ജയ്പുർ: രാജസ്ഥാനിലെ കോട്ടയിൽ തുടർച്ചയായി പിജി വിദ്യാർത്ഥികളടക്കം ജീവനൊടുക്കുന്നത് ആശങ്ക ഉയർത്തുന്നതിനിടെ വിചിത്രമായ പരിഹാര നടപടിയുമായി ജില്ലാ ഭരണകൂടം. സീലിങ് ഫാനുകളിൽ സ്പ്രിങ് ഘടിപ്പിച്ച് ആത്മഹത്യകൾ ചെറുക്കാനാണു നീക്കം. ഈ വർഷം മാത്രം കോട്ടയിൽ ഇരുപതോളം വിദ്യാർത്ഥികളാണു ജീവനൊടുക്കിയത്. മത്സരപരീക്ഷകളുടെ പഠനഭാരത്തെ തുടർന്നുള്ള മാനസിക സമ്മർദത്താലാണു വിദ്യാർത്ഥികൾ ജീവനൊടുക്കുന്നത് എന്നാണു ആരോഗ്യവിദഗ്ധരുടെ നിഗമനം.

വർധിച്ചു വരുന്ന വിദ്യാർത്ഥി ആത്മഹത്യകളുടെ പശ്ചാത്തലത്തിലാണ് കോച്ചിങ് സിറ്റിയായ കോട്ടയിലെ ജില്ലാ ഭരണകൂടം വിചിത്രമായ പരിഹാര നടപടിയുമായി മുന്നോട്ടുവന്നത്. ഹോസ്റ്റലുകളിലും പേയിങ് ഗെസ്റ്റ് (പിജി) കേന്ദ്രങ്ങളിലും സ്പ്രിങ് ഫാനുകൾ ഘടിപ്പിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. നടപടി പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സ്പ്രിങ് ഘടിപ്പിച്ച ഫാനിൽ കുരുക്കിട്ട് താഴേക്കു ചാടിയാൽ നിലത്തേക്കു വലിഞ്ഞുനിൽക്കുന്ന തരത്തിലാണു സംവിധാനം. ഫാനിൽ തൂങ്ങിയുള്ള ആത്മഹത്യകൾ ഇങ്ങനെ ഒഴിവാക്കാമെന്നാണ് അധികൃതർ കരുതുന്നത്.

''വിദ്യാർത്ഥികൾക്കു പഠിക്കുന്നതിനും താമസിക്കുന്നതിനും മാനസിക പിന്തുണയും സുരക്ഷയും വർധിപ്പിക്കേണ്ടതുണ്ട്. കോട്ട നഗരത്തിലെ എല്ലാ ഹോസ്റ്റലുകളിലെയും പിജി കേന്ദ്രങ്ങളിലെയും മുറികളിലെല്ലാം സ്പ്രിങ് ഫാനുകൾ ഘടിപ്പിക്കണം'' ജില്ലാ കലക്ടർ ഓം പ്രകാശ് ബങ്കർ ഉത്തരവിൽ വ്യക്തമാക്കി.

രാജ്യത്തെ മികച്ച എൻജിനീയറിങ്, മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടുന്നതിനായി ആയിരക്കണക്കിനു വിദ്യാർത്ഥികളാണു വിവിധ സംസ്ഥാനങ്ങളിൽനിന്നു കോട്ടയിലെ സെന്ററുകളിൽ പരിശീലനത്തിനായി എത്തുന്നത്. കുട്ടികളുടെ ആത്മഹത്യ തടയാനായി കേന്ദ്രസർക്കാർ സമഗ്രപദ്ധതി തയാറാക്കണമെന്നു ബിജെപി എംപി സുശീൽ മോദി ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇന്ത്യയിലെ പ്രധാനപ്പെട്ട ഉന്നത കലാലയങ്ങളായ ഐഐടി, എൻഐടി, ഐഐഎം തുടങ്ങിയ സ്ഥാപനങ്ങളിൽ 61 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുബാഷ് സർക്കാർ മൂന്ന് മാസങ്ങൾക്ക് മുൻപ് ലോകസഭയെ അറിയിച്ചിരുന്നു. ബെന്നി ബെഹനാൻ,ടിഎൻ പ്രതാപൻ, ഡീൻ കുരിയാക്കോസ്, രാജ്‌മോഹൻ ഉണ്ണിത്താൻ, കെ മുരളീധരൻ തുടങ്ങിയവവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഐഐടികളിൽ നടന്ന 33 ആത്മഹത്യകളിൽ 17 വിദ്യാർത്ഥികളും ജനറൽ കാറ്റഗറിയിലുള്ളവരും ഒൻപത് പേർ ഒബിസി വിഭാഗങ്ങളിൽ ഉള്ളവരും ആര് പേർ ദളിത് വിഭാഗത്തിൽ നിന്നുള്ളവരുമാണ്. ഗോത്ര വിഭാഗങ്ങളിൽ നിന്ന് ഒരു വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. ഐഐടികളിൽ സ്വയം ജീവനൊടുക്കിയവരിൽ പതിനാല് പേർ ഹിന്ദുമതത്തിൽ നിന്നുള്ളവരും രണ്ടാളുകൾ ക്രിസ്തുമതത്തിൽ നിന്നുള്ളവരും ഒരാൾ ഇസ്ലാം മതത്തിൽ നിന്നുള്ളവരുമാണ്. അതേസമയം, ആകെ പതിനേഴ് കേസുകളിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ മതമേതാണെന്ന് രേഖകളിൽ ഇല്ലെന്ന് കേന്ദ്രം പറയുന്നു.

എൻഐടികളിൽ ആത്മഹത്യ ചെയ്ത 24 പേരും ഹിന്ദു മത വിശ്വാസികളാണ്. 10പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരും എട്ടുപേർ ഒബിസി വിഭാഗക്കാര്യ്മ് നാലുപേർ ദളിതരുമാണ്. ഒരാൾ ഗോത്രവിഭാഗത്തിൽ നിന്നും ഒരാൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാരിൽ നിന്നുമാണ്. ഐഐഎമ്മിൽ നടന്ന ആകെ നാല് ആത്മഹത്യകളിലും ഹിന്ദുമതത്തിൽ നിന്നുള്ളവരാണ്. മൂന്ന് പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരും ഒരാൾ ഒബിസിയും.

ഉന്നത കലാലയങ്ങളിലെ ആകെ ആത്മഹത്യകളിൽ അറുപത്തിയൊന്നിൽ അൻപത് ആത്മഹത്യകളും ആൺകുട്ടികളാണ് ചെയ്തത്. മാനസിക പ്രശ്‌നങ്ങൾ, പഠനം സംബന്ധിച്ച സമ്മർദ്ദം, കുടുംബ പ്രശ്‌നങ്ങൾ എന്നിവ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്. വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദം കുറക്കുന്നതിന് കലാ-കായിക ഇനങ്ങളിൽ പ്രോത്സാഹനം നൽകിവരുന്നുണ്ട്. യോഗ അടക്കമുള്ള ആരോഗ്യ വ്യായാമ ശീലങ്ങളും വിവിധ മാനസികാരോഗ്യ ശില്പശാലകളും വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നടത്തണമെന്ന് എഐസിടിഇയും യുജിസിയും നൽകിയ മാർഗ്ഗ നിർദ്ദേശങ്ങളിലുണ്ട്. കോവിഡിന് ശേഷം ഉണ്ടായ മാനസിക പിരിമുറുക്കങ്ങൾ പ്രത്യേകം പരിഗണിച്ച് മനോദർപ്പൺ എന്നൊരു പദ്ധതിയും നടപ്പിലാക്കി വരുന്നതായി കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു.