തിരുവനന്തപുരം: നിയമ സഭയിൽ മുൻ എം എൽ എ യും നിലവിൽ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടിയടക്കമുള്ള സി പി എം എം എൽ എ മാർ സ്പീക്കറുടെ ഡയസും കംപ്യൂട്ടറും വിദേശ നിർമ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതൽ നശിപ്പിച്ച നിയമസഭാ കൈയാങ്കളി കേസിൽ തുടരന്വേഷണത്തിന് അനുമതി തേടിയുള്ള ക്രൈംബ്രാഞ്ച് ഹർജിയിൽ ക്രൈംബ്രാഞ്ചിനും പ്രോസിക്യൂഷനും കോടതിയുടെ രൂക്ഷ വിമർശനം. വൈകി വന്ന വിവേകമോയെന്ന് കോടതി ചോദിച്ചു.

അനുബന്ധ കുറ്റപത്രം സമർപ്പിക്കും വരെ കേസ് വിചാരണ നിർത്തിവെക്കണമെന്ന പൊലീസ് ആവശ്യത്തെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേൽ രൂക്ഷമായി വിമർശിച്ചു. തുടരന്വേഷണം നടത്തും മുമ്പ് അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്ന് ഇപ്പോൾ എങ്ങനെ പറയുമെന്ന് കോടതി ചോദിച്ചു. പൊലീസിന്റെ ഹർജിയിൽ 6 ന് വിധി പറയും. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കും വരെ കേസ് വിചാരണ നിർത്തിവെക്കണമെന്ന് സിജെഎം കോടതിയിലാണ് പൊലീസ് ആവശ്യപ്പെട്ടത്.

കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതികളെ വായിച്ചു കേൾപ്പിച്ച് വിചാരണ തിയതി നിശ്ചയിക്കാനിരിക്കെയാണ് പൊലീസിന്റെ ഈ നാടകീയ നീക്കം. സംഘർഷത്തിൽ എംഎൽഎമാർക്ക് പരിക്കേറ്റതടക്കമുള്ള കൂടുതൽ വസ്തുതകളിൽ തുടരന്വേഷണം വേണമെന്നാണ് പൊലീസ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ ഇ.എസ്. ബിജിമോളും ഗീതാഗോപിയും സമാന ആവശ്യം ഉന്നയിച്ച് നൽകിയിരുന്നെങ്കിലും അത് കഴിഞ്ഞ ദിവസം അവർ തന്നെ പിൻവലിച്ചിരുന്നു. സംഭവത്തിൽ തുടരന്വേഷണം നടത്തുന്നത് വരെ വിചാരണ നിർത്തിവെയ്ക്കുന്നത് കേസിലെ പ്രതികളായ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പടെയുള്ളവർക്ക് ഗുണകരമാകും.

എന്നാൽ പൊലീസിന്റെ ഈ ആവശ്യത്തിൽ സിജെഎം കോടതി രൂക്ഷമായി വിമർശിക്കുകയായിരുന്നു. തുടരന്വേഷണത്തിൽ പുതിയതായെന്തെങ്കിലും കണ്ടെത്തിയാൽ മാത്രമേല്ല അനബന്ധ കുറ്റപത്രത്തിന് പ്രസക്തി ഉള്ളൂവെന്നും കോടതി ചോദിച്ചു. പൊലീസിന്റെ ഈ നിലപാടിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഇതോടെ അപേക്ഷയിൽ ഉടൻ തിരുത്ത് വരുത്താം. അനുബന്ധ കുറ്റപത്രം സമർപ്പിക്കാമെന്ന ഭാഗം മാറ്റാമെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു. കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം സുപ്രീംകോടതിയും മുമ്ബ് തള്ളിയിരുന്നു.

അതേ കൃത്യ ദിവസം നടന്ന 2 കേസുകൾ മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നിന്നും വിളിച്ചു വരുത്തി കൈയാങ്കളിക്കേസിനൊപ്പം കൂട്ടു വിചാരണ ചെയ്യണമെന്ന് 3 പ്രതികൾ സമർപ്പിച്ച ഹർജിയിൽ ഉത്തരവ് പ്രഖ്യാപിക്കാനിരിക്കെയാണ് പൊലീസ് ഹർജിയെത്തിയത്. 2011-16 ലെ ഇടത് എംഎൽഎ മാരായ .1 കെ.അജിത് , 2 .കുഞ്ഞമ്പു മാസ്റ്റർ , 3. മുൻ കായിക മന്ത്രിയും നിലവിൽ എൽ ഡി എഫ് കൺവീനറുമായ ഇ.പി.ജയരാജൻ , 4. സി.കെ.സദാശിവൻ , 5 . നിലവിൽ സംസ്ഥാന വിദ്യാഭ്യസ മന്ത്രി വി. ശിവൻകുട്ടി , 6. മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.റ്റി. ജലീൽ എന്നിവരാണ് നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നേരിടേണ്ടത്.

ഒന്നാം പ്രതി അജിത് , നാലാം പ്രതി സി.കെ.സദാശിവൻ, ആറാം പ്രതി കെ.റ്റി.ജലീൽ എന്നിവരാണ് പുതിയ ഹർജിയുമായി കോടതിയെ സമീപിച്ചത്. നിയമസഭക്കകത്ത് കെ.കെ.ലതിക എംഎൽഎയെ തടഞ്ഞു നിർത്തി മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ എം എൽ എ മാരായ എം.എ.വാഹിദ് , എ. റ്റി.ജോർജ് എന്നിവർ കൈയേറ്റവും ബലപ്രയോഗവും നടത്തിയെന്ന കേസും നിയമസഭാ കൈയാങ്കളി കൃത്യസമയം ജമീല പ്രകാശം എംഎൽ എയെ എംഎൽഎമാരായ കെ.ശിവദാസൻ നായരും ഡൊമിനിക് പ്രസന്റേഷനും ചേർന്ന് മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസും ഒരുമിച്ച് വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടാണ് 3 പ്രതികൾ ഹർജി സമർപ്പിച്ചത്.

അതേ സമയം ഈ രണ്ടു കേസുകളുടെയും വിചാരണ അടക്കമുള്ള തുടർനടപടികൾ ഹൈക്കോടതി 2022 ൽ സ്റ്റേ ചെയ്തിട്ടുണ്ട്. തുടരന്വേഷണം വേണമെന്ന മുൻ എംഎൽഎ മാരായ ഇ എസ് ബിജിമോളും ഗീത ഗോപിയുമടങ്ങുന്ന സിപിഐ വനിത നേതാക്കൾ നൽകിയ ഹർജി സ്വമേധയാ പിൻവലിച്ചതിനെ തുടർന്ന് വിചാരണ തീയതി 19 ന് ഷെഡ്യൂൾ ചെയ്യാനിരിക്കെയാണ് പ്രതികളുടെ പുതിയ ഹർജിയെത്തിയത്.