- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹരിയാനയിൽ വി.എച്ച്.പി റാലിക്കുനേരെ കല്ലേറ്; സംഘർഷം; നിരവധി വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടു; സ്ത്രീകളും കുട്ടികളുമടക്കം ഗുരുഗ്രാമിലെ ആരാധനാലയത്തിൽ അഭയംതേടി; നിരോധനാജ്ഞ പ്രഖ്യാപിച്ചു; ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു; സുരക്ഷ ശക്തമാക്കി
ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് സംഘർഷം. പ്രശ്‌നം രൂക്ഷമായതോടെ ആരാധനാലയത്തിൽ 2500 ഓളം പേർ അഭയം പ്രാപിച്ചു. അക്രമികൾ കല്ലെറിയുകയും കാറുകൾക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.
പൊലീസ് നടപടിയിൽ 20ഓളം പേർക്ക് പരിക്കേറ്റു. ഒരാൾക്ക് വെടിയേറ്റു. സംഘർഷത്തിന് പിന്നാലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കുകയും കൂട്ടം കൂടുന്നത് നിരോധിക്കുകയും ചെയ്തു. ഗുരുഗ്രാമിനോട് ചേർന്നുള്ള നുഹിൽ മതപരമായ ഘോഷയാത്രയ്ക്കിടെയാണ് അക്രമം ആരംഭിച്ചത്.
ഘോഷ യാത്ര ഗുരുഗ്രാം-ആൾവാർ ദേശീയ പാതയിൽ ഒരു സംഘം യുവാക്കൾ തടയുകയും ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടാകുകയുമായിരുന്നെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമം രൂക്ഷമായതോടെ ജനക്കൂട്ടം വാഹനങ്ങൾക്ക് തീകൊളുത്തി. ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയ 2500ഓളം പേരാണ് ആരാധനാലയത്തിൽ അഭയം തേടിയത്. ഒരുവിഭാഗം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വീഡിയോയാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.
നിരവധി വാഹനങ്ങൾ അഗ്‌നിക്കിരയാക്കി. സംഘർഷം വ്യാപിച്ചതോടെയാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്റർനെറ്റ് സേവനങ്ങളും നിർത്തിവച്ചു. വി.എച്ച്.പി റാലിയിൽ ബജ്രംഗ് ദൾ പ്രവർത്തകനും ഗോരക്ഷകനുമായ മോനു മനേസറിന്റെ സാന്നിധ്യമാണ് അക്രമത്തിന് ഇടയാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
രാജസ്ഥാനിൽ രണ്ടുപേർ കൊല്ലപ്പെട്ട കേസിൽ പൊലീസ് തിരയുന്നയാളാണ് മോനു മനേസർ. വി.എച്ച്.പിയുടെ ശോഭായാത്രയ്ക്കുനേരെ കല്ലേറുണ്ടായതിന് പിന്നാലെ ഗുരുഗ്രാം - ആൾവാർ ദേശീയപാതയിലുള്ള നൂഹ് നഗരത്തിൽ അക്രമ സംഭവങ്ങൾ അരങ്ങേറുകയായിരുന്നു. ഇതേത്തുടർന്ന് സർക്കാർ വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടു.
പൊലീസിന് നേരെ കല്ലേറുണ്ടായി. അക്രമം നിയന്ത്രിക്കാൻ 1000-ത്തിലധികം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. ജനങ്ങൾ വീടുകൾക്കുള്ളിൽതന്നെ കഴിയണമെന്ന് പൊലീസ് നിർദ്ദേശം നൽകി. ഇതേത്തുടർന്ന് നൂഹ് നഗരത്തിലെ കടകമ്പോളങ്ങൾ അടച്ചു.
കൊലപാതകക്കേസിൽ പൊലീസ് തിരയുന്ന മോനു മനേസർ കഴിഞ്ഞ അഞ്ച് മാസമായി ഒളിവിലാണ്. അതിനിടെ, റാലിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഇയാൾ വീഡിയോ പുറത്തുവിട്ടിരുന്നു. ഇതേത്തുടർന്ന് ഇയാളെ അറസ്റ്റുചെയ്യാൻ രാജസ്ഥാനിൽനിന്നുള്ള പൊലീസ് സംഘം നൂഹുവിൽ എത്തിയിരുന്നു. ഇതിനിടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറുന്നത്.
അതിനിടെ അക്രമ സംഭവങ്ങളെത്തുടർന്ന് സ്ത്രീകളും കുട്ടികളുമടക്കം 2500-ഓളം പേർ ഗുരുഗ്രാമിലെ ഒരു ക്ഷേത്രത്തിൽ അഭയംതേടിയതായി എൻഡിടിവി റിപ്പോർട്ടുചെയ്തു. റാലിയിൽ പങ്കെടുക്കാൻ എത്തിയവരാണ് ഇവർ എന്നാണ് വിവരം.
റാലിക്കെത്തിയ പലരും പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളിലും അഭയം തേടിയിട്ടുണ്ടെന്നാണ് വിവരം. അതിനിടെ സംഘർഷത്തിനിടെ ഒരു ഹോംഗാർഡ് കൊല്ലപ്പെട്ടതായും ഒരു പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അക്രമ സംഭവങ്ങൾ അരങ്ങേറിയ പ്രദേശത്തേക്ക് കൂടുതൽ പൊലീസിനെ അയക്കുമെന്നും സുരക്ഷാസേനയെ ഹെലിക്കോപ്റ്റർ മാർഗം പ്രദേശത്ത് എത്തിക്കാൻ ശ്രമിക്കുമെന്നും ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് മാധ്യമങ്ങളോട് പറഞ്ഞു.




