- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1972ൽ 90 ദിവസത്തിനകം രാജ്യം വിടണമെൻ കൽപ്പിച്ചു; 50 വർഷം കൊണ്ട് യു കെ സംസ്കാരത്തിന്റെ ഭാഗമായി; ഈദി അമീന്റെ കാലത്ത് ഉഗാണ്ടയിൽ നിന്നും രക്ഷപ്പെട്ട് ലെസ്റ്ററിൽ താമസമാക്കിയ ഏഷ്യൻ കുടുംബത്തിന്റെ കഥ
ഉഗാണ്ടൻ ചരിത്രത്തിലെ ഇരുണ്ട നാളുകളായിരുന്നു ഈദി അമീന്റെ വാഴ്ച്ചക്കാലം. അന്ന് ഉഗാണ്ടയിൽ നിന്നും രക്ഷപ്പെട്ടോടേണ്ടി വന്ന നിരവധി ഇന്ത്യാക്കാർ അഭയസ്ഥനമായി കണ്ടത് ബ്രിട്ടനെയായിരുന്നു. ഉഗാണ്ടയിൽ നിന്നും നാടുവിട്ടുപോകാൻ വെറും 90 ദിവസം മാത്രം സമയം നൽകിയ കാലത്ത് നിഷ പോപ്പറ്റ് ഒൻപത് വയസ്സുള്ള ഒരു പെൺകുട്ടിയായിരുന്നു. മേഖലയിൽ ശക്തമായിക്കൊണ്ടിരുന്ന ഏഷ്യൻ വിരുദ്ധ വികാരം കണക്കാക്കിയായിരുന്നു ഈദി അമീൻ ഏഷ്യാക്കാരെ രാജ്യത്ത് നിന്നും തുരത്തിയത്.
അത്രയധികം ഏഷ്യൻ വംശജർ ഈ കിഴക്കൻ ആഫ്രിക്കൻ രാജ്യത്തിലെത്താൻ പ്രധാന കാരണം ബ്രിട്ടന്റെ കോളനി വാഴ്ച്ച തന്നെയായിരുന്നു. ഒരു സുപ്രഭാതത്തിൽ, അന്നുവരെ തങ്ങൾ ഉണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ട് എങ്ങോട്ടേക്കെന്നില്ലാതെ നാടുവിടാൻ വലിയൊരു പരിധിവരെ കാരണം ബ്രിട്ടനായിരുന്നു എന്ന് തന്നെ പറയാം. ഏകദേശം 27,000 പേരോളമാണ് അന്ന് ബ്രിട്ടനിൽ ഉഗാണ്ടയിൽ നിന്നെത്തിയത്. അവരിൽ ഉൾപ്പെടുന്നതാണ് നിഷയും അവരുടെ കുടുംബവും.
ലെസ്റ്ററിൽ താമസിക്കുന്ന 60 കാരിയായ നിഷ പോപാറ്റ് അവരുടെ ഉഗാണ്ടൻ ബാല്യകാലത്തെ കുറിച്ച് പറയുന്നത് തീർത്തും സന്തോഷവും സമാധാനവും നിറഞ്ഞതായിരുന്നു എന്നാണ്. ഉഗാണ്ടൻ തലസ്ഥാനത്ത് നിന്ന് അധികം ദൂരെയല്ലാതുള്ള ഒരു ചെറു പട്ടണത്തിലായിരുന്നു നാട് കടത്തപ്പെടുന്നത് വരെ നിഷയും കുടുംബവും താമസിച്ചിരുന്നത്.
എന്നാൽ, 1972 ഓഗസ്റ്റ് 4 ന് ഏഷ്യാക്കാർ നാടുവിടണമെന്ന ഉത്തരവ് ഈദി അമീൻ പുറപ്പെടുവിച്ചതോടെ കാര്യങ്ങൾ എല്ലാം കീഴ്മേൽ മറിയുകയായിരുന്നു. രാജ്യത്തെ മാറുന്ന സാഹചര്യങ്ങളിൽ നിന്നും മകളെ രക്ഷിക്കാൻ കുറച്ചുനാൾ അവളെ ഒളിവിൽ താമസിപ്പിക്കേണ്ടതായി വരെ വന്നു നിഷയുടെ മാതാപിതാക്കൾക്ക്. തന്റെ മാതാപിതാക്കൾ ആശങ്കയിലായിരുന്നെന്ന് അറിഞ്ഞിരുന്നെങ്കിലും, അതിന്റെ കാരണമെന്തെന്ന് കുട്ടിയായിരുന്ന തനിക്ക് അറിയില്ലായിരുന്നു എന്നും അവർ പറയുന്നു.
പിന്നീടാണ് രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചത്. ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. അമ്മയും അടുത്തുള്ള മറ്റു സ്ത്രീകളും എവിടേക്കോ യാത്രപോകുന്ന കാര്യം പറഞ്ഞത് ഓർമ്മയുണ്ടെന്ന് അവർ പറയുന്നു. നിഷയുടെ മൂത്ത സഹോദരിമാർ ലെസ്റ്ററിൽ പഠനം പൂർത്തിയാക്കി ഉഗാണ്ടയിൽ മടങ്ങിയെത്തിയവരായിരുന്നു. എന്നാൽ, ഏഷ്യാക്കാർക്കെതിരെയുള്ള അടിച്ചമർത്തലുകൾ ശക്തമായപ്പോൾ അവർ ഇംഗ്ലണ്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.
അന്ന് ഉഗാണ്ടയിലാകമാനം ഏഷ്യൻ വംശജരുടെ വീടുകൾ കൊള്ളയടിക്കലും സ്ത്രീകളെ ബലാത്സംഗം ചെയ്യലും ഒക്കെ നടക്കുന്ന കാലം. നിഷയുടെ പിതാവ് ഒരു ചെറുകിട കച്ചവടക്കാരനായിരുന്നു. ഉഗാണ്ടൻ സൈന്യത്തിന് സാധനങ്ങൾ നൽകുന്ന കരാർ ഉണ്ടായിരുന്ന അയാൾക്കും ബിസിനസ്സിലെ ആഫ്രിക്കൻ പങ്കാളിക്കും ഒരിക്കൽ ഒരു ഏഷ്യാക്കാരന്റെ ജീവൻ രക്ഷിക്കാൻ അടുത്തുള്ള പട്ടാള ബാരക്കിലേക്ക് ഓടേണ്ടതായും വന്നു.
തനിക്ക് പരിചയമുള്ള വ്യക്തിയാണെന്ന് പറഞ്ഞായിരുന്നു അന്ന് പട്ടാളക്കാരുടെ പീഡനത്തിന് ഇരയായി കൊണ്ടിരുന്ന ഏഷ്യൻ വംശജനെ നിഷയുടെ പിതാവ് രക്ഷിച്ചത്. ആദ്യം തന്റെ സഹോദരിമാർക്കൊപ്പമായിരുന്നു നിഷ ഇംഗ്ലണ്ടിലെത്തുന്നത്. മാസങ്ങൾ കഴിഞ്ഞായിരുന്നു ഇളയ സഹോദരനും മാതാപിതാക്കളും എത്തുന്നത്. പിന്നീട് അവർ എല്ലാവരുംലെസ്റ്ററിലേക്ക് താമസം മാറുകയായിരുന്നു.
യു കെയിൽ താമസമാക്കി, ആ സംസ്കാരം ഉൾക്കൊണ്ട് വളരുമ്പോഴും വംശീയ വിവേചനം ഏറെ അനുഭവിക്കേണ്ടി വന്നതായി നിഷ പറയുന്നു. അന്ന് പല കുടുംബങ്ങൾക്കും വേർപിരിയേണ്ടി വന്നിരുന്നു. ഉഗാണ്ടൻ പാസ്സ്പോർട്ട് ഉള്ളവർക്ക് ബ്രിട്ടനിലേക്ക് വരാൻ കഴിയുമായിരുന്നില്ല. ബ്രിട്ടീഷ് പാസ്സ്പോർട്ട് ഉള്ളവർ ഇംഗ്ലണ്ടിലെത്തിയപ്പോൾ ഉഗാണ്ടൻ പാസ്പ്പോർട്ട് ഉള്ളവരിൽ ചിലർ സ്വീഡനിലേക്കും മറ്റു ചിലർ ഇന്ത്യയിലേക്കും മടങ്ങി. ഇതിന്റെ 50-ാം വാർഷിക ദിനത്തിൽ നിഷ ലെസ്റ്ററിൽ ഒരു എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു.
മറുനാടന് ഡെസ്ക്