പത്തനംതിട്ട: സിപിഎം ഏരിയാ കമ്മറ്റിയംഗം പ്രസിഡന്റായ മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പ് ആദ്യമായി റിപ്പോർട്ട് ചെയ്തത് മറുനാടനായിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ തൊടാൻ മടിച്ച വിഷയത്തിൽ മറുനാടൻ തുടരെ വാർത്തകൾ നൽകി. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് പുറത്തായതോടെ സഹകാരികൾ ഇളകി. ബാങ്കിന് മുന്നിൽ സമരം തുടങ്ങി. അതോടെ മുഖ്യധാരാ മാധ്യമങ്ങളും വാർത്ത ഏറ്റു പിടിച്ചു.

മറുനാടൻ വ്യാജവാർത്ത നൽകിയെന്ന മട്ടിൽ സെക്രട്ടറിയും പ്രസിഡന്റും സിപിഎം സൈബർ സംഘവും പ്രചാരണം നടത്തി. എന്നാലിതാ, ഇപ്പോൾ മറുനാടൻ പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു. കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചു. ജോഷ്വായുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഉത്തരവിട്ടത്.

അന്വേഷണം ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എക്കണോമിക് ഓഫൻസ് വിങ് ഡിവൈ.എസ്‌പി എം.എ അബ്ദുൾ റഹിം കേസിന്റെ അന്വേഷണം സംബന്ധിച്ച് കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. ഇത് പരിഗണിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചത്. ജോഷ്വാ മാത്യു ഓഗസ്റ്റ് ഒന്നിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുള്ള ആവശ്യമാണ് അന്വേഷണ ഉദ്യോഗസ്ഥൻ മുന്നോട്ടു വച്ചത്. പ്രതി അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകുമ്പോൾ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാമെന്നും കോടതി നിർദേശിച്ചു.

മൈലപ്ര ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ്് റോളർ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയിൽ 3.94 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ഇതു സംബന്ധിച്ച് കോന്നി സഹകരണ ജോയിന്റ് രജിസ്ട്രാർ പത്തനംതിട്ട പൊലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് എക്കണോമിക് ഓഫൻസ് വിങ്ങിന് കൈമാറുകയായിരുന്നു. ഡിവൈ.എസ്‌പി എം.എ അബ്ദുൾ റഹിം നടത്തിയ അന്വേഷണത്തിൽ മറുനാടൻ മുൻപ് ചൂണ്ടിക്കാട്ടിയ കാര്യങ്ങളൊക്കെ സത്യമാണെന്ന് തെളിഞ്ഞു.

ഇല്ലാത്ത സ്റ്റോക്ക് ഉണ്ടെന്ന് കാട്ടിയാണ് തട്ടിപ്പ് നടത്തിയത്. ലോക്കൽ പൊലീസിന് തന്നെ ജോഷ്വാ മാത്യുവിനെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാൽ, സിപിഎം ഏരിയാ കമ്മറ്റിയംഗമായ ജെറി ഈശോ ഉമ്മൻ പ്രസിഡന്റായ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് പുറത്തു വന്നാൽ അത് പാർട്ടിയെ ബാധിക്കുമെന്ന തിരിച്ചറിവിൽ അറസ്റ്റും തുടരന്വേഷണവും അട്ടിമറിക്കുകയായിരുന്നുവെന്ന് പറയുന്നു. പലപ്പോഴായി ഈ കേസിൽ ജോഷ്വാ മാത്യു മുൻകൂർ ജാമ്യം തേടുകയുണ്ടായി. ഇത്രയും വലിയ തട്ടിപ്പ് നടത്തിയതിന് തെളിവുള്ള സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ എതിർത്തത്.

വായ്പ, നിക്ഷേപങ്ങൾ, പർച്ചേസ്, സൂപ്പർ മാർക്കറ്റ് നടത്തിപ്പ് എന്നിങ്ങനെ പല രീതികളിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. കോടികളുടെ നഷ്ടത്തിൽ ബാങ്ക് പ്രവർത്തിക്കുവെന്ന വാർത്ത മറുനാടൻ പുറത്തു വിട്ടതോടെ എതിർ പ്രചാരണവുമായി സിപിഎമ്മും സൈബർ സേനയും രംഗത്തു വന്നു. കെട്ടിച്ചമച്ച വാർത്തകൾ എന്നായിരുന്നു ഇവരുടെ വാദം. ഒടുക്കം മറ്റു മാധ്യമങ്ങൾ രംഗത്തു വരികയും സഹകരണ വകുപ്പ് തന്നെ അഴിമതി സ്ഥിരീകരിക്കുകയും ചെയ്തോടെ കുറ്റമെല്ലാം കോൺഗ്രസുകാരനായ മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ തലയിലാക്കി സിപിഎം നേതാക്കൾ നല്ല പിള്ള ചമയാൻ ശ്രമിച്ചു.

അതിനിടെയാണ് ബാങ്കിൽ 86.12 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന മറ്റൊരു പരാതിയിൽ മുൻ സെക്രട്ടറിയായ ജോ്വഷ്വാ മാത്യു, പ്രസിഡന്റും സിപിഎം ഏരിയാ കമ്മറ്റിയംഗവുമായ ജെറി ഈശോ ഉമ്മൻ എന്നിവരെ പ്രതികളാക്കി പത്തനംതിട്ട പൊലീസ് കേസെടുത്തത്. ഈ കേസിന്റെ അന്വേഷണവും നിലവിൽ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.

പ്രഥമദൃഷ്ട്യാ തെളിവുണ്ടായിട്ടും പ്രതികൾക്കെതിരേ ചെറുവിരൽ അനക്കാൻ പൊലീസ് തയാറായിട്ടില്ല. സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടാണ് അന്വേഷണം വൈകിപ്പിച്ചിരിക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നു.