ദൂരെ ഉയരങ്ങൾ മാടിവിളിക്കുമ്പോൾ ഒരു ചുമട്ടുകാരന്റെ ജീവനെന്ത് വില? ഭൂമിയിൽ നിന്നും മനുഷ്യത്വം സാവധാനം നഷ്ടമായി കൊണ്ടിരിക്കുന്നു എന്നതിന് മറ്റൊരു തെളിവുമായി പാക്കിസ്ഥാനിൽ നിന്നുള്ള സംഭവം. കെ. 2 കൊടുമുടി കയറുന്ന സംഘത്തെ അനുഗമിച്ചിരുന്ന മുഹമ്മദ് ഹസ്സൻ എന്ന 27 കാരൻ അപകടത്തിൽ പെട്ട്, ഒരു പ്രതലത്തിൽ തൂങ്ങിക്കിടന്നത് മൂന്ന് മണിക്കൂറോളം നേരമായിരുന്നു. ഒരു പ്രാദേശിക ഗൈഡും പരവ്വതാരോഹക സംഘങ്ങളുടെ സഹായിയായി ജോലി ചെയ്യുന്ന മുഹമ്മദ് ഹസ്സനെ ശ്രദ്ധിക്കാൻ പക്ഷെ പർവതാരോഹണ സംഘാംഗങ്ങൾക്ക് മനസ്സില്ലായിരുന്നു.

ഉയരങ്ങളിലെ കൊടുമുടിയഗ്രത്തിൽ തങ്ങളെ കാത്തിരിക്കുന്ന റെക്കോർഡുകളും, പുരസ്‌കാരങ്ങളും ഒക്കെ മാത്രമായിരുന്നു അവരുടെ മനസ്സിൽ, നിസ്സഹായനായ ഹസ്സനെ മരണത്തിന് വിട്ടുകൊടുത്ത് സംഘം ലക്ഷ്യം കണ്ടെത്തി. വിജയത്തിനു ശേഷം സംഘാംഗങ്ങൾ ഗംഭീര വിരുന്നൊരുക്കി അത് ആഘോഷിച്ചു എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. സഹായികളായി എത്തുന്ന പ്രാദേശിക ഗൈഡുമാരെ രണ്ടാം തരം പൗരന്മാരായി മാത്രമെ കാണുന്നുള്ളു എന്ന് ആ വിരുന്നിൽ ആരോ ഘോഷിച്ചു എന്നും റിപ്പോർട്ടുകൾ വരുന്നു.

28,300 അടി ഉയരമുള്ള കെ 2 കൊടുമുടിയുടെ നെറുകയിലെത്താൻ വെറും 1300 അടി മാത്രം അവശേഷിക്കെ ഉണ്ടായ ഒരു മലയിടിച്ചിലായിരുന്നു അപകടമുണ്ടാക്കിയത്. പർവ്വതാരോഹക സംഘങ്ങളുടെ സഹായിയായി പ്രവർത്തിക്കുന്ന വ്യക്തിയാണ് മൂന്ന് മക്കളുടെ പിതാവ് കൂടിയായ പാക്കിസ്ഥാൻ പൗരൻ മുഹമ്മദ് ഹസ്സൻ. മലയിടിച്ചിലിൽ താഴേക്ക് വീണ ഇയാൾ ഒരല്പം ഉന്തിനിന്ന ഒരു പ്രതലത്തിൽ തൂങ്ങി രക്ഷപ്പെടുകയായിരുന്നു.

എന്നാൽ, ഇയാളുടെ സഹായം തേടിയ നോർവേ സ്വദേശിനി ക്രിസ്റ്റിൻ ഹരിലയും സംഘവും ഇയാളെ രക്ഷിക്കാൻ ശ്രമിക്കാതെ മറികടന്ന് പോവുകയായിരുന്നു. ചില ഡ്രോൺ ദൃശ്യങ്ങളാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. വെറും മൂന്ന് മാസത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 കൊടുമുടികൾ കീഴടക്കിയ ഈ നോർവീജിയൻ വനിത ലോക റെക്കോർഡ് നേടിയപ്പോൾ, തീരെ വിലയില്ലാത്ത ഒരു ജീവൻ അപ്പുറത്ത് പൊഴിഞ്ഞു വീഴുകയായിരുന്നു.

ഇത് പാശ്ചാത്യ നാട്ടിൽ നിന്നെത്തിയ സംഘാംഗത്തിനാണ് സംഭവിച്ചിരുന്നെങ്കിൽ ഒരിക്കലും അവർ അയാളെ മരണത്തിന് വിട്ടുകൊടുക്കുകയില്ലായിരുന്നു എന്ന് ഹസന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും പറയുന്നു. ഷേർപ്പ എന്നറിയപ്പെടുന്ന ഇത്തരം സഹായികളെ രണ്ടാം തരം പൗരന്മാരായിട്ടാണ് പർവതാരോഹകർ കാണുന്നത് എന്നും അവർ ആരോപിക്കുന്നു. ഹസ്സന്റെ മരണത്തിന്റെ കണ്ണുനീർ ഉണങ്ങും മുൻപ് തന്നെ വിജയം ആഘോഷിക്കുവാൻ ക്രിസ്റ്റിനും കൂട്ടരും നടത്തിയ വിരുന്ന് സത്ക്കാരം തന്നെ ഇതിന് തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു.

ഏതായാലും ഇതോടെ ലോകത്തിലെ ഏറ്റവും വേഗത കൂടിയ പർവതാരോഹക എന്ന ബഹുമതി ക്രിസ്റ്റിന ഹരിലയുടെ പേരിലായി. തങ്ങൾ ഹസ്സനെ രക്ഷിക്കാൻ ശ്രമിച്ചെന്നും എന്നാൽ, വളരെ അപകടകരമായ സാഹചര്യമാണ് കെ 2 വിൽ ഉണ്ടായിരുന്നതെന്നും ക്രിസ്റ്റിൻ പിന്നീട് പറഞ്ഞു. എന്നാൽ, ആസ്ട്രിയൻ പർവതാരോഹകനായ ഫിലിപ്പ് ഫ്ളേമിങ് പറയുന്നത് അവർ ഡ്രോൺ ഉപയോഗിച്ച് റെക്കോർഡ് ചെയ്ത ദൃശ്യത്തിൽ കാണുന്നത് തൂങ്ങിക്കിടക്കുന്ന ഹസ്സനെ ഉപേക്ഷിച്ച് സംഘം മുൻപോട്ട് പോകുന്നതാണ് എന്നായിരുന്നു.