ഷിംല: ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും കനത്ത നാശം വിതച്ച് മഴ. ഹിമാചൽ പ്രദേശിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 48 ആയി. ഷിംല നഗരത്തിൽ കനത്തെ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷിംല നഗരത്തിലെ സമ്മർഹിൽ ക്ഷേത്രം തകർന്ന് വീണ് 9 പേരും സോളനിലുണ്ടായ മേഘ വിസ്ഫോടനത്തിൽ 7 പേരും മരിച്ചു. തകർത്തുപെയ്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടായി. റോഡ് ഗതാഗതം പൂർണമായി സ്തംഭിച്ച നിലയിലാണ്.

സമ്മർഹില്ലിലെ ശിവക്ഷേത്രത്തിനകത്ത് 15 പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. സാവൻ കാലമായതിനാൽ ക്ഷേത്രത്തിൽ ധാരാളം ഭക്തരെത്തിയിരുന്നു. മരിച്ചവരിൽ ഏഴുപേരുടെ മൃതദേഹം കണ്ടെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു.അപകടം നടക്കുമ്പോൾ ഏതാണ്ട് 50 പേർ ക്ഷേത്രത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇനിയും അനവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. പൊലീസും സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എസ്ഡിആർഎഫ്) ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ശിവപൂജ നടത്താനെത്തിയ നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടായിരുന്നു. ക്ഷേത്രപരിസരം സന്ദർശിച്ച മുഖ്യമന്ത്രി രക്ഷാപ്രവർത്തനം ഊർജിതമായി നടത്തുകയാണെന്ന് അറിയിച്ചു.

സോളൻ ജില്ലയിലെ കാണ്ഡഘട്ട് ജാഡോൺ ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. മൂന്ന് പേരെ കാണാതായി. ആറ് പേരെ രക്ഷപ്പെടുത്തി. രണ്ടുവീടുകളും ഗോശാലകളും ഒലിച്ചുപോയി. ഏഴ് പേരുടെ മരണത്തിൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു അനുശോചനം അറിയിച്ചു. ബലേര പഞ്ചായത്തിൽ വീടു തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. ഒരാളുടെ മൃതദേഹം കണ്ടെത്തി. ദുരിതബാധിതരായ കുടുംബങ്ങൾക്കു ലഭ്യമാക്കാവുന്ന എല്ലാ സഹായങ്ങളും നൽകാൻ അധികൃതർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.

മാണ്ഡി ജില്ലയിലെ സാംബാൽ ഗ്രാമത്തിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. ഇവിടെ മിന്നൽ പ്രളയത്തിൽ ഒൻപത് പേർ ഒഴുക്കിൽപ്പെട്ടു. മലയോര മേഖലയിൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 21 പേരാണ് മരിച്ചത്. അതിശക്തിയായി വെള്ളം താഴേക്ക് കുത്തിയൊലിച്ചുവരുന്നത് മുഖ്യമന്ത്രി പങ്കിട്ട വീഡിയോയിൽ കാണാം. ദൃശ്യങ്ങൾ പകർത്തിയ ആൾ 'എന്റെ ദൈവമേ' എന്ന് വിളിക്കുന്നതും വ്യക്തമാണ്.

സംസ്ഥാനത്തുടനീളം മഴ തുടരുകയാണ്. ഇത് മണ്ണിടിച്ചിലിലേക്കും പാലങ്ങൾ തകരുന്നതിലേക്കും നയിച്ചു. നദികളിൽ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നിരിക്കുകയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. നിരവധി കെട്ടിടങ്ങൾ തകർന്നു.

ബനാൽ ഗ്രാമത്തിൽ മണ്ണിടിച്ചിലിൽ ഒരു സ്ത്രീ മരിച്ചു. കാലാവസ്ഥ മോശമായി തുടരുന്നതിനാൽ ജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. സംസ്ഥാനത്തുടനീളമുള്ള 621 റോഡുകളാണ് മഴയിൽ തകർന്നത്. ഹാമിർപുർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 48 മണിക്കൂറായി തുടർച്ചയായി മഴ പെയ്യുകയാണ്. മഴ തുടരുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

ഞായറാഴ്ച മുതൽ അതിശക്തമായ മഴയാണ് ഹിമചൽ പ്രദേശിൽ പെയ്യുന്നത്. ഞായറാഴ്ച കംങ്‌റയിൽ 273 മില്ലീമീറ്റർ മഴയാണ് പെയ്തത്. ധർമശാലയിൽ 250 മില്ലിമീറ്ററും സുന്ദർനഗറിൽ 168 മില്ലീ മീറ്റർ മഴയും പെയ്തു. 752 റോഡുകൾ തകർന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.

മേഘവിസ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും അവധി നൽകിയിരുന്നു. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് എല്ലാ ജില്ലാ കലക്ടർമാരിൽ നിന്നും മുഖ്യമന്ത്രി വിവരം തേടി. മഴകനക്കുന്ന പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറിക്കും കലക്ടർമാർക്കും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉത്തരാഖണ്ഡിലും കനത്ത മഴയാണ് തുടരുന്നത്. കനത്ത മഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസം കൂടി മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം. മഴയും മണ്ണിടിച്ചിലും വൻതോതിലുള്ള കൃഷിനാശത്തിനും കാരണമായി. ജൂണിൽ ഹിമാചലിൽ ഉണ്ടായ മഴക്കെടുതിയിലും റോഡപകടങ്ങളിലും 257 പേരാണ് മരിച്ചത്. 7,020 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.