- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറുന്നൂറു വർഷം നോർവേയുടെ കൈവശമുണ്ടായിരുന്ന പ്രദേശം; 1472 ൽ സ്കോട്ട്ലണ്ടിന്റെ പരിധിയിലാകുന്നു; നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്‌കോട്ടിഷ് മനസ്സിപ്പോഴും നോർവെയ്ക്കൊപ്പം; ഓക്നി ദ്വീപിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്
എട്ടും ഒൻപതും നൂറ്റാണ്ടുകളിലായി ഭൂമി തേടി നടന്ന വൈക്കിങ് വംശജർ ഓക്നി ദ്വീപിലും ഷെറ്റ്ലാൻഡിലുമായി സ്ഥിരതാമസമാക്കുകയായിരുന്നു. തികഞ്ഞ യോദ്ധാക്കൾ ആയിരുന്നിട്ടുകൂടി അവർ അവിടെ നയിച്ചത് കർഷക ജീവിതമായിരുന്നു. ഏകദേശം ആറ് നൂറ്റാണ്ടോളം അങ്ങനെ ഓക്നി ഐലൻഡ് നോർവേയുടെ അധീനതയിൽ തുടർന്നു. പിന്നീട് ക്രിസ്ത്യൻ ഒന്നാമൻ രാജാവ് തന്റെ മകളെ സ്‌കോട്ട്ലാൻഡിലെ ജെയിംസ് മൂന്നാമൻരാജാവിന് വിവാഹം കഴിച്ച് നൽകിയതോടെയായിരുന്നു ഓക്നിയുടെ തലവര മാറുന്നത്.
അന്ന് മകൾക്ക് നൽകാനുള്ള സ്ത്രീധന ബാക്കിക്കുള്ള ഉറപ്പായി ഓക്നി ഐലൻഡ് സ്‌കോട്ട്ലാൻഡിന് നൽകുകയായിരുന്നു. ക്രിസ്ത്യൻ ഒന്നാമൻ രാജാവിന് ആ പണം നൽകാനാകാതെ വന്നതോടെ 1472 മുതൽ ഓക്നി സ്‌കോട്ട്ലാൻഡിന്റെ ഭാഗമായി മാറി. നൂറ്റാണ്ടുകൾ സ്‌കോട്ട്ലാണ്ടിന് കീഴിൽ തുടർന്നെങ്കിലും, ഇന്നും, അവിടത്തെ ജനതയുടെ മനസ്സിനുള്ളിൽ തങ്ങളുടെ ആദി മാതൃരാജ്യമായ നോർവേയോട് ഒരു പ്രത്യേക മമതയുണ്ട്.
അതിനെ ഒന്നു കൂടി വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ പുറത്തു വന്ന വാർത്ത. ഓക്നിയിലെ പ്രാദേശികാധികാരികൾ ബ്രിട്ടൻ വിട്ടു പോകുന്നതിനും, നോർവേയുടെ കീഴിൽ ഒരു സ്വയം ഭരണ പ്രദേശമായി തുടരുന്നതിനും പരിഗണിക്കുന്നു എന്നതായിരുന്നു ആ വാർത്ത. ഇന്നത്തെ വടക്കൻ സ്‌കോട്ട്ലാൻഡ് വരെ ആക്രമിച്ച് കീഴടക്കിയ ആദ്യത്തെ യഥാർത്ഥ ഏൾ ഓഫ് ഓക്നി ആയ സിഗേഡ് ദി മൈറ്റി മുതൽ ത്രോഫ്രിൻ, ദ്കൾ സ്പ്ലിറ്റർ എന്നറിയപ്പെടുന്ന അവസാനത്തെ ഏൾ വരെയുള്ള ഓക്നി വീരനായകരുടെ കഥകൾ ഇവിടത്തെ പുതിയ തലമുറയേയും ത്രസിപ്പിക്കുന്നവയാണ്.
നോഴ്സ് പൈതൃകത്തിന്റെ സമ്പന്നത വിളിച്ചോതുന്ന, 1137 ൽ നിർമ്മിച്ച സെയിന്റ് മാംഗസ് കത്തീഡ്രൽ പോലുള്ള ശില്പകലാ വിസ്മയങ്ങൾ ഓക്നിയുടെ പൂർവ്വകാല സ്മൃതികളിലേക്ക് അവിടത്തെ നിവാസികളെ കൊണ്ടുപോകാൻ പര്യാപതമാണ്. വൈക്കിങ് വംശജർ എത്തുന്നതിനു മുൻപായി ഇവിടെ വസിച്ചിരുന്നത് പിക്റ്റ്സ് വംശജരായിയുന്നു. ഏറ്റവും പുരാതനമായ സ്‌കോട്ടിഷ് തദ്ദേശവാസികളാണവർ. വൈക്കിങ് വംശജർ പിടിച്ചടക്കി മൂന്ന് നൂറ്റാണ്ടുകൾക്കുള്ളിൽ പിക്റ്റ്സ് വംശജരുടെ ഓർമ്മകൾ പോലും അവിടെ ഇല്ലാതെയാവുകയായിരുന്നു.
പിന്നീട് 1707 ലെ ലയന കരാർ പ്രകാരം സ്‌കോട്ട്ലാണ്ട്, ബ്രിട്ടന്റെ ഭാഗമായപോൾ, ഓക്നിയും ബ്രിട്ടനിലായി. അതിനിടയിലായിരുന്നു ബ്രിട്ടനിൽ നിന്നും മാറി നോർവേയുടെ കീഴിൽ ഒരു സ്വയംഭരണ പ്രദേശമായി നിലകൊള്ളുന്നത് പരിഗണിക്കാൻ ഓക്നി കൗൺസിൽ തീരുമാനിച്ചത്. ഇന്നാണ് അതിനുള്ള പ്രമേയം കൗൺസിൽ പരിഗണിക്കുക. ആവശ്യത്തിനുള്ള സാമ്പത്തിക സഹായം സ്‌കോട്ട്ലാൻഡിൽ നിന്നും ലഭിക്കുന്നില്ല എന്നതാണ് അതിനുള്ള കാരണമായി അവർ പറയുന്നത്.
മറുനാടന് ഡെസ്ക്