- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി എയറിൽ തന്നെ; ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു എന്ന് പറയുമ്പോഴും കൊച്ചിയടക്കം പുതിയ റൂട്ടുകൾ രഹസ്യമായി തുടരുന്നു; സർവീസുകൾ കൂട്ടാനുള്ള സാധ്യത നിലനിൽക്കുമ്പോൾ തന്നെ കൊച്ചിയുടെ കാര്യത്തിൽ ആശങ്ക തുടരുന്നു; മത്സരം വന്നാൽ ഏറ്റവും പ്രയോജനം മലയാളി യാത്രക്കാർക്ക്; ടൂറിസത്തിനും നേട്ടമാകും
ലണ്ടൻ: ഒന്നര മാസം മുൻപ് ഓൺലൈൻ വാർത്ത ലോകത്ത് ഏറെ ശ്രദ്ധ നേടിയാണ് ബ്രിട്ടീഷ് എയർവേയ്സ് ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് വരുന്നു എന്ന ''സോഴ്സ് വെളിപ്പെടുത്താത്ത'' വാർത്ത പുറത്തു വരുന്നത്. ബ്രിട്ടനിൽ നിന്നും പുറത്തു ചാടിയ വാർത്തയെ തുടർന്ന് ഇന്ത്യയിൽ ടൈംസ് ഓഫ് ഇന്ത്യ അടക്കം തുടർ വാർത്തകളും നൽകി. എന്നാൽ എവിടെയും വാർത്തയ്ക്ക് ആധാരമായ ഉറവിടം എവിടെ എന്നത് പുറത്തു വന്നില്ല.
ഇതേതുടർന്ന് ബ്രിട്ടീഷ് എയർവേയ്സിലേക്ക് ഈ വിമാനത്തിനായി വളരെക്കാലമായി ആവശ്യം ഉന്നയിക്കുന്ന മലയാളികളിൽ ചിലരും കത്തിടപാടു നടത്തിയെങ്കിലും വാർത്ത സ്ഥിരീകരിക്കാൻ കമ്പനി തയ്യാറായില്ല. ഒടുവിൽ കൊച്ചിയിലേക്കാണ് സർവീസ് എന്നതിനാൽ സിയാൽ എയർപോർട്ട് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ വാർത്ത പുറത്തു വന്ന മാധ്യമങ്ങൾക്കായിരിക്കും ഇക്കാര്യത്തിൽ വിവരങ്ങൾ കൃത്യമായി ലഭിച്ചിരിക്കുക, ഞങ്ങൾക്ക് ഒരു വിവരവും ഇല്ലെന്നാണ് എംഡിയും പി ആർ ഒയും അടക്കമുള്ളവർ നടത്തിയ പ്രതികരണം.
കൊച്ചി സർവീസിനെ കുറിച്ച് ഒന്നും പറയാതെ ബ്രിട്ടീഷ് എയർവേയ്സ്, പ്രതീക്ഷകൾ ബാക്കി
ഒരു സർവീസ് ആരംഭിക്കുമ്പോൾ സീസണിലെ ഏറ്റവും തിരക്കുള്ള സമയമായ സ്കൂൾ അവധിക്കാലവും വേനൽക്കാലവും തൊട്ടു മുന്നിൽ നിൽക്കവേ ഇനിയും ബ്രിട്ടീഷ് എയർവേയ്സ് കൊച്ചിയിലേക്ക് സർവീസ് പ്രഖ്യാപിച്ചിട്ടില്ല എന്നിരിക്കെ ഈ വർഷം ഇനി ആ പ്രഖ്യാപനം ഉണ്ടോ എന്ന സംശയം അന്തരീക്ഷത്തിൽ തന്നെ നിൽക്കവേയാണ് വീണ്ടും പ്രതീക്ഷകൾക്ക് ടേക്ക് ഓഫ് നൽകി ബ്രിട്ടീഷ് എയർവേയ്സിന്റെ സാക്ഷാൽ സിഇഒ ഷ്വൻ ഡോയൽ തന്നെ കമ്പനിയുടെ ഇന്ത്യൻ വിഹായസിലേക്കുള്ള കുതിപ്പിന്റെ സൂചനകൾ നൽകി മാധ്യമങ്ങളെ കണ്ടിരിക്കുന്നത്. മൂന്നു ദിവസം മുൻപ് ഡൽഹിയിൽ എത്തിയ ഷ്വൻ ഇന്ത്യൻ ദേശീയ മാധ്യമങ്ങൾക്ക് നൽകിയ പ്രത്യേക കൂടിക്കാഴ്ചയിലാണ് തങ്ങളുടെ ഇന്ത്യൻ സ്വപ്നങ്ങളുടെ മാന്ത്രിക ചെപ്പ് തുറന്നു വച്ചത്.
99 വർഷം മുൻപ് ലണ്ടനിൽ നിന്നും ഡൽഹിയിലേക്ക് സർവീസ് നടത്തുമ്പോൾ വിവിധ രാജ്യങ്ങളിൽ കയറി ഇറങ്ങി 14 ദിവസം കൊണ്ടാണ് ആ യാത്ര പൂർത്തിയാക്കിയിരുന്നത് എന്ന ആവേശകരമായ കാര്യം അടക്കം പങ്കുവച്ചാണ് അദ്ദേഹം സംസാരിച്ചത്. ഗുർഗോണിൽ പുതിയ കോൾ സെന്റർ തുടങ്ങുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഡൽഹിയിൽ എത്തിയത്. കൂടുതൽ സർവീസ് ആരംഭിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ഉള്ള വ്യാപാര കരാറിന്റെ സങ്കീർണ്ണതകൾ കടന്നു, ഇരു ഭാഗത്തും കൂടുതൽ ചർച്ചകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞതുകൊച്ചി അടക്കമുള്ള പുതിയ റൂട്ടുകൾ എന്ന പ്രതീക്ഷകളിൽ നേരിയ മങ്ങൽ സൃഷ്ടിക്കുന്നുണ്ട്.
യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യൻ റൂട്ടിലേക്ക് ഉള്ള വർദ്ധനവ് തങ്ങളും ശ്രദ്ധിച്ചിട്ടുണ്ട് എന്നും ഷ്വൻ മറച്ചു വച്ചില്ല. കോവിഡിന് ശേഷം വിമാന നിരക്ക് ഇരട്ടിയോളം ആയിട്ടും ഇന്ത്യൻ ആകാശപാതയിൽ തിരക്ക് കൂടുന്നത് ശ്രദ്ധിക്കാതിരിക്കാൻ ഒരു ആഗോള കമ്പനിക്കും കഴിയില്ല എന്നതും യാഥാർഥ്യമാണ്.
ഇന്ത്യയെ ഒഴിവാക്കി മത്സരിക്കാനാകില്ല
പുതിയ സർവീസുകളെ കുറിച്ചാണ് മാധ്യമ ലോകം തേടിയതെങ്കിലും തീർച്ചയായും എതിരാളികളായി കരുതുന്ന എയർ ഇന്ത്യ, ഇൻഡിഗോ എന്നിവയോടു മത്സരിക്കാൻ തയ്യാറായേ ഇന്ത്യയിൽ കൂടുതൽ റൂട്ടുകൾ പ്രഖ്യാപിക്കാനാകൂ എന്നും എന്നാൽ അതുണ്ടാകും എന്നും തന്ത്രപരമായ മറുപടിയാണ് ഡോയൽ നൽകിയത്. പക്ഷെ ഡൽഹിയിലേക്കും മുംബൈയിലേക്കും കൂടുതൽ സർവീസ് നടത്താൻ ചർച്ചകൾ പുരോഗമിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാരെ കിട്ടില്ല എന്ന് കാലങ്ങളായി ഇന്ത്യൻ വ്യോമയാന മന്ത്രാലയം പറഞ്ഞിരുന്ന ലണ്ടൻ - കൊച്ചി റൂട്ടിൽ കഴിഞ്ഞ മൂന്നു വർഷമായി ആഴ്ചയിൽ മൂന്നു ദിവസം നിറയെ യാത്രക്കാരുമായി പറക്കുന്ന എയർ ഇന്ത്യ ബിസിനസ് രംഗത്ത് എതിരാളികളായ വിമാനക്കമ്പനികളെ അത്ഭുതപ്പെടുത്തുന്നണ്ട് എന്നത് വസ്തുതയാണ്.
ബ്രിട്ടീഷ് എയർവേയ്സിന്റെ ലണ്ടനിലേക്ക് എത്തുന്ന ഇന്ത്യൻ യാത്രക്കാരിൽ 30 ശതമാനം പേർ അമേരിക്കയിലേക്കുള്ള യാത്രക്കാർ ആണെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രക്കരുടെ എണ്ണം കൂടുന്നതോടെ കുറഞ്ഞ നിരക്കുമായി മത്സരിക്കാൻ സാധ്യത സൃഷ്ടിക്കും എന്നും ഷ്വൻ തുടർന്നു. റഷ്യൻ യുദ്ധം ഉണ്ടയാത്തിനെ തുടർന്നു കൂടുതൽ സുരക്ഷിതമായ വ്യോമപാത സ്വീകരിച്ച ബ്രിട്ടീഷ് എയർവേയ്സിന് ഏഷ്യൻ ട്രിപ്പുകൾക്കായി രണ്ടര മണിക്കൂർ വരെ അധികമായി പറക്കേണ്ടി വരുന്നുണ്ട്. ഇങ്ങനെ സാഹചര്യങ്ങൾ പലതും പരിഗണിച്ചേ ഇന്ത്യയിലെ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുന്ന കാര്യം തീരുമാനിക്കാനാകൂ എന്ന വ്യക്തതയാണ് ഇപ്പോൾ പുറത്തു വരുന്നത്. യുദ്ധ സാഹചര്യത്തിൽ ഇന്ത്യൻ യാത്രക്കായി ഇപ്പോൾ ബ്രിട്ടീഷ് എയർവേയ്സ് വിമാനങ്ങൾ അധികമായി 20 മിനിറ്റ് പറക്കുന്നുണ്ട്.
എയർ ഇന്ത്യ സർവീസ് പ്രഖ്യാപിക്കും മുൻപ് തന്നെ ബ്രിട്ടീഷ് എയർവേയ്സ് കൊച്ചിയിൽ സർവീസ് നടത്തുന്ന കാര്യം പ്രാഥമിക പഠനം നടത്തിയതും കൊച്ചിയിലേക്ക് വിദഗ്ധരെ അയച്ചതുമാണ്. എന്നാൽ ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും ബാംഗ്ളൂരിലേക്കും ലണ്ടനിൽ നിന്നും നേരിട്ട് സർവീസ് നടത്തുന്ന ബ്രിട്ടീഷ് എയർവേയ്സ് എന്തുകൊണ്ടോ കൊച്ചിയെ വിട്ടുകളയുക ആയിരുന്നു. എയർ ഇന്ത്യക്ക് ലാൻഡിങ് ഫീ ഇളവും ജീവനക്കാർക്ക് സൗജന്യ ഹോട്ടൽ താമസവും അടക്കം ഓരോ ഫ്ളൈറ്റിനും രണ്ടു ലക്ഷം രൂപ ചെലവാക്കുന്ന കൊച്ചി എയർപോർട്ട് സമാനമായ വാഗ്ധാനങ്ങൾ ബ്രിട്ടീഷ് എയർവെയ്സിനും നൽകിയിരുന്നതായാണ് പുറത്തു വരുന്ന വിവരം. എന്നാൽ എന്തുകൊണ്ടോ ബ്രിട്ടീഷ് എയർവേയ്സ് പുതിയ സർവീസ് എന്ന ആശയത്തിലേക്ക് കൂടുതൽ അടുക്കാൻ തയ്യാറായില്ല, സ്വാഭാവികമായും സിയാൽ അടക്കം തുടക്കത്തിൽ കാട്ടിയ ആവേശത്തിൽ നിന്നും പിൻവാങ്ങുകയും ചെയ്തു.
ആകാശ വമ്പന്മാരുടെ കണ്ണുകൾ ഇന്ത്യയിലേക്ക്
ഈ ഘട്ടത്തിലാണ് ഉദ്യോഗസ്ഥ തലത്തിൽ ലഭ്യമായ സൂചന എന്ന മട്ടിൽ കൊച്ചിയിലേക്ക് ലണ്ടനിൽ നിന്നും പുതിയ വിമാനം വരുന്നു എന്ന സൂചനയോടെ വാർത്തകൾ പുറത്തു വന്നത്. എന്നാൽ ഇതിനു മാസങ്ങൾ കഴിഞ്ഞിട്ടും സ്ഥിരീകരണം നൽകാൻ മാധ്യമങ്ങളെ കാണാൻ എത്തിയ ബ്രിട്ടീഷ് എയർവേയ്സ് സി ഇ ഓ തയ്യാറാകുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിലെ അഞ്ചു നഗരങ്ങളിലേക്കായി ഇപ്പോൾ ആഴ്ചയിൽ 56 സർവീസുകളാണ് ബ്രിട്ടീഷ് എയർവേയ്സ് നടത്തുന്നത്. ആകെയുള്ള 35000 ജീവനക്കാരിൽ രണ്ടായിരം പേരെ കമ്പനി നിയോഗിച്ചിരിക്കുന്നത് ഇന്ത്യൻ സേവനത്തിനാണ്.
ഇന്ത്യൻ വ്യോമയാന സർവീസിൽ കൂടുതൽ വിപണി വിഹിതം കയ്യാളുന്ന ഇൻഡിഗോയും തൊട്ടു പിന്നിൽ ഉള്ള എയർ ഇന്ത്യയും ചേർന്ന് 970 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയത് അൽപം ഞെട്ടലോടെയാണ് ലോകം കേട്ടിരുന്നത്. ഇതോടെ ലോക വ്യോമയാന വമ്പന്മാർ ഇന്ത്യൻ ആകാശത്തേക്ക് കണ്ണ് വയ്ക്കുകയാണ് എന്ന സൂചന തന്നെയാണ് ബ്രിട്ടീഷ് എയർവേയ്സ് സിഇഒ ഷ്വൻ, സിസിഒ കാളാം ലാമിങ് എന്നിവരുടെ ഡൽഹി സന്ദർശനം തെളിയിക്കുന്നത്.
ഇന്ത്യൻ വ്യോമയാന രംഗത്ത് കേന്ദ്ര സർക്കാർ നടത്തുന്ന നിക്ഷേപങ്ങളും കൂടുതൽ വിമാനകമ്പനികളെ ഇന്ത്യൻ മണ്ണിൽ എത്തിക്കുകയാണ്. കഴിഞ്ഞ ഒൻപതു വർഷത്തെ കണക്കിൽ 74 വിമാനത്താവളങ്ങളിൽ നിന്നും 148 ലേക്ക് എത്തിയതും ഏറ്റവും വേഗത്തിൽ 220 വിമാനത്താവളങ്ങൾ സാധ്യമാക്കാൻ ഉള്ള തയ്യാറെടുപ്പും ഒക്കെ നൽകുന്ന സൂചന കൂടുതൽ വിമാനങ്ങളുടെ വരവ് തന്നെയാണ്. റീജിയണൽ കണക്റ്റിവിറ്റി സ്കീം എന്ന പേരിൽ ആഭ്യന്തര വിമാന സർവീസ് പ്രോത്സാഹിപ്പിക്കാൻ ഉള്ള നീക്കവും ഇന്ത്യയിലെ വിദൂര പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ സഹായമാകും.
ഇത് ഇന്ത്യൻ സൗന്ദര്യം തേടി എത്തുന്ന വിദേശ സഞ്ചാരികൾക്കും കൂടുതൽ സൗകര്യമാകും, മാത്രമല്ല കണക്ടിവിറ്റി കൂടുന്നതോടെ കൂടുതൽ സഞ്ചാരികൾ എത്താൻ കാരണമാകുകയും ചെയ്യും. ബ്രിട്ടീഷ് എയർവേയ്സ് ലണ്ടനിൽ നിന്നും കൊച്ചി സർവീസ് തുടങ്ങിയാൽ യുകെ മലയാളികൾക്ക് മാത്രമല്ല കേരള ടൂറിസത്തിനും അത് നേട്ടത്തിലേക്ക് വഴി തുറന്നു വയ്ക്കുമെന്നു ഉറപ്പാണ്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.