അടൂർ: ഫേസ്‌ബുക്ക് പോസ്റ്റിന് ചുവട്ടിലെ കമന്റുകളിലുണ്ടായ വാദപ്രതിവാദത്തെ തുടർന്ന് വീട് കയറി ആക്രമണം. രണ്ട് സംഘപരിവാർ പ്രവർത്തകർക്ക് പരുക്കേറ്റു. ഒരാളുടെ പരുക്ക് സാരമുള്ളതാണ്. സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് പരുക്കേറ്റവർ ആരോപിച്ചു. എന്നാൽ ഇതിൽ രാഷ്ട്രീയമില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി.

ചൂരക്കോട് ബദാംമുക്ക് കല്ലുവിളയിൽ അനന്തു(28), മണ്ണടി നിലമേൽ പാറയിൽ അയ്യപ്പൻ(36) എന്നിവർക്കാണ് പരുക്കേറ്റത്. അനന്തുവിന്റെ വീട് കയറിയാണ് ആക്രമണം നടന്നത്. അയ്യപ്പന്റെ തലയിലും അനന്തുവിന്റെ കൈക്കുമാണ് പരുക്ക്. തിങ്കളാഴ്ച രാത്രി 9.30നാണ് സംഭവം. ഫെയ്സ് ബുക്കിൽ വന്ന ഒരു പോസ്റ്റിന് ചുവട്ടിൽ പ്രതികളിൽ ഒരാളും പരുക്കേറ്റ അനന്തുവും മത്സരിച്ചിട്ട കമന്റുകളാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തിങ്കളാഴ്ച രാത്രിയിൽ അനന്തുവിന്റെ ബദാംമുക്കിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇവിടെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അയ്യപ്പനും അനന്തുവും. വീട്ടിലേക്കെത്തിയ സംഘം ആദ്യം ബിയർ കുപ്പി കൊണ്ട് ജനാല തകർത്തു. പിന്നാലെ മാരകായുധങ്ങളുമായി ആക്രമണം അഴിച്ചു വിട്ടു.

പരുക്കേറ്റ അയ്യപ്പനുമായി അടൂർ ജനറൽ ആശുപത്രിയിലേക്ക് പോയ വാഹനം നെല്ലിമൂട്ടിൽ പടിക്കു സമീപം വച്ച് അക്രമിസംഘം തടഞ്ഞ് നിർത്തി അയ്യപ്പനെ മർദ്ദിച്ചു. അയ്യപ്പന്റെ രണ്ടു കാലിലും കമ്പിവടി വച്ച് അടിച്ചതായിട്ടാണ് പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ നാല് പേർക്കെതിരെ ഏനാത്ത് പൊലീസ് കേസെടുത്തു. അയ്യപ്പന്റെ പരുക്ക് ഗുരുതരമായതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് പൊലീസ് പട്രോളിങ് ഉണ്ട്. അക്രമത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ നേതൃത്വത്തിൽ അന്തിച്ചിറയിൽ പ്രകടനം നടത്തി.

ഭരണത്തിന്റെ തണലിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിടുന്നുവെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി പറഞ്ഞു. രണ്ടു പേർ തമ്മിൽ വ്യക്തിപരമായി നടന്ന സംഭവത്തിൽ ബിജെപിയും സംഘപരിവാറും രാഷ്ട്രീയം കളിക്കുന്നുവെന്ന് സിപിഎം. ഏരിയാ സെക്രട്ടറി അഡ്വ.എസ്. മനോജ് ആരോപിച്ചു.