- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
യമുനയിലെ ജലനിരപ്പ് 45 വർഷത്തിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ; നദീതീരത്തെ വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിൽ; ഡൽഹി പ്രളയഭീതിയിൽ; നിരോധനാജ്ഞ; അമിത് ഷായ്ക്ക് കത്തയച്ച് കെജ്രിവാൾ
ന്യൂഡൽഹി: യമുന നദിയിലെ ജലനിരപ്പ് 45 വർഷത്തിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ എത്തിയതോടെ ഡൽഹി പ്രളയഭീതിയിൽ. 207.55 മീറ്ററാണ് ഇപ്പോൾ ജലനിരപ്പ്. 45 വർഷം മുൻപ് 207.49 മീറ്റർ വരെയാണ് ജലനിരപ്പ് ഉയർന്നത്. നദീതീരത്തെ വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. ഡൽഹിയിൽ പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഹത്‌നികുണ്ഡ് അണക്കെട്ട് ഹരിയാണ തുറന്നു വിടുന്നതിൽ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കത്തയച്ചു. യമുനയിലെ ജലനിരപ്പ് ഉയരാൻ കാരണം മഴയല്ലെന്നും അണക്കെട്ട് തുറന്നതോടെയാണ് നദി അപകടനിലയിലെത്തിയതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി അണക്കെട്ടിൽനിന്ന് കൂടുതൽ വെള്ളം ഒഴുക്കരുതെന്നാണ് കേജ്രിവാൾ ആവശ്യപ്പെടുന്നത്. രാജ്യതലസ്ഥാനത്ത് പ്രളയമുണ്ടാകുന്നത് ലോകത്തിനു നല്ല സന്ദേശമായിരിക്കില്ല നൽകുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ കേജ്രിവാൾ പറഞ്ഞു.
''ഹത്‌നികുണ്ഡ് അണക്കെട്ടിൽനിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണം. വരും ആഴ്ചകളിൽ ഡൽഹിയിൽ ജി20 യോഗം നടക്കാൻ പോകുകയാണ്. ദുരന്തത്തിൽനിന്നു ജനത്തെ ഒരുമിച്ചുനിന്നു രക്ഷിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്കു മാറണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം.
രണ്ട് ദിവസമായി ഡൽഹിയിൽ മഴ പെയ്യുന്നില്ലെങ്കിലും യമുനയിലെ ജലനിരപ്പ് ഉയരുകയാണ്. ഹത്‌നികുണ്ഡ് ബാരേജിൽനിന്ന് വെള്ളം ഒഴുക്കിവിടുന്നതുകൊണ്ടാണ് ജലനിരപ്പ് കുറയാത്തത്. അതിനാൽ കേന്ദ്രം അടിയന്തരമായി വിഷയത്തിൽ ഇടപെടണം'' കേജ്രിവാൾ ആവശ്യപ്പെട്ടു. സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം വിളിച്ചു.
പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാംപുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രളയസാധ്യതാ പ്രദേശങ്ങൾ നിരീക്ഷിക്കുന്നതിനായി 16 കൺട്രോൾ റൂമുകൾ ഡൽഹി സർക്കാർ തുറന്നു. വെള്ളക്കെട്ടുൾപ്പടെയുള്ള പ്രശ്‌നങ്ങൾ ദ്രുതഗതിയിൽ പരിഹരിക്കുമെന്നും അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി.
അർധരാത്രിയോടെ ജലനിരപ്പ് ഉയർന്ന് 207.72 മീറ്ററെങ്കിലും കടന്നേക്കുമെന്നുംഡൽഹി ജലസേചന-പ്രളയനിവാരണ വകുപ്പ് അറിയിച്ചിരുന്നു.ഇതിനു മുമ്പ് 1978-ലാണ് ഇത്തരത്തിൽ യമുനയിലെ ജലനിരപ്പ് അപകട സൂചിക മറികടന്നതെന്നും അന്ന് അതിശക്തമായ പ്രളയത്തിനാണ് ഡൽഹി സാക്ഷ്യം വഹിച്ചതെന്നുമുള്ള ആശങ്കയും കെജ്രിവാൾ പങ്കുവെച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രി മാത്രം 3 ലക്ഷം ക്യുസെക്‌സ് വെള്ളമാണ് ഹത്‌നികുണ്ഡ് അണക്കെട്ടിൽ നിന്നും യമുനയിലേക്ക് തുറന്നു വിട്ടത്.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്നായിരുന്നു അണക്കെട്ട് തുറന്നത്. സാധാരണനിലയിൽ 352 ക്യുസെക്സ് വെള്ളമാണ് അണക്കെട്ടിൽ നിന്ന് നദിയിലേക്ക് തുറന്നു വിടുന്നത്.
പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ നഗരത്തിന്റെ പല ഭാഗങ്ങളിലായി ക്രമീകരിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രളയസാധ്യതാ പ്രദേശങ്ങൾ നിരീക്ഷിക്കുന്നതിനായി 16 കൺട്രോൾ റൂമുകൾ ഡൽഹി സർക്കാർ തുറന്നു. വെള്ളക്കെട്ടുൾപ്പടെയുള്ള പ്രശ്‌നങ്ങൾ ദ്രുതഗതിയിൽ പരിഹരിക്കുമെന്നും അതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.




