- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പോക്‌സോ കേസ് പ്രതികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും പൊലീസുമായി ഒത്തുകളിച്ചു; പ്രവാസി വ്യവസായിയെ രക്ഷിക്കാൻ ഇടപെട്ടു; പെൺകുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് കേസ് ഒത്തുതീർപ്പാക്കി'; ജോർജ്ജ്.എം.തോമസിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ല സെക്രട്ടേറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ്ജ് എം തോമസിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. പോക്‌സോ കേസ് പ്രതികളെ രക്ഷിക്കാൻ പൊലീസുമായി ജോർജ്ജ് എം തോമസ് ഒത്തുകളിച്ചെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ ആരോപിച്ചു. ഗുരുതര സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് ജോർജ് എം തോമസിനെ ഒരു വർഷത്തേക്ക് സിപിഎം സസ്‌പെൻഡ് ചെയ്തതിന് തൊട്ടുപുറകേയാണ് പോക്‌സോ കേസ് ആരോപണമുയരുന്നത്.
തിരുവമ്പാടി മുൻ എംഎൽഎ ജോർജ് എം.തോമസിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത് പോക്‌സോ കേസ് ഒതുക്കിയെന്ന പരാതിക്ക് പിന്നാലെയായിരുന്നു. സിപിഎം അനുഭാവി കുടുംബത്തിലെ പെൺകുട്ടിയുടെ പോക്‌സോ പരാതിയിൽ പ്രതിയെ രക്ഷിക്കാനായി ജോർജ് എം.തോമസ് ഇടപെട്ടുവെന്നാണ് ആരോപണം. കോൺഗ്രസ് പ്രവാസി സംഘടനാ നേതാവായ വ്യവസായിയെ രക്ഷിക്കാനായാണ് ഇടപെട്ടതെന്നാണ് ആരോപണം. 2007ൽ ജോർജ് എം.തോമസ് എംഎൽഎയായിരിക്കുമ്പോഴാണ് സംഭവം.
തിരുവമ്പാടി എംഎൽഎ ആയിരുന്ന സമയത്തുകൊടിയത്തൂരിലെ ഒരു പ്രവാസി വ്യവസായി ഉൾപ്പെട്ട പോക്‌സോ കേസ് ജോർജ് എം തോമസ് അട്ടിമറിച്ചെന്നാണ് ആരോപണം.. വയനാട്ടിലെ റിസോർട്ടിൽ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായത് സിപിഎം കുടുംബാംഗമായ പെൺകുട്ടി. വ്യവയായിയുൾപ്പെടെയുള്ള പ്രതികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും പൊലീസുമായി ജോർജ്ജ് എം തോമസ് ഒത്തുകളിച്ചെന്നാണ് ആരോപണം. പെൺകുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് കേസ് ഒത്തുതീർപ്പാക്കിയെന്നുമുള്ള ഗുരുതര ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്
ക്വാറി , ക്രഷർ മാഫിയയുമായുള്ള ബന്ധം, അനധികൃത സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ പരാതിയിന്മേൽ കഴിഞ്ഞ ദിവസമാണ് ജോർജ്ജ് എം തോമസിനെ സിപിഎം സസ്‌പെന്റ് ചെയ്തത്. ആരോപണങ്ങൾ അന്വേഷിച്ച പാർട്ടി രണ്ടംഗ കമ്മീഷൻ, പോക്‌സോ ആരോപണത്തിലും കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. നടപടിയെക്കുറിച്ചോ, ആരോപണങ്ങളേക്കുറിച്ചോ പരസ്യപ്രതികരണത്തിനില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്.
പൊലീസിനെ സ്വാധീനിച്ച് കോൺഗ്രസ് നേതാവിനെ കേസിൽ നിന്നൊഴിവാക്കിയെന്നും പാർട്ടി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കേസിലെ മറ്റു പ്രതികൾ ഇപ്പോഴും ശിക്ഷ അനുഭവിക്കുകയാണ്. അതേസമയം, ഇതുമായി ബന്ധപ്പെട്ടോ സസ്‌പെൻഷനിലോ പ്രതികരിക്കാനില്ലെന്ന് ജോർജ് എം തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഗുരുതരമായ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളും സാമ്പത്തിക ആരോപണങ്ങളും ചൂണ്ടിക്കാട്ടി ജോർജ് എം തോമസിനെ സിപിഎം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ജില്ലാ സെക്രട്ടറിയറ്റ് അംഗവും കർഷക സംഘം ജില്ലാ നേതാവുമായ ജോർജ് എം. തോമസിനെ പോഷക സംഘടനാ ഭാരവാഹിത്വത്തിൽ നിന്നു നീക്കാനും തീരുമാനിച്ചിരുന്നു. തിരുവമ്പാടി ഏരിയാ കമ്മിറ്റിയാണ് സിപിഎം സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നത്.
ജോർജ് എം തോമസിനെതിരെയുള്ള നടപടി പരസ്യപ്പെടുത്തിയാൽ കൂടുതൽ ആരോപണങ്ങൾ പുറത്തുവരുമെന്ന് പാർട്ടി നേതൃത്വത്തിന് വിവരമുണ്ട്. ആരോപണ വിധേയനായ ജോർജ്ജ് എം തോമസിനെതിരെ പൊലീസ് നടപടിയാവശ്യപ്പെട്ട് തിരുവമ്പാടിയിൽ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയും കോൺഗ്രസ് പ്രവർത്തകരും വ്യാപക പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്
മറുനാടന്‍ മലയാളി ബ്യൂറോ