- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കുറുക്കന്മാർക്കൊപ്പം വളർന്നു; കുരങ്ങന്മാരുടെ കൂട്ടം അഭയം നൽകി; കാട്ടിൽ മൃഗങ്ങളാൽ വളർത്തപ്പെട്ട ഒരു ആണിന്റെയും പെണ്ണിന്റെയും കഥ; യഥാർത്ഥ ജീവിതത്തിലെ മോഗ്ലിയുടെ അവിശ്വസനീയമായ കഥ
മനുഷ്യരിൽ മൃഗീയതഅതിന്റെ മൂർദ്ധന്യത്തിൽ എത്തി നിൽക്കുമ്പോൾ, മൃഗങ്ങളിൽ മനുഷ്യത്വം വളരും എന്നതിന്റെ ഉത്തമോദാഹരണമായി ഒരു കഥ. മനുഷ്യരുപേക്ഷിച്ച മനുഷ്യക്കുട്ടികളിൽ പലരെയും മൃഗങ്ങൾ ദത്തെടുത്ത് വളർത്തിയിട്ടുണ്ട് എന്നത് തികച്ചും അവിശ്വസനീയമായിരിക്കും. എന്നാൽ, യഥാർത്ഥ ജീവിതത്തിലും മോഗ്ലിമാർ ധാരാളമുണ്ട്. പിന്നീട് അവരിൽ പലരെയും കണ്ടെത്തിയപ്പോൾ അവരിൽ പലർക്കും നേറേ നടക്കാൻ പോലും കഴിയുമായിരുന്നില്ല. കുരയിലൂടെയും മുരളിലൂടേയുമായിരുന്നു അവർ ആശയ വിനിമയം നടത്തിയിരുന്നത്.
അത്തരത്തിലുള്ള ചില മനുഷ്യരുടെ കഥകളാണിവിടെ. സ്പെയിനിലെ സിയാറ മൊറേന പർവ്വത നിരകളിൽ അലഞ്ഞു നടന്നിരുന്ന മാർക്കോസ് റോഡ്രിഗസ് പാന്റോജ എന്ന വ്യക്തിയെ പന്ത്രണ്ട് വർഷക്കാലം വളർത്തിയത് ഒരുപറ്റം ചെന്നായ്ക്കളായിരുന്നു. കേവലം ഏഴു വയസ്സുള്ളപ്പോളായിരുന്നു അയാൾ ആ മലനിരകളിൽ ഒറ്റപ്പെട്ടു പോയത്. പിന്നീട് നീണ്ട പന്ത്രണ്ട് വർഷക്കാലം ചെന്നായ്ക്കൾക്കൊപ്പം തിന്നും ഗുഹകളിൽ ഉറങ്ങിയുമായിരുന്നു അയാൾ ജീവിച്ചത്.
പത്തൊമ്പത് വയസ്സുള്ളപ്പോളാണ് അയാളെ മനുഷ്യർ വീണ്ടും കണ്ടെത്തുന്നത്. അർദ്ധ നഗ്‌നനായി നഗ്‌നപാതനായി പർവത നിരകളിലൂടെ അതിവേഗം ഓടിയിരുന്ന അയാൾ മുരളലിലൂടേയും ഓരിയിട്ടുമായിരുന്നു ആശയ വിനിമയം നടത്തിയിരുന്നത്. ഇയാൾക്ക് മൂന്ന് വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. പിന്നീട് ഇയാളുടെ രണ്ടാനച്ഛൻ മറ്റൊരു സ്ത്രീക്കൊപ്പം പോയപ്പോൾ ഒരു ആട്ടിടയനായിരുന്നു ഈ കുഞ്ഞിനെ എടുത്തു വളർത്തിയത്.
പർവത നിരകളിലെ താമസത്തിനിടയിൽ ആട്ടിടയൻ മരണപ്പെട്ടതോടെ ഏഴു വയസ്സുകാരൻ മലമുകളിൽ ഒറ്റപ്പെടുകയായിരുന്നു. മുൻപിൽ വലിയൊരു ലോകം, കൂടെ ആരുമില്ലാത്ത അവസ്ഥ. ആ കുഞ്ഞിന് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഉറങ്ങാൻ മുൻപിൽ കണ്ട ഒരു ഗുഹയിൽ കയറിയ കുഞ്ഞ് പാന്റോജ കണ്ടത് അവിടെ കളിക്കുന്ന ചെന്നായ് കുട്ടികളേയാണ്. ഉറങ്ങുന്നതിനു മുൻപ് പാന്റോജയും ഏറെ നേരം അവർക്കൊപ്പം കളിച്ചു.
പിന്നീട് ഉറക്കമുണരുമ്പോൾ ആ കുഞ്ഞ് കാണുന്നത് അമ്മ ചെന്നായ് തന്റെ മക്കൾക്കായി മാംസം കൊണ്ടുവന്ന് കൊടുക്കുന്നതാണ്. വലിയ വിശപ്പുള്ളതുകാരണം അതിൽ നിന്നും കുറച്ച് തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും ചെന്നായ് അവനെ കാലുകൊണ്ട് തട്ടിമാറ്റി. പിന്നീട് കുഞ്ഞുങ്ങൾ കഴിച്ച് ബാക്കി വന്ന മാംസം തനിക്ക് നൽകി എന്ന് ഇപ്പോൾ 77 വയസ്സുള്ള ഇയാൾ 2013-ൽ ബി ബി സിക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സ്പെയിനിന്റെ മോഗ്ലി എന്നറിയപ്പെടുന്ന ഇയാൾ പറയുന്നത്, മനുഷ്യ സംസ്‌കാരത്തിലേക്ക് തിരിച്ചു വന്നതിനു ശേഷം താൻ ഏറെ വഞ്ചിക്കപ്പെട്ടു എന്നാണ്. താൻ ജോലി ചെയ്ത ഹോട്ടൽ- കെട്ടിട നിർമ്മാണ മേഖലകളിലെ മുതലാളിമാരിൽ നിന്നും കയ്ക്കുന്ന അനുഭവങ്ങളാണ് ഏറെ നേരിടേണ്ടി വന്നത്. ചെന്നായ്ക്കൾക്കൊപ്പമുണ്ടായിരുന്ന കാലത്തൊന്നും അവർ ഒരിക്കൽ പോലും തന്നെ ചതിച്ചിട്ടില്ല എന്നും അയാൾ പറഞ്ഞു.
ഇയാളെ ആദ്യം കന്യാസ്ത്രിമാർ നടത്തിയിരുന്ന ഒരു അനാഥാശ്രമത്തിലായിരുന്നു പ്രവേശിപ്പിച്ചത്. നിവർന്ന് നടക്കുവാനായിരുന്നു ഇയാളെ അവർ ആദ്യം പഠിപ്പിച്ചത്. കിടക്കയിൽ കിടന്നുറങ്ങുന്നതും മറ്റും ബുദ്ധിമുട്ടായപ്പോൾ ഇയാൾ ആരും അറിയാതെ തന്റെ ഗുഹയിലേക്ക് തിരിച്ചു. എന്നാൽ, ഏറെനാൾ മനുഷ്യർക്കൊപ്പം താമസിച്ച തന്നെ സ്വീകരിക്കാൻ ചെന്നായ്ക്കൾ തയ്യാറായില്ല എന്ന് അയാൾ പറയുന്നു.
അതുപോലെ ഒരു കദന കഥയാണ് യുക്രെയിൻ സ്വദേശിയായ ഓക്സാന മാലയ എന്ന പെൺകുട്ടിയുടേത്. മദ്യപാനികളായ മാതാപിതാക്കൾ അവളെ ഇട്ടു പൂട്ടിയത് ഫാമിലെ ഒരു പട്ടിക്കൂട്ടിലായിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം അധികൃതർ അവളെ കണ്ടെത്തുമ്പോൾ, പട്ടികളെ പോലെ മുട്ടിലിഴഞ്ഞായിരുന്നു അവൾ പുറത്ത് വന്നത്. പുറത്ത് വന്ന ഉടൻ അവൾ അവരെ നോക്കി കുരയ്ക്കുകയും ചെയ്തു.

മാതാപിതാക്കൾ മദ്യപാനികളായിരുന്നതിനാൽ കുട്ടികളുടെ കാര്യത്തിൽ അവർ ശ്രദ്ധിച്ചിരുന്നില്ല. ഒരിക്കൽ തണുപ്പുള്ള രാത്രിയിൽ, ഒരല്പം ചൂടു തേടിയായിരുന്നു. ഈ കുഞ്ഞു പെൺകുട്ടി പട്ടികൂട്ടിൽ കയറിയത്. പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. പട്ടികൾ അവളെ നന്നായി വളർത്തി. സന്ദർശകർ അധികം വരാത്ത വീടായിരുന്നു ഓക്സാനയുടേത് എന്നതിനാൽ ഏറെനാൾ ആരും ഇക്കഥകൾ ഒന്നും അറിഞ്ഞിരുന്നില്ല. പിന്നീട് ഒരു അയൽക്കാരനായിരുന്നു ഏഴ് വയസ്സുള്ള കുട്ടി കുരയ്ക്കുന്നത് കണ്ട് പൊലീസിനെ വിവരമറിയിക്കുന്നതും അവർ ഓക്സാനയെ രക്ഷപ്പെടുത്തുന്നതും.
സമാനമായ രീതിയിൽ തെരുവു നായ്ക്കൾ വളർത്തിയ ബാലനാണ് റഷ്യയിലെ ഇവാൻ മിഷുകോവ്. മദ്യപാനിയായ മുത്തച്ഛൻ തെരുവിലുപേക്ഷിച്ചു പോയ ഈ കുരുന്ന്, തെരുവു നായ്ക്കൾക്കൊപ്പം ഹോട്ടലുകളിലേയും മറ്റും അവശിഷ്ടങ്ങൾ കഴിച്ചായിരുന്നു വളർന്നത്. ആറാം വയസ്സിൽ അയാളെ അധികൃതർ രക്ഷിക്കുകയായിരുന്നു. ഇപ്പോൾ 31 വയസ്സുള്ള ഇയാൾ 2019 ൽ ഒരു ടി വി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ആ തെരുവ് നായ്ക്കൾ ഇല്ലായിരുന്നെങ്കിൽ താൻ ജീവിച്ചിരിപ്പില്ലായിരുന്നു എന്നാണ്.

ഇന്ന് മുത്തശ്ശിയായി ബ്രാഡ്ഫോർഡിൽ താമസിക്കുന്ന വീട്ടമ്മ മറീന ചാപ്മാൻ പറയുന്നതുകൊളംബിയയിലെ മഴക്കാടുകളിൽ തന്നെ വളർത്തിയത് ഒരുപറ്റം കുരങ്ങന്മാരായിരുന്നു എന്നാണ്. കുഞ്ഞായിരിക്കുമ്പോൾ തന്നെ തട്ടിക്കൊണ്ടു പോയവർ അവരുടെ ഉദ്ദേശം സാധിക്കാതെ വന്നതോടെ കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നത്രെ. അന്ന് അവർക്ക് വെറും നാല് വയസ്സ് മാത്രമായിരുന്നു.
അഞ്ച് വർഷത്തിനു ശേഷം ഒരു നായാട്ട് സംഘമായിരുന്നുആ കുഞ്ഞിനെ രക്ഷിച്ചത്. എന്നാൽ, അവരുടെ ഉദ്ദേശം മറ്റൊന്നായിരുന്നു. കാട്ടിൽ നിന്നും രക്ഷിച്ച മറീനയെ ഒരു വേശ്യാലയത്തിന് വിൽക്കാനായിരുന്നു അവർ ശ്രമിച്ചത്. അതിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട അവർ പിന്നീട് ഹൗസ് കീപ്പറുടെ ജോലിക്ക് കയറിയെങ്കിലും വീട്ടുടമയുടെ ഉപദ്രവം സഹിക്കാതെ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് തുണിവ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന ഒരു കുടുംബത്തിൽ സഹായിയായി കൂടിയ മറീന അവർ ഇംഗ്ലണ്ടിലേക്ക് കുടിയേറിയപ്പോൾ അവർക്കൊപ്പം ഇവിടെ എത്തുകയായിരുന്നു.

1988 ൽ ഉഗാണ്ടയിൽ സ്വന്തം പിതാവ് അമ്മയെ കൊല്ലുന്നത് കണ്ട് ഭയന്നോടിയ ബാലനെ പിന്നീട് 1991 ൽ ഒരു ആദിവാസി സ്ത്രീ കാണുന്നത് വരെ കാടിനകത്ത് വളർത്തിയിരുന്നത് ഒരുപറ്റം കുരങ്ങന്മാരായിരുന്നു. ടാർസന്റെ അല്ലെങ്കിൽ ജംഗിൾ ബുക്കിലെ മോഗ്ലിയുടെ കഥക്ക് സമാനമായ രീതിയിൽ ജോൺ എന്ന ഇയാൾ കുരങ്ങന്മാരുടെ സ്വഭാവവുമായാണ് തിരികെ നാട്ടിലെത്തുന്നത്. പിന്നീട് മനുഷ്യ ജീവിതവുമായി ഇഴുകിച്ചേർന്ന ജോൺ ഇന്ന് ആഫ്രിക്കയിലെ തന്നെ അറിയപ്പെടുന്ന ഒരു ഗായകൻ കൂടിയാണ്.
2017-ൽ നേപ്പാൾ അതിർത്തിയോട് ചേർന്ന വനമേഖലയിൽ നിന്നും കണ്ടെടുത്ത പെൺകുട്ടി വർഷങ്ങളോളം വന്യമൃഗങ്ങൾക്കൊപ്പമായിരുന്നു ജീവിച്ചത്. നാലുകാലിൽ മാത്രം ശീലമുണ്ടായിരുന്ന ഈ കുട്ടി പഴങ്ങളും പച്ച മാംസവുമൊക്കെയായിരുന്നു കൊതിയോടെ തിന്നിരുന്നത്. കണ്ടു കിട്ടുമ്പോൾ എട്ടു വയസ്സുണ്ടായിരുന്ന ഈ കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അധികൃതർ തന്നെ ഇവൾക്ക് എഹ്സാസ് എന്ന പേര് നൽകുകയായിരുന്നു.





