- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബൊൽജാങിനായി മെയ്‌തെയ് വിഭാഗം അവകാശം ഉന്നയിച്ചതോടെ വീണ്ടും സംഘർഷം; കൂട്ടസംസ്‌കാരം അനുവദിക്കില്ലെന്ന് വനിതാ സംഘടനകൾ; മണിപ്പുരിൽ 35 കുക്കി ഗോത്രവിഭാഗക്കാരുടെ സംസ്‌കാരം തടഞ്ഞ് ഹൈക്കോടതി; തൽസ്ഥിതി തുടരാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം
ഇംഫാൽ: മണിപ്പുർ കലാപത്തിനിടെ കൊല്ലപ്പെട്ട 35 കുക്കി ഗോത്രവിഭാഗക്കാരുടെ കൂട്ടശവസംസ്‌കാരം തടഞ്ഞ് ഹൈക്കോടതി. സംസ്‌കാരം നടത്താൻ ഉദ്ദേശിച്ച ചുരാചാന്ദപുരിലെ ഗ്രാമത്തിൽ തൽസ്ഥിതി തുടരാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് എം വിമുരളീധരൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. രാവിലെ ആറിനു വിഷയം പരിഗണിച്ച ശേഷമായിരുന്നു കോടതിയുടെ ഇടപെടൽ.
വ്യാഴാഴ്ച രാവിലെ ആറുമണിക്ക് നടന്ന വാദം കേൾക്കലിനൊടുവിൽ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എം വി മുരളീധരൻ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ശവസംസ്‌കാരം നടത്താൻ നിശ്ചയിച്ച സ്ഥലത്ത് ക്രമസമാധാനനില ഉറപ്പുവരുത്താനും ജസ്റ്റിസ് എ. ഗുണേശ്വർ ശർമയും അംഗമായ ബെഞ്ച് ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകി. വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാർ അടക്കം എല്ലാ കക്ഷികൾക്കും കോടതി നിർദ്ദേശം നൽകി. ശവസംസ്‌കാരത്തിനായി മറ്റൊരു സ്ഥലം അനുവദിക്കാൻ കുക്കി വിഭാഗത്തിന് അധികൃതരെ സമീപിക്കാനുള്ള അനുവാദവും ഹൈക്കോടതി നൽകി.
വ്യാഴാഴ്ച പതിനൊന്ന് മണിയോടെ കൂട്ടശവസംസ്‌കാരം നടത്താനായിരുന്നു ഇൻഡിജീനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐ.ടി.എൽ.എഫ്.) തീരുമാനിച്ചിരുന്നത്. ഇന്റർനാഷണൽ മെയ്തി ഫോറത്തിന്റെ ഹർജിയിലാണ് ഗ്രാമത്തിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവിട്ടത്. കുക്കികളുടെ ശവസംസ്‌കാരത്തിന് ചിതയൊരുക്കുന്നത് തങ്ങളുടെ സ്ഥലത്താണെന്നാണ് മെയ്തി വിഭാഗക്കാരുടെ വാദം. ഓഗസ്റ്റ് ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.
കൂട്ടസംസ്‌കാരം നടക്കുന്ന ചുരാചന്ദ്പുർ - ബിഷ്ണുപുർ അതിർത്തിഗ്രാമമായ ബൊൽജാങിനായി മെയ്‌തെയ് വിഭാഗം അവകാശം ഉന്നയിച്ചതോടെ വീണ്ടും സംഘർഷമുണ്ടായി. സംസ്‌കാരം നടത്താൻ ഉദ്ദേശിച്ച സ്ഥലം മെയ്‌തെയ് ഭൂരിപക്ഷപ്രദേശമായ ബിഷ്ണുപുർ ജില്ലയിലാണെന്നും ചുരാചന്ദ്പുർ ജില്ലയ്ക്കപ്പുറം സംസ്‌കാരം നടത്തിയാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും കോ ഓർഡിനേറ്റിങ് കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റി (കൊകോമി) മുന്നറിയിപ്പു നൽകി.
സംസ്‌കാരം അനുവദിക്കില്ലെന്ന് മെയ്‌തെയ് വനിതാ സംഘടനകളും പറഞ്ഞു. ഇരു ഗോത്രവിഭാഗങ്ങളും ആയുധങ്ങളുമായി മുഖാമുഖം നിൽക്കുകയാണ്. പ്രദേശത്ത് പൊലീസിനെയും അസം റൈഫിൾസിനെയും വിന്യസിച്ചു.
നേരത്തേ നിശ്ചയിച്ച പ്രകാരംതന്നെ സംസ്‌കാരച്ചടങ്ങുകൾ ആരംഭിക്കുമെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) വക്താവ് ഗിൻസ വോൾസോങ് പറഞ്ഞിരുന്നു. അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിഷയത്തിൽ ഇടപെട്ടു. കൂട്ടസംസ്‌കാരം അഞ്ചു ദിവസം കൂടി നീട്ടിവയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടതായി ഐടിഎൽഎഫ് അറിയിച്ചു.
സംസ്‌കാരം അഞ്ചുദിവസത്തേക്ക് നീട്ടിവെക്കാൻ തീരുമാനിച്ചതായി ട്രൈബൽ ലീഡേഴ്സ് ഫോറം അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടേയും മന്ത്രാലയത്തിന്റേയും അഭ്യർത്ഥന മാനിച്ചാണ് നീട്ടിവെക്കുന്നതെന്ന് വാർത്തക്കുറിപ്പിൽ അവർ അറിയിച്ചു. മിസോറാം മുഖ്യമന്ത്രിയും തങ്ങളോട് ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും ഐ.ടി.എൽ.എഫ്. അറിയിച്ചു.
ചുരാചന്ദ്പുർ ജില്ലയുടെ ഭാഗമാണു ബൊൽജാങ് ഗ്രാമമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാൽ മാത്രമേ ചടങ്ങുകളിൽ മാറ്റങ്ങൾ വരുത്തുകയുള്ളൂവെന്നും ഐടിഎൽഎഫ് പറഞ്ഞിരുന്നു. ഇരുവിഭാഗങ്ങൾ മുഖാമുഖം ഏറ്റുമുട്ടിയ പ്രദേശങ്ങളിലൊന്നാണു ബൊൽജാങ്. പ്രദേശത്തെ മെയ്‌തെയ് വീടുകൾ കലാപത്തിന്റെ ആദ്യദിനങ്ങളിൽ തകർക്കപ്പെട്ടിരുന്നു.




