 കിലോമീറ്റർ അകലെ വച്ചാണ് രാഹുലിനെയും സംഘത്തെയും പൊലീസ് തടഞ്ഞത്. രാഹുൽ പോകുന്ന മേഖലയിൽ പ്രശ്‌നങ്ങളുള്ളതിനാൽ കടത്തി വിടാൻ ആകിലെന്ന നിലപാടിലായിരുന്നു പൊലീസ്.

സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വാഹനം തടഞ്ഞതെന്നാണ് പൊലീസിന്റെ വിശദീകരണം. ഇന്ന് രാവിലെയും ഇന്നലെയുമായി ഹിൽ ഏരിയയിൽ വെടിവയ്പുകൾ നടന്നിരുന്നു. ജനങ്ങൾ ആയുധങ്ങളുമായി കാത്തിരിക്കുകയാണ്. മുന്നോട്ടുപോയാൽ വലിയ അപകടം ഉണ്ടാകും. രാഹുൽ ഗാന്ധിയുടെ സുരക്ഷ മുൻ നിർത്തിയാണ് വാഹനങ്ങൾ തടഞ്ഞതെന്നും ബിഷ്ണുപൂർ എസ്‌പി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി നേരിട്ട് പറഞ്ഞതിനനുസരിച്ചാണ് രാഹുൽ ഗാന്ധിയെ തടഞ്ഞതെന്ന് മണിപ്പൂർ പിസിസി പ്രസിഡന്റ് പറഞ്ഞു. ഇവിടെ സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ല. സമാധാന ദൗത്യവുമായാണ് രാഹുൽ എത്തിയത്. ജനം അദ്ദേഹത്തെ സ്വാഗതം ചെയ്യുകയാണ്. രാഷ്ട്രീയപ്രേരിതമായാണ് രാഹുലിനെയും കൂട്ടരെയും തടഞ്ഞുവച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഷ്ണുപുരിൽ പൊലീസ് തടഞ്ഞതായും കടത്തിവിടാൻ പറ്റാവുന്ന സാഹചര്യമല്ലെന്നു പറഞ്ഞതായും കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. രാഹുലിനെ കൈവീശി അഭിവാദ്യം ചെയ്യാനായി റോഡിന്റെ ഇരുവശങ്ങളിലും ജനം കൂടി നിൽക്കുകയാണ്. എന്തുകൊണ്ടാണ് ഞങ്ങളുടെ യാത്ര തടഞ്ഞതെന്നു മനസ്സിലാകുന്നില്ലെന്നും വേണുഗോപാൽ പ്രതികരിച്ചു. രാഹുലിനെ തടഞ്ഞതിനെ തുടർന്നു പൊലീസും കോൺഗ്രസ് നേതാക്കളുമായി വാക്കുതർക്കമുണ്ടായി.

അതേസമയം, ചുരാചന്ദ്പുരും മെയ്‌തെയ് ക്യാംപും സന്ദർശിക്കുന്നതിൽനിന്നു രാഹുൽ പിന്നോട്ടില്ലെന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. രാഹുലിനു വഴിയൊരുക്കാനെത്തിയ നൂറുകണക്കിനു സ്ത്രീകൾ പൊലീസുമായി ഏറ്റുമുട്ടിയതോടെ പ്രദേശത്തു സംഘർഷം രൂക്ഷമായി.

രാവിലെ ഡൽഹി വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട രാഹുൽ 11 മണിയോടെയാണു തലസ്ഥാനമായ ഇംഫാലിൽ എത്തിയത്. കുക്കി മേഖലയായ ചുരാചന്ദ്പുർ ആദ്യം സന്ദർശിക്കാനാണു തീരുമാനിച്ചത്. റോഡ് മാർഗമായിരുന്നു രാഹുലിന്റെ യാത്ര. സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന് മണിപ്പുർ പൊലീസ് പറഞ്ഞെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്നു രാഹുൽ അറിയിച്ചു.

ഇന്ന് മണിപ്പുരിൽ തങ്ങുന്ന രാഹുലിന്റെ കൂടെ കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളുമുണ്ട്. മണിപ്പുർ സമൂഹത്തിൽ സ്‌നേഹത്തിന്റെ സന്ദേശവുമായാണ് രാഹുൽ എത്തുന്നതെന്ന് കോൺഗ്രസ് പറഞ്ഞു. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുമ്പോഴാണ് രാഹുലിന്റെ സന്ദർശനമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

ഉച്ചയ്ക്കു ശേഷം ഇംഫാലിലേക്കു മടങ്ങാനിരുന്ന രാഹുൽ മെയ്‌തെയ് അഭയാർഥി ക്യാംപുകളിൽ എത്തുമെന്നും പാർട്ടി അറിയിച്ചിരുന്നു. മെയ്‌ 3ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് രാഹുൽ മണിപ്പുരിലെത്തുന്നത്. സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ രാഹുൽ വിമർശിച്ചിരുന്നു. കലാപത്തിൽ ഇതുവരെ 131 പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.

കോൺഗ്രസ് നേതാക്കളായ മുകുൾ വാസ്‌നിക്, സുദീപ് റോയ് ബർമൻ, അജോയ് കുമാർ എന്നിവരടങ്ങിയ വസ്തുതാന്വേഷണ സമിതിയെ നേരത്തേ എഐസിസി അധ്യക്ഷൻ മണിപ്പുർ വിഷയം പഠിക്കാൻ അയച്ചിരുന്നെങ്കിലും കുക്കി വിഭാഗങ്ങളുമായി ചർച്ച നടത്തിയിരുന്നില്ല. എംപിമാരായ ഹൈബി ഈഡനും ഡീൻ കുര്യാക്കോസും മണിപ്പുരിൽ അനൗദ്യോഗിക സന്ദർശനം നടത്തിയിരുന്നു. ഒരാഴ്ചയായി രാഹുലിന്റെ ടീം മണിപ്പുരിലുണ്ട്.