ലണ്ടൻ: എപ്പോഴും മുഖത്ത് നിറഞ്ഞ് നിൽക്കുന്ന നിഷ്‌കളങ്കമായ ചിരിയായിരുന്നു ലൂസി ലെറ്റ്ബി എന്ന നഴ്സിന്റെ മുഖമുദ്ര. കൂട്ടുകാർക്കൊപ്പം കളിച്ചും ചിരിച്ചും സമയം കളഞ്ഞിരുന്ന ഒരു കിലുക്കാം പെട്ടി. വീട്ടിലെത്തിയാൽ പിന്നെ കൂട്ട് ഒരു കൂട്ടം കളിപ്പാട്ടങ്ങളും. തന്റെ പ്രിയപ്പെട്ട ടെഡി ബെയറിനെ കെട്ടിപ്പിടിച്ചു കിടക്കാതെ ഉറക്കം വരാത്ത ലൂസി ലെറ്റ്ബി. വിചാരണ വേളയിൽ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ ഈ 33 കാരി കൊലപാതകീയെന്ന് വിശ്വസിക്കാനാകാതെ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും.

തൊട്ടടുത്ത വീട്ടിലെ പാവം പെൺകുട്ടി എന്ന ലൂസി ലെറ്റ്ബിയുടെ ഭാവവും പെരുമാറ്റവുമായിരുന്നു പലപ്പോഴും ഇവരെ സംശയത്തിന്റെ മുൾമുനകളിൽ നിന്നും രക്ഷിച്ചു പോന്നത്. ഇവർ ചെയ്ത പല തെറ്റുകൾക്കും ഇവർ സംശയിക്കപ്പെടാതെ സഹപ്രവർത്തകർ സംശയത്തിന്റെ നിഴലിലെത്തുന്ന നില പോലും ഉണ്ടായി. ബ്രിട്ടനിലെ ഒരു ഇടത്തരം പട്ടണത്തിൽ, ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് സീരിയൽ കില്ലർ ആയി മാറിയ ഇവരുടെ കഥ എല്ലാവരെയും അദ്ഭുതപ്പെടുത്തുന്നതാണ്.

ഇംഗ്ലണ്ടിന്റെയും വെയ്ൽസിന്റെയും അതിർത്തിയിലുള്ള ഹിയർഫോർഡ് പട്ടണത്തിലെ ഒരു പഴയ വീട്ടിലായിരുന്നു ഇവരുടെ ബാല്യകാലം. ചില്ലറവില്പനക്കാരനായ പിതാവും അയാളുടെ അക്കൗണ്ടങ്ങുകൂടിയായ മാതാവിനുമൊപ്പം തികച്ചും സാധാരണമായ ജീവിതമായിരുന്നു ലൂസിയുടേത്. മകൾ ഇത്രയും വലിയൊരു ക്രൂരകൃത്യം ചെയ്യുമെന്ന് ലൂസിയുടെ അമ്മ ഇപ്പോഴും വിശ്വസിക്കുന്നില്ല. നേരത്തേ ലൂസിയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ, താനാണ് അത് ചെയ്തതെന്നും മകളെ വിട്ടിട്ട് തന്നെ അറസ്റ്റ് ചെയ്യണമെന്നും പറഞ്ഞ അലമുറയിട്ട് കരഞ്ഞതായിരുന്നു ആ അമ്മ.

ഒരു പ്രാദേശിക സ്‌കൂളിൽ പഠനം ആരംഭിച്ച ലൂസിക്ക് വളരെ കുട്ടിക്കാലം മുതൽ തന്നെ നഴ്സ് ആകണമെന്നായിരുന്നു ആഗ്രഹം എന്ന് അവരുടെ സഹപാഠികൾ ആയിരുന്നവർ പറയുന്നു. തികഞ്ഞ ക്രിസ്തുമത വിശ്വാസിയായ അവർ അടുത്തുള്ള ഒരു ഇവാഞ്ചലിക്കൽ പള്ളിയിലെ സ്ഥിരം സന്ദർശകയായിരുന്നു. മാത്രമല്ല, ഭക്തരായ ഒരു പറ്റം പെൺകുട്ടികളുടെ ഗ്രൂപ്പിലും അന്ന് അവർ അംഗമായിരുന്നു. വളരെ അച്ചടക്കമുള്ള ഒരു ജീവിതമായിരുന്നു ലൂസിയുടേതെന്ന് അന്ന് ആ ഗ്രൂപ്പിൽ അംഗമായിരുന്ന മറ്റൊരു വ്യക്തി പറയുന്നു.

പാർട്ട് റ്റൈം ജോലി ചെയ്ത് പഠനം തുടർന്ന ലൂസി ചെസ്റ്റർ യൂണിവേഴ്സിറ്റിയിലായിരുന്നു പീഡിയാട്രിക് നഴ്സിങ് ഡിഗ്രി പഠനം നടത്തിയത്. കുട്ടിക്കാലത്ത് ബാധിച്ച തൈറോയ്ഡ് സംബന്ധമായ ചില പ്രശ്നങ്ങൾ ഇവരെ വിഷാദരോഗത്തിലേക്ക് നയിച്ചേക്കാം എന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, അതൊന്നും ബാധിക്കാതെ സമർത്ഥമായി തന്നെ ഇവർക്ക് പഠനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നു. ചൈൽഡ് നഴ്സിംഗിൽ ബി എസ് സി ഹോണേഴ്സ് ആണ് ഇവരുടെ യോഗ്യത.

ഇനിയും ലൂസിയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിശ്വസിക്കാനാകുന്നില്ല ഇവർ ഇതെല്ലാം ചെയ്തെന്ന്. ക്രിമിനോളജിസ്റ്റ് പ്രൊഫസറായ ഡേവിഡ് വിൽസൺ പറയുന്നത് മാൻഷോസെൻ സിൻഡ്രം എന്ന മാനസികാവസ്ഥ ആയിരിക്കാം ഇതെല്ലാം ലൂസിയെ കൊണ്ട് ചെയ്യിച്ചതെന്ന്. ആർക്കെങ്കിലും രോഗങ്ങൾ, അപകടം, മുറിവ് തുടങ്ങിയവ വരുന്നതിന് ഇടവരുത്തിയതിനു ശേഷം, അവരെ ശുശ്രൂഷിക്കുകയും സഹായിക്കുകയുംചെയ്ത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നതിനുള്ള ഒരുതരം മാനസിക വൈകല്യമാണിത്.