ലണ്ടൻ: ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കുറ്റവാളി ഏതാനും ദിവസങ്ങൾക്കകം ജയിൽ മോചിതയാകും എന്ന റിപ്പോർട്ടുകൾ വരുന്നു. തന്റെ ക്രൂര പ്രവൃത്തിയിലൂടെ ചെകുത്താന്റെ പുത്രി എന്ന പേര് സമ്പാദിച്ച ഷാരോൺ കാർ, 1992-ൽ കാറ്റി റാക്ലിഫ് എന്ന 18 കാരിയെ 32 തവണ കുത്തിയായിരുന്നു കൊന്നത്. ഒരു വിരുന്ന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറ്റി.

ഹെയർ ഡ്രസ്സർ ആയിരുന്ന കാറ്റിയുടെ കൊലപാതകിയെ തേടി പൊലീസ് അലഞ്ഞത് നീണ്ട് അഞ്ച് വർഷക്കാലമായിരുന്നു. ഒരു മുതിർന്ന പുരുഷനായിരിക്കും കൊലയാളി എന്ന നിഗമനത്തിലായിരുന്നു പൊലീസ്. അതുകൊണ്ടു തന്നെയായിരുന്നു കൊലയാളിയെ കണ്ടെത്താൻ വൈകിയതും സറേ. കേമ്പർലിയിൽ ഷാരോൺ മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയെ കത്തികൊണ്ട് കുത്തിയ കേസിൽ പിടിക്കപ്പെട്ടപ്പോഴായിരുന്നു കാറ്റിയുടെ കൊലപാതകവും തെളിഞ്ഞത്.

ഷാരോൺ കാറിന്റെ ക്രൂരകൃത്യങ്ങൾ ആരെയും ഭയപ്പെടുത്തുന്നതാണെന്ന് പറഞ്ഞ ഒരു സ്രോതസ്സിനെ ഉദ്ധരിച്ചുകൊണ്ട് ദി മിറർ റിപ്പോർട്ട് ചെയ്യുന്നത്, ജയിലിനകത്ത് ഇപ്പോഴും ഷാരോൺ കാർ അപകടകാരിയാണ് എന്നാണ്. ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുന്ന അവർ ജയിൽ മോചിതയാകാൻ ആരും ആഗ്രഹിക്കുന്നില്ലത്രെ. അവരുടെ പരോൾ വിഷയം പരിഗണനയിലുണ്ടെന്ന് പരോൾ ബോർഡ് വക്താവ് സ്ഥിരീകരിച്ചു.

കാറ്റിയെ കൊന്നതിനു ശേഷം രണ്ട് വർഷം കഴിഞ്ഞ് 1994 ജൂൺ 2 ന് ഷാരോൺ കാർ മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയെ ആക്രമിച്ചിരുന്നു. നാലിഞ്ച് ആഴത്തിൽ വരെ മുറിവേറ്റെങ്കിലും ഈ പെൺകുട്ടി മരണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഈ കേസിൽ ബാല കുറ്റവാളികൾക്കുള്ള ജയിലിൽ രണ്ട് വർഷത്തെ ശിക്ഷ അനുഭവിക്കുന്നതിനിടെ അവർ തന്നെ താൻ ഒരാളെ കൊന്നിട്ടുണ്ടെന്ന് സഹതടവുകാരോട് അഹങ്കാരത്തോടെപറയുമായിരുന്നു.

1997 മാർച്ചിൽ ഇവർ ജയിലിനകത്ത് വെച്ച് രണ്ട് നഴ്സുമാരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് അധികൃതർ പൊലീസിനെ വിളിച്ചു വരുത്തി . അവർക്ക് മുൻപിലും 1997 ൽ നടത്തിയ കൊലപാതകത്തെ പറ്റി ഇവർ വീമ്പ് പറയാൻ ആരംഭിച്ചു. തുടർന്ന് കോടതിയിൽ വിചാരണ നടത്തി ഇവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. കുറഞ്ഞത് 14 വർഷമെങ്കിലും തുടർച്ചയായി ജയിൽ വാസം അനുഷ്ഠിക്കണമെന്നുംവിധിയിലുണ്ടായിരുന്നു.

രണ്ടു വർഷം മുൻപ് അവർ ശിക്ഷ ഇളവിനായി ശ്രമിച്ചുവെങ്കിലും ഒരു സഹ തടവുകാരിയുടെ തല തല്ലി പൊട്ടിച്ച ഒരു സംഭവം ഉണ്ടായതിനെ തുടർന്ന് ആ ശ്രമം പരാജയപ്പെടുകയായിരുന്നു. താൻ ഒരു കൊലപാതകിയാണെന്ന് ഡയറിക്കുറിപ്പുകളിൽ കുറിച്ചിടുന്ന ഇവരെ ഒരു അത്യന്തം അപകടകാരിയായ വ്യക്തിയായിട്ടായിരുന്നു ജഡ്ജി വിശേഷിപ്പിച്ചത്.