- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''എന്റെ ഓഫിസിൽ ഗണപതി വിഗ്രഹമുണ്ട്... ഹിന്ദു വിശ്വാസം എന്നെ പ്രധാനമന്ത്രിയാക്കിയതിൽ വലിയ പങ്കു വഹിച്ചു'', ഋഷി സുനക് ഹിന്ദുവാണോ എന്ന് സംശയിച്ച സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്കുള്ള മറുപടി കേംബ്രിഡ്ജിൽ നടന്ന രാമായണ സദസിൽ; ജയ് ശ്രീറാം വിളിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി; വിശ്വാസത്തിന്റെ പേരിൽ തമ്മിൽ തല്ലാൻ തയ്യാറെടുത്തു നിൽക്കുന്ന ഇന്ത്യൻ ജനത കണ്ടുപഠിക്കേണ്ട മാതൃക
ലണ്ടൻ: ''ഞാൻ വിശ്വാസി ആയത് പ്രധാനമന്ത്രി പദത്തിൽ എത്താൻ പ്രധാന കാരണമായി, എന്റെ ഓഫിസിൽ ഗണപതി വിഗ്രഹമുണ്ട് ''- ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. മുൻപ് പലവട്ടം തന്റെ പാരമ്പര്യത്തെയും വിശ്വാസത്തെയും കുറിച്ച് ഋഷി സുനക് പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം പ്രധാനമന്ത്രി പദവി ഏറ്റെടുത്ത നാളുകളിൽ അദ്ദേഹത്തിന്റെ മതവും വിശ്വാസവും കൂടുതൽ ചർച്ചയായത് അയ്യായിരം മൈൽ അകലെ കേരളത്തിൽ ജീവിക്കുന്നവർക്കിടയിലാണ്. അദ്ദേഹം ഹിന്ദു വിശ്വാസി ആണെന്നും എന്നാൽ പൂർവികർ അങ്ങനെ ആയതുകൊണ്ട് ഹാർവാർഡിൽ പഠിച്ച ബ്രിട്ടനിൽ ജനിച്ചു വളർന്ന ഋഷി അങ്ങനെയാകില്ല എന്നുമായിരുന്നു ചേരി തിരിഞ്ഞു കേരളത്തിൽ നടന്ന ചർച്ച.
ഈ ചർച്ചയിൽ യുകെയിൽ ജീവിക്കുന്ന മലയാളികൾ കാര്യമായി തല വച്ച് കൊടുത്തില്ല എന്നതും പ്രത്യേകതയാണ്. കാരണം ബ്രിട്ടനിൽ ഒരാളുടെ മതവും വിശ്വാസവും ഒക്കെ വെളുപ്പെടുത്തിയാലും ഇല്ലെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല എന്ന തിരിച്ചറിവാണ് യുകെ മലയാളികളിൽ അത്തരം ചേരി തിരിവ് സൃഷ്ടിക്കുന്ന ചർച്ചയ്ക്ക് ഇടം ലഭിക്കാതെ പോയത്.
ഗണപതി വിവാദമാകുന്നതും അല്ലാതാകുന്നതും, പ്രകോപന സംസാരം ഒഴിവാക്കേണ്ടതും
കഴിഞ്ഞ ദിവസങ്ങളിൽ കേംബ്രിഡ്ജിൽ നടന്ന രാമായണ സദസിലാണ് ഋഷി സുനക് താൻ ഇവിടെ എത്തിയിരിക്കുന്നത് പ്രധാനമന്ത്രി ആയിട്ടല്ല പകരം ഹിന്ദു വിശ്വാസി ആയിട്ടാണ് എന്ന് ഒരിക്കൽ കൂടി വെളിപ്പെടുത്തിയത്. കേരളത്തിൽ അടുത്തിടെ ഉണ്ടായ ഗണപതി വിവാദ പരാമർശം അസ്ഥാനത്ത് ആയിരുന്നു എന്നോർമ്മിപ്പിച്ചു തന്റെ ഓഫിസ് മുറിയിൽ ഗണപതിയുടെ ചെറിയ വിഗ്രഹം ഉണ്ടെന്ന കാര്യവും അദ്ദേഹം ഒരിക്കൽ കൂടി പറയാൻ മടിച്ചില്ല.
ബോറിസ് സർക്കാരിൽ ചാൻസലർ ആയി നിയമിതനായപ്പോൾ ഭാര്യ അക്ഷത മൂർത്തിയാണ് തടസങ്ങൾ മാറിക്കിട്ടാൻ ഗണപതി വിഗ്രഹം ഓഫിസ് മേശയിൽ എത്തിച്ചതെന്നും ഋഷി മുൻപും പറഞ്ഞിട്ടുള്ളതാണ്. അതിനിടെ ഋഷി ഹിന്ദു വിശ്വാസം സംബന്ധിച്ച് നടത്തിയ പ്രസംഗം ഇന്ത്യയിൽ വലിയ മാധ്യമ ചർച്ച ആയിരിക്കുകയാണ്. പ്രധാന ദേശീയ മാധ്യമങ്ങൾ എല്ലാം ഋഷിയുടെ പ്രസംഗം പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാമ കഥ എന്ന വിഷയത്തിൽ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയാണ് ഹിന്ദു ഗുരു മുരാരി ബാപ്പുവിന്റെ സാന്നിധ്യത്തിൽ രാമായണ സദസ് സംഘടിപ്പിച്ചത്. കർക്കിടകം രാമായണ മാസമായി ഹൈന്ദവ വിശ്വാസത്തിൽ കരുതുന്നതിനാൽ കർക്കിടകം വിട പറയാൻ ഒരുങ്ങുന്ന നാളുകളിൽ നടന്ന ചർച്ച വിശ്വാസികൾക്കിടയിൽ വലിയ ശ്രദ്ധ നേടുകയും ചെയ്തു. ഇന്ത്യൻ സ്വതന്ത്ര ദിനത്തിൽ തന്നെ ഇങ്ങനെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ ആയതും ധന്യത ആയി കരുതുകയാണ് എന്നും ഋഷി വ്യക്തമാക്കിയാണ് പ്രസംഗം തുടർന്നത്. ജെയ് ശ്രീറാം എന്ന നാമോച്ചാരണം മുഴക്കിയാണ് ഋഷി പ്രസംഗം നടത്തിയത്. ഇന്ത്യയിലും കേരളത്തിലും ഒക്കെ നാമോച്ചാരണം പോലും വലിയ വിവാദമാകുകയും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന നാളുകളിൽ ഇതിലൊന്നും ഒരു വിവാദം സൃഷ്ടിക്കേണ്ട കാര്യം ഇല്ലെന്നുമാണ് ഇപ്പോൾ ഋഷിയുടെ പ്രസംഗം കുറഞ്ഞ പക്ഷം ഭാരതീയരെയെങ്കിലും പഠിപ്പിക്കുന്നത്.
അടുത്തിടെ കേരളത്തിൽ ഗണപതി പരാമർശം സ്പീക്കർ ഷംസീർ നടത്തിയത് പ്രകോപനപരം ആണെന്ന് ചൂണ്ടിക്കാട്ടി എൻ എസ് എസ് തെരുവിൽ ഇറങ്ങിയതും പിന്നാലെ ബാങ്ക് വിളിയുടെ കാര്യത്തിൽ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശം വിവാദമാകുകയും ചെയ്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് ഇടപെട്ടാണ് വിവാദം ഉണ്ടാക്കുന്നതും പ്രകോപനപരവുമായ പരാമർശങ്ങൾ ഒഴിവാക്കണമെന്നു പരസ്യമായി പറഞ്ഞത്. തൊട്ടു പിന്നാലെ കണ്ണൂരിൽ ഗണപതി ക്ഷേത്രത്തിൽ കുളം നവീകരിക്കാൻ 60 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചാണ് മാപ്പു പറയണം എന്ന ആവശ്യത്തെ ഷംസീർ ലഘൂകരിച്ചെടുത്തത്.
ജെയ് ശ്രീറാം വിളിച്ചു ഋഷി സുനക്, വിവാദമില്ലാതെ ബ്രിട്ടൻ
കാരണം പ്രസംഗ ശേഷം ബ്രിട്ടനിൽ ഒരാൾ പോലും ഋഷിയെ വിമർശിക്കാൻ തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ പാർട്ടിയിൽ പോലും ഉള്ള ഇസ്ലാം വിശ്വാസികളോ പ്രതിപക്ഷത്തെ മുസ്ലിം നേതാക്കളോ ആരും തന്നെ ഋഷിയുടെ ജെയ് ശ്രീറാം വിളി അപകടമായി കാണുന്നില്ല. എന്നാൽ ലണ്ടനിൽ തന്നെ അതേ ദിവസം വെസ്റ്റ് ലണ്ടനിലെ സൗത്ത് ഹാളിൽ സ്വതന്ത്ര ദിന റാലിയിൽ സിഖ് തീവ്രവാദികൾ ഇന്ത്യക്കാരുമായി സംഘർഷത്തിൽ ഏർപ്പെട്ടത് ജെയ് ശ്രീറാം വിളി മുഴങ്ങിയതോടെ ആണെന്ന് പാക് മാധ്യമമായ ജിയോ ടിവി നെറ്റവർക്ക് റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടു കാര്യങ്ങളും നടന്നത് ബ്രിട്ടനിൽ തന്നെ ഒരേ ദിവസം ആണെന്നതും ശ്രദ്ധേയമാണ്. ഇത് തെളിയിക്കുന്നത് ഇത്തരം കാര്യങ്ങളിൽ സംഘർഷവും വിവാദവും ഉണ്ടാകുന്നത് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടാണ് എന്ന് തന്നെയാണ്.
എന്നാൽ വിവാദം ആകണമെങ്കിൽ അതിനാവശ്യമായ മുഴുവൻ ചേരുവകളും നിറഞ്ഞതായിരുന്നു ഋഷിയുടെ കേംബ്രിഡ്ജ് പ്രസംഗം. എന്നാൽ തുടക്കത്തിലേ തന്നെ താൻ പ്രധാനമന്ത്രി ആയല്ല, തികച്ചും വിശ്വാസി ആയിട്ടാണ് ചടങ്ങിൽ പങ്കെടുക്കുന്നത് എന്ന ഒറ്റ വാചകത്തിൽ ആർക്കെങ്കിലും ഏറ്റുപിടിക്കാൻ ഉള്ള ചെറിയ സാധ്യത പോലും ഋഷിയിലെ പ്രായോഗിക രാഷ്ട്രീയക്കാരൻ അടച്ചു കളയുക ആയിരുന്നു. തന്റെ വിശ്വാസം കൂടുതൽ ഉറപ്പിച്ചു പറയുന്നതോ പറയാതിരിക്കുന്നതോ രാഷ്ട്രീയമായി നേട്ടമോ കോട്ടമോ ഉണ്ടാക്കില്ല എന്ന വിശ്വാസത്തിലാണ് ഋഷി പ്രസംഗം തുടർന്നത്. താൻ ജീവിതത്തിൽ എന്തെങ്കിലും നേട്ടം ഉണ്ടാക്കിയെങ്കിൽ അതിന്റെ അടിസ്ഥാന കാരണം തന്റെ മതപരമായ വിശ്വാസം കൂടി മുറുകെ പിടിച്ചതുകൊണ്ടാണ് എന്ന് തെളിച്ചു പറഞ്ഞാണ് ഋഷി തന്റെ പ്രസംഗം വികസിപ്പിച്ചെടുത്തത്.
പ്രധാന മന്ത്രി പദത്തിലെ സമ്മർദ്ദം ലഘൂകരിക്കുന്നത് പ്രാർത്ഥനയിലൂടെ
പ്രധാനമന്ത്രി പദം എന്നത് വലിയ അംഗീകാരം തന്നെ ആണെങ്കിലും അതൊരു ചെറിയ ജോലി അല്ലെന്നും ഋഷി വിശദീകരിച്ചു. ജോലി സംബന്ധമായ സമ്മർദ്ദം ഒക്കെ ലഘൂകരിക്കാൻ തന്റെ മത വിശ്വാസം സഹായിക്കുന്നുണ്ട് എന്ന വാക്കുകൾ വേണമെങ്കിൽ എതിർ വാദം ഉയർത്തുന്നവർക്കു വളച്ചൊടിച്ചു വിവാദമാക്കാവുന്നതും ആയിരുന്നു. എന്നാൽ വിശ്വാസി എന്ന നിലയിലാണ് സംസാരിക്കുന്നത് എന്ന് പറയുന്ന ആളോട് അങ്ങനെ പറയരുത് എന്ന് ആവശ്യപ്പെടാൻ ഉള്ള പഴുതാണ് ഋഷി തുടക്കത്തിലേ അടച്ചു കളഞ്ഞത്.
ജോലിക്കിടയിൽ ഉണ്ടാകുന്ന സമ്മർദ്ദവും തർക്കങ്ങളും ഒകെ തരണം ചെയ്തു മുന്നോട്ടു പോകാൻ ഉള്ള ശക്തിയും സഹനവും മാനസിക ധൈര്യവും ഒക്കെ ലഭിക്കുന്നത് വിശ്വാസം വഴിയാണെന്ന് ഋഷി പറഞ്ഞത് ശ്വാസമടക്കിയാണ് സദസ് കെണ്ടിരുന്നത്. ഒടുവിൽ പ്രാർത്ഥനയിലാണ് മാനസിക ശക്തി ലഭിക്കുന്നത് എന്ന വാക്കുകൾ പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും യുവതീ യുവാക്കൾ തിങ്ങി നിറഞ്ഞ സദസ്സിൽ പൊടുന്നനെ കയ്യടികൾ ഉയരുക ആയിരുന്നു. ഒരു പക്ഷെ അവരിൽ പലർക്കും പ്രാർത്ഥന എന്തെന്നതു പോലും അറിഞ്ഞിരിക്കാൻ സാധ്യത ഇല്ലാത്ത ജീവിത പശ്ചാത്തലം ആയിരിക്കാം കൂടെയുള്ളത് എന്നതും ആ കയ്യടികൾ ഉയർന്ന അന്തരീക്ഷം ഓർമ്മപ്പെടുത്തുന്നതായി. വരും നാളുകളിൽ വിശ്വാസ പ്രചാരകർക്ക് എന്താണ് വിശ്വാസം വഴിയുള്ള നേട്ടം എന്ന ചോദ്യം ഉയരുമ്പോൾ നിശ്ചയമായും ഉയർത്തിക്കാട്ടാൻ കഴിയുന്നതാണ് ഋഷിയുടെ വാക്കുകൾ.
ഐഎസ്ആർഒ ശാസ്ത്രജ്ഞരെ വിമർശിച്ചവർക്കും മറുപടിയായി
ഇതേകാര്യം മുൻപും പലരും പറഞ്ഞിട്ടുണ്ടെങ്കിലും ആധുനിക ലോകത്തു പാശ്ചാത്യ ജീവിത രീതിയിൽ വളരുകയും ലോകോത്തര യൂണിവേഴ്‌സിറ്റിയിൽ പഠനം നടത്തുകയും ചെയ്ത യുവ തലമുറയിൽ പെട്ട രാഷ്ട്രീയ നേതാവിന്റെ വാക്കുകൾ ആകുമ്പോൾ അതിനു കൂടുതൽ ആധികാരികത ആണ് ലഭിക്കുന്നത്. അടുത്തിടെ ഇന്ത്യൻ ശാസ്ത്ര സംഘം ചന്ദ്രയാൻ വിക്ഷേപണം നടത്തുന്നതിന് മുന്നോടിയായി ക്ഷേത്ര സന്ദർശനം നടത്തിയതും പൂജ കഴിച്ചതും ഒക്കെ ചർച്ച ചെയ്യപ്പടുകയും വിവാദമാകുകയും ചെയ്ത പശ്ചാത്തലത്തിൽ ഏതു ജോലി ചെയ്യുന്നവർക്കും മാനസിക സമ്മർദം ഉണ്ടാകാമെന്നും അതിനു പരിഹാരം കാണാൻ വിശ്വാസം തുണയാകുമെങ്കിൽ അതിനെ മുറുകെ പിടിക്കുന്നതിൽ ഒരു തെറ്റും കാണേണ്ട എന്ന സന്ദേശം കൂടിയാണ് ഇപ്പോൾ ഋഷിയുടെ വാക്കുകൾ ഉയർത്തുന്നത്.
താൻ വിശ്വാസി എന്ന നിലയിൽ ചെയ്ത ഓരോ ചെറിയ കാര്യവും ചൂണ്ടിക്കാട്ടിയാണ് ഋഷി നീണ്ട പ്രഭാഷണം തുടർന്നത്. ചാൻസലർ ആയിരിക്കെ ദീപാവലി നാളിൽ പ്രധാനമന്ത്രിയുടെ വീടിരിക്കുന്നിടത്തു മൺചിരാതിൽ ദീപം തെളിയിച്ച കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. സദസിൽ ബാപ്പു മുരാരിയുടെ പുറകിൽ സുവർണ നിറത്തിൽ ഹനുമാന്റെ ചിത്രം തെളിഞ്ഞപ്പോളാണ് തന്റെ ഓഫിസിൽ ഇപ്പോഴും സുവർണ ശോഭയിൽ തെളിയുന്ന ഗണപതി വിഗ്രഹത്തിന്റെ കാര്യം ഋഷി സുനക് വീണ്ടും ഓർത്തെടുത്തത്.
ബാപ്പു മുരാരി സംസാരിക്കുമ്പോൾ തന്റെ മനസിൽ രാമായണവും ഭഗവദ് ഗീതയും ഹനുമാൻ ചാലിസയും ഒക്കെ മിന്നി മറയുകയാണ് എന്ന് ഋഷി പറയുമ്പോൾ അദ്ദേഹം വെറും വിശ്വാസി മാത്രമല്ല ഹൈന്ദവ ചിന്തകളിൽ ആവശ്യത്തിൽ അധികം ജ്ഞാനം ഉണ്ടെന്ന വസ്തുത കൂടിയാണ് വെളിപ്പെടുന്നത്. രാമായണം വായിക്കേണ്ട ഈ നാളുകളിൽ ശ്രീരാമനെ കുറിച്ച് ചിന്തിക്കുമ്പോൾ സഹിഷ്ണുതയോടെ പ്രവർത്തിക്കേണ്ട ഭരണാധികാരി എന്ന നിലയിൽ വെല്ലുവിളികൾ നേരിടാനുള്ള ധൈര്യവും മാനവികതയും അക്ഷീണം ജോലി ചെയ്യാനുള്ള ചിന്തയും ഒക്കെയാണ് മനസ്സിൽ ഓടി എത്തുന്നത് എന്നും ഋഷി തുടർന്നു. തന്റെ ജീവിതത്തിലൂടെ ഇതൊക്കെയാണ് ശ്രീരാമൻ പഠിപ്പിച്ചത് എന്നും ഋഷി കൂട്ടിച്ചേർക്കുകയും ചെയ്തു.
ചുരുക്കത്തിൽ ഋഷി സുനക് ഹിന്ദു വിശ്വാസിയാണോ എന്ന നീണ്ട തർക്കത്തിലേക്ക് നയിക്കാവുന്ന ചോദ്യങ്ങൾക്ക് മുഴുവൻ ജീവിതത്തിലൂടെ അദ്ദേഹം മറുപടി കാണിച്ചു തന്നിട്ടും സംശയം അവശേഷിച്ചവർക്ക് ഇനിയും ആ സംശയത്തിൽ തുടരേണ്ട എന്ന് വ്യക്തമാക്കിയാണ് അദ്ദേഹം കേംബ്രിഡ്ജ് പ്രസംഗം അവസാനിപ്പിച്ചത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന്‍ മലയാളി പ്രത്യേക പ്രതിനിധി.