തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കെതിരെ കൊലവിളി നടത്തുന്ന പി.വി.അൻവർ എംഎ‍ൽഎയെ കൊടും ക്രിമിനലായി പ്രഖ്യാപിക്കണമെന്ന് സിപിഐ നേതാവ് സി ദിവാകരൻ. മാധ്യമപ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കും നേരെ പി.വി. അൻവർ എംഎൽഎ നടത്തുന്ന കൊലവിളിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റെ നാലാംതൂണ് അടിച്ചു തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമപ്രവർത്തകർ അവരുടെ തൊഴിൽ ചെയ്യുമ്പോൾ അവരെ വധിക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നവരെ ക്രിമിനലായി പ്രഖ്യാപിക്കുന്നതിൽ തെറ്റൊന്നുമില്ല. മാധ്യമ പ്രവർത്തകരുടെ സംരക്ഷണത്തിനായി മുഴുവൻ രാഷ്ട്രീയ പ്രവർത്തകരും ഉണ്ടാകുമെന്ന് സി ദിവാകരൻ പറഞ്ഞു.



കെ .പി .സി .സി ജനറൽ സെക്രട്ടറി ജി.എസ്.ബാബു , ബി .ജെ .പി ജില്ലാ പ്രസിഡന്റ് വി. വി. രാജേഷ് , മുതിർന്ന മാധ്യമ പ്രവർത്തകരായ ജെ.അജിത് കുമാർ. പ്രസാദ് നാരായണൻ, പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ, സെക്രട്ടറി കെ.എൻ. സാനു, ഭാരവാഹികളായ ഉള്ളൂർ രാജേഷ് , എ.വി.മുസാഫിർ , ശാലിമ എം.എൽ സജിത് വഴയില, റ്റി.സി . ഷിജുമോൻ എന്നിവർ സംസാരിച്ചു.

മാധ്യമങ്ങളെ വെല്ലുവിളിക്കുകയും മാധ്യമപ്രവർത്തകരെ വെല്ലുവിളിക്കുകയും ചെയ്യുന്ന അൻവറിന്റെയും സൈബർ ഗുണ്ടകളുടെയും അഴിഞ്ഞാട്ടത്തിനെതിരെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത്. പ്രസ് ക്ലബിനു മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകരടക്കം പങ്കെടുത്തു.



ഓൺലൈൻ മാധ്യമങ്ങൾക്കെതിരേ എന്ന പേരിൽ ഭരണപക്ഷ എംഎൽഎ തുടങ്ങി വച്ച സൈബർ ഗുണ്ടായിസവും ഭീഷണികളും എല്ലാ സീമകളും ലംഘിച്ചതോടെയാണ് കടുത്ത പ്രതിഷേധം ഉയർന്നത്. വിമർശിക്കുന്ന മാധ്യമങ്ങളേയും മാധ്യമപ്രവർത്തകരേയും ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യമെന്ന മട്ടിലാണ് എംഎൽഎയും സംഘവും മുന്നോട്ടു പോയത്.

അൻവറിന്റെ അനധികൃത റിസോർട്ട്, തടയണ, കള്ളപ്പണം തുടങ്ങിയവയൊക്കെ മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് മാധ്യമ വേട്ട തുടങ്ങിയത്. വേട്ടയാടപ്പെടുന്ന മാധ്യമപ്രവർത്തകരെ പിന്തുണച്ചതിന്റെ പേരിൽ പ്രസ് ക്ലബ് പ്രസിഡന്റിനെ കൊല്ലുമെന്നും സൈബർ ഗുണ്ടകൾ സമൂഹമാധ്യമങ്ങൾ വഴിയും ഫോണിലും ഭീഷണി മുഴക്കിയതോടെയാണ് മാധ്യമ പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

മാധ്യമങ്ങളെ വെല്ലുവിളിക്കുകയും മാധ്യമ പ്രവർത്തകരെ വൺ ടു ത്രീ നമ്പറിട്ട് വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എംഎൽഎയെ നിലയ്ക്കു നിർത്താനും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനും മുഖ്യമന്ത്രി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് മാർച്ചിൽ അണിചേർന്നത്.