തൃശൂർ: വാഹനപുക പരിശോധനാ കേന്ദ്രം തുടങ്ങാൻ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ട മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടറും ഇടനിലക്കാരനും വിജിലൻസ് പിടിയിൽ. തൃപ്രയാർ സബ് ആർടി ഓഫിസിലെ എംവിഐ കോട്ടയം മേലുകാവ് ചാമപാറയിൽ സി.എസ്. ജോർജ്, ഇടനിലക്കാരനും 'യുടേൺ' ഡ്രൈവിങ് സ്‌കൂൾ ഇൻസ്ട്രക്ടറുമായ കിഴുപ്പിള്ളിക്കര വലിയകത്ത് അഷറഫ് എന്നിവരാണ് വിജിലൻസ് പിടിയിലായത്. പുകപരിശോധനാ കേന്ദ്രം തുടങ്ങാൻ അപേക്ഷ നൽകിയ ആളിൽനിന്ന് 5000 രൂപ കൈക്കൂലി ആവശ്യപ്പെടുക ആയിരുന്നു. എന്നാൽ ഇയാൾ സംഭവം വിജിലൻസിൽ അറിയിച്ചതോടെയാണ് പിടിവീണത്.

വിജിലൻസ് ഡിവൈഎസ്‌പി ജിം പോളും സംഘവുമാണ് കൈക്കൂലി സംഘത്തെ കൈയോടെ പൊക്കിയത്. ഇന്നലെ രാവിലെ പത്തു മണിയോടെ കീഴ്പ്പുള്ളിക്കരയിലെ ടെസ്റ്റിങ് ഗ്രൗണ്ടിലാണ് കൈക്കൂലി വാങ്ങലും അറസ്റ്റ് നടന്നത്. വാടാനപ്പള്ളി സ്വദേശിയോടാണ് പുക പരിശോധനാ കേന്ദ്രം തുടങ്ങാൻ കൈക്കൂലി ആവശ്യപ്പെട്ടത്. ഇയാൾ കഴിഞ്ഞ മാസം 14-ാം തിയതിയാണ് വാഹന പുക പരിശോധനാ കേന്ദ്രം തുടങ്ങാൻ ലൈസൻസിന് അപേക്ഷയുമായി മോട്ടർ വാഹന വകുപ്പിനെ സമീപിച്ചത്.

തുടർന്ന് ജോർജ് പെട്രോൾ വാഹന പുക പരിശോധനയ്ക്ക് അനുമതി നൽകിയെങ്കിലും ഡീസൽ പുക പരിശോധനയ്ക്ക് അനുമതി നൽകാതെ തടഞ്ഞുവച്ചു. ശേഷം ഏജന്റായ അഷറഫിനെ കാണാനും നിർദ്ദേശിച്ചു. 24നു പരാതിക്കാരൻ അഷറഫിനെ ഫോണിൽ ബന്ധപ്പെട്ടു. അപേക്ഷ പാസാക്കാൻ 5000 രൂപ എംവിഐക്കു കൈക്കൂലി നൽകണമെന്ന് അഷറഫ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സംഭവം പരാതിക്കാരൻ വിജിലൻസിനെ വിവരമറിയിച്ചു.

വിജിലൻസ് സംഘത്തിന്റെ അറിവോടെ തന്നെ ഇന്നലെ രാവിലെ ടെസ്റ്റിങ് ഗ്രൗണ്ടിൽ പണം കൈമാറാമെന്നു അഷറഫിനെ അറിയിച്ചു. അഷ്‌റഫിന് നൽകാനായി ഫിനോഫ്തലിൻ പുരട്ടിയ കറൻസിയും വിജിലൻസ് കൈമാറി. ശേഷം സമീപത്തു മറഞ്ഞിരുന്ന വിജിലൻസ് സംഘം കൈക്കൂലി വാങ്ങുന്ന സമയത്ത് അഷറഫിനെയും ജോർജിനെയും കയ്യോടെ പിടികൂടുകയായിരുന്നു.


ഇരുവരേയും കസ്റ്റഡിയിലെടുത്ത ശഏഷം ജോർജിന്റെ കോട്ടയം മേലുകാവിലെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തി. റെയ്ഡിൽ ഇയാളുടെ വീട്ടിൽ നിന്നും അഞ്ചു ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകൾ, ആറു ചിട്ടി, മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടങ്ങിയവയുടെ രേഖകൾ കണ്ടെടുത്തു. തൊടുപുഴ മുട്ടത്തെ വീട്ടിലെ റെയ്ഡിൽ ജോർജിന് എട്ട് ബാങ്കുകളിൽ അക്കൗണ്ട് ഉള്ളതായി കണ്ടെത്തി.