- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഞങ്ങൾക്കു വിവാഹം കഴിക്കാനുള്ള പദ്ധതിയൊന്നുമില്ല; എന്റെ വീട്ടിലെ മറ്റ് സ്ത്രീകൾക്കൊപ്പം മറ്റൊരു മുറിയിലാണ് അഞ്ജു താമസിക്കുന്നത്'; ഇന്ത്യൻ യുവതിയുമായി പ്രണയത്തിലല്ലെന്ന് പാക്കിസ്ഥാൻ യുവാവ്;യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് ഭർത്താവ്
ജയ്പുർ: ഫേസ്‌ബുക്കിലൂടെയുള്ള പരിചയം സൗഹൃദമായി മാറുകയും രാജ്യാതിർത്തി കടന്ന് തന്നെ കാണാൻ തന്റെ ഗ്രാമത്തിൽ എത്തുകയും ചെയ്ത ഇന്ത്യൻ യുവതിയുമായി പ്രണയത്തിലല്ലെന്ന വിശദീകരണവുമായി പാക്കിസ്ഥാൻകാരനായ സുഹൃത്ത് നസ്‌റുല്ല. അഞ്ജുവിനെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വീസയുടെ കാലാവധി തീരുന്ന ഓഗസ്റ്റ് 20നു മുൻപ് അഞ്ജു ഇന്ത്യയിലേക്കു തന്നെ മടങ്ങുമെന്നും ഇരുപത്തൊൻപതുകാരനായ നസ്റുല്ല പറയുന്നു. പെഷാവറിൽനിന്ന് 300 കിലോമീറ്ററോളം അകലെ കുൽഷോ ഗ്രാമത്തിൽനിന്നുള്ള വ്യക്തിയാണ് നസ്റുല്ല.
2019ലാണ് ഇരുവരും ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടത്. രാജസ്ഥാനിലെ അൽവാർ ജില്ലയിൽനിന്നുള്ള അഞ്ജു (34) കഴിഞ്ഞ ദിവസമാണ് സുഹൃത്തായ നസ്റുല്ലയെ കാണാൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ എത്തിയത്. പാക്ക് പൊലീസ് അഞ്ജുവിനെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും രേഖകൾ യഥാർഥമാണെന്നു മനസ്സിലാക്കി യാത്രാനുമതി നൽകുകയായിരുന്നു.
''അഞ്ജു എന്നെ സന്ദർശിക്കാനായാണ് പാക്കിസ്ഥാനിലെത്തിയത്. പക്ഷേ, ഞങ്ങൾക്കു വിവാഹം കഴിക്കാനുള്ള പദ്ധതിയൊന്നുമില്ല. വീസയുടെ കാലാവധി തീരുന്ന ഓഗസ്റ്റ് 20നു മുൻപ് അഞ്ജു ഇന്ത്യയിലേക്കു തിരിച്ചുപോകും. എന്റെ വീട്ടിലെ മറ്റ് സ്ത്രീകൾക്കൊപ്പം മറ്റൊരു മുറിയിലാണ് അഞ്ജു താമസിക്കുന്നത്'' നസ്റുല്ല വാർത്താ ഏജൻസിയായ പിടിഐയോടു പ്രതികരിച്ചു.
വിവാഹിതയായ അഞ്ജുവിന് നാട്ടിൽ ഭർത്താവും 15 വയസ്സുള്ള മകളും ആറു വയസ്സുകാരനായ മകനുമുണ്ട്. സുഹൃത്തിനെ കാണാൻ ജയ്പുരിൽ പോകുന്നുവെന്നു പറഞ്ഞാണ് അഞ്ജു പോയതെന്ന് ഭർത്താവ് അരവിന്ദ് പൊലീസിനോടു പറഞ്ഞു.
''വ്യാഴാഴ്ചയാണു അഞ്ജു വീടുവിട്ടത്. കുറച്ചുദിവസം മുൻപ് അഞ്ജുവുമായി വാട്‌സാപ്പിൽ സംസാരിച്ചിരുന്നു. അവൾ ലഹോറിലാണെന്നു മനസ്സിലായി. 2022 ലാണ് അഞ്ജു പാസ്‌പോർട്ട് എടുത്തത്. വിദേശജോലിക്കായിരുന്നു അത്. അഞ്ജുവിനോടു തിരിച്ചുവരാൻ ആവശ്യപ്പെടും. വരുമെന്നാണു പ്രതീക്ഷ. അഞ്ജുവിനു മറ്റൊരു ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു'' അരവിന്ദ് പറഞ്ഞു. 2007ലാണ് ഇരുവരും വിവാഹിതരായത്.
പബ്ജി കളിക്കിടെ പരിചയപ്പെട്ട കാമുകനെ കാണാൻ ഇന്ത്യയിലെത്തിയ പാക് സ്വദേശിനി സീമ ഹൈദർ ഉണ്ടാക്കിയ വിവാദങ്ങൾക്കിടെയാണ് പാക്കിസ്ഥാനിലെ സുഹൃത്തിനെ കാണാൻ അതിർത്തി കടന്ന് ഇന്ത്യൻ യുവതി കുൽഷോ ഗ്രാമത്തിൽ എത്തിയത്.
30 ദിവസത്തേക്ക് പാക്കിസ്ഥാനിൽ തങ്ങാനാണ് അനുമതി. ഫേസ്‌ബുക്കിലൂടെ നാലു വർഷം മുമ്പാണ് ഇരുവരും പരിചയപ്പെടുന്നത്. ഞായറാഴ്ചയാണ് ഭാര്യ അതിർത്തി കടന്ന വിവരം അഞ്ജുവിന്റെ ഭർത്താവ് അരവിന്ദ് അറിയുന്നത്. ജയ്പൂരിലേക്ക് പോകാനെന്ന വ്യാജേന വ്യാഴാഴ്ചയാണ് അഞ്ജു ഭിവാഡിയിലെ വീട്ടിൽനിന്ന് ഇറങ്ങിയത്. വാട്സ് ആപ് വഴി അഞ്ജു ഞായറാഴ്ച വൈകീട്ട് നാല് വരെ ബന്ധപ്പെട്ടിരുന്നതായി അരവിന്ദ് പറഞ്ഞു.
താൻ ലാഹോറിലാണെന്നും രണ്ട് മൂന്ന് ദിവസത്തിനകം തിരിച്ചെത്തുമെന്നുമാണ് യുവതി അറിയിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ ബയോഡാറ്റ എൻട്രി ഓപറേറ്ററാണ് അഞ്ജു. വിദേശത്ത് ജോലിക്ക് പോകാൻ താൽപര്യമുണ്ടായിരുന്നതിനാൽ 2020ലാണ് പാസ്പോർട്ട് എടുത്തതെന്ന് അരവിന്ദ് പറഞ്ഞു. അഞ്ജു ക്രിസ്തുമതം സ്വീകരിച്ചാണ് ഭിവാഡിയിലെ വാടക ഫ്‌ളാറ്റിൽ അരവിന്ദിനും കുട്ടികൾക്കുമൊപ്പം താമസിച്ചിരുന്നത്.
ദിവസങ്ങൾക്ക് മുമ്പാണ് പബ്ജി കളിക്കിടെ പ്രണയത്തിലായ പാക് യുവതി സീമ ഹൈദർ നേപ്പാൾ വഴി കാമുകനെ കാണാൻ ഇന്ത്യയിലെത്തിയത്. ഗ്രേറ്റർ നോയിഡ സ്വദേശിയായ സച്ചിൻ മീണയെ വിവാഹം ചെയ്ത സീമ ഇപ്പോൾ ഇന്ത്യൻ പൗരത്വം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ചിരിക്കുകയാണ്. ഈ വിവാദങ്ങൾക്കിടെയാണ് ഇന്ത്യൻ യുവതി പാകസ്ഥാനിലെത്തിയിരിക്കുന്നത്.




