ഡബ്ലിൻ: യൂറോപ്പിലെ പള്ളികൾ അടച്ചു പൂട്ടുകയാണെന്ന പ്രസ്താവന വിവാദമായിട്ട് ഏറേ നാളുകളായിട്ടില്ല. അതിനിടയിലാണ് നോർത്തേൺ അയർലൻഡിൽ നിന്നും ഒരു വാർത്തവരുന്നത്. ക്ലോഗർ രൂപതയിലെ 85 പള്ളികളിലെ കാര്യം നോക്കാൻ 20 വർഷമാകുമ്പോഴേക്കും അവശേഷിക്കുക വെറും പത്തിൽ താഴെ പുരോഹിതർ മാത്രമായിരിക്കും എന്നമുന്നറിയിപ്പ് ബിഷപ്പ് നൽകിയിരിക്കുന്നു. വിശദമായ ഒരു ഇടയലേഖനത്തിലൂടെ ക്ലോഗർ ബിഷപ്പ് ലാറി ഡഫിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഒരു രൂപത എന്ന നിലയിൽ എവിടെ നിൽക്കുന്നു എന്നറിയാൻ കഴിഞ്ഞ മാസം ഒരു വിശകലന യോഗം നടത്തിയിരുന്നു എന്ന് ബിഷപ്പ് ഡഫി പറയുന്നു. സമീപ ഭാവിയിൽ എന്ത് സംഭവിക്കുമെന്നും, അടുത്ത 10 മുതൽ 20 വർഷക്കാലത്തിനിടയിൽ എന്ത് സംഭവിക്കുമെന്നും വിശകലനം ചെയ്യാനായിരുന്നു യോഗം. ആഴത്തിലുള്ള പഠനം അതിനായി നടത്തിയിരുന്നു എന്നും അദ്ദേഹംലേഖനത്തിൽ പറയുന്നുണ്ട്.

കഴിഞ്ഞ കാലങ്ങളിൽ നൽകിയതോ, ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നതോ ആയ രീതിയിൽ ഭാവിയിൽ, രൂപതയിൽ വൈദിക സേവനം നൽകാൻ കഴിഞ്ഞേക്കില്ല എന്നതാണ് സത്യം എന്ന് ലേഖനത്തിൽ തുറന്ന് സമ്മതിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു പുതിയ മാതൃക സ്വീകരിക്കാൻ നിർബന്ധിതമാവും. നിലവിലെ സ്ഥിതിവിശേഷം തുടർന്ന് പോകുകയാണെങ്കിൽ, അടുത്ത 20 വർഷക്കാലത്തിനിടയിൽ, രൂപതയുടെ കീഴിലുള്ള 85 പള്ളികളിൽ ദൈവശുശ്രൂഷ നടത്താൻ 10 ൽ താഴെ പുരോഹിതർ മാത്രമെ അവശേഷിക്കുകയുള്ളു എന്ന് ലേഖനത്തിൽ പറയുന്നു.

മാത്രമല്ല, അടുത്ത ഏഴു വർഷത്തിനുള്ളിൽ, രൂപതയിൽ ബിഷപ്പ് ആകാൻ യോഗ്യതയുള്ള ഒരേയൊരു വൈദികൻ മാത്രമെ ഉണ്ടാവുകയുള്ളു. ദൈവ ശുശ്രൂഷക്ക് മാത്രമല്ല, രൂപതയുടെ ഭരണ നിർവഹണം, ആസ്തികളുടെ പരിപാലനം, ആസൂത്രണം, പാരിഷുകളുടെ ഭരണം എന്നിവയ്ക്കൊക്കെ സഭ പുരോഹിതരെ കൂടുതലായി ആശ്രയിക്കുന്ന സ്ഥിതിവിശേഷവുമുണ്ട്. ഈ സമ്മർദ്ദം പുരോഹിതർക്ക് മേൽ ചെലുത്തുന്ന സമ്മർദ്ദവും പരിഗണിക്കണം എന്ന് കത്തിൽ പറയുന്നു. പുരോഹിതരെ കൂടുതലായി ആശ്രയിച്ചു കൊണ്ടുള്ള ജീവിത ക്രമം മാറ്റണമെന്നും അതിൽ പറയുന്നു.

പുരോഹിതരുടെ ക്ഷാമം ഒരു പുതിയ വാർത്തയൊന്നുമല്ല. നോർത്തേൺ അയർലൻഡിന്റെ ചില ഭാഗങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളിൽ മരണ ശുശ്രൂഷ നടത്തുന്നതിന് പോലും പുരോഹിതരെ ലഭിച്ചേക്കില്ല എന്ന ഒരു മുന്നറിയിപ്പ് കഴിഞ്ഞ മാസം വന്നിരുന്നു.