- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ആളുകൾ പെട്ടെന്ന് എന്റെ മരണത്തെ കുറിച്ച് സംസാരിക്കുന്നത് ഞെട്ടിച്ചു; അതൊരു കിംവദന്തിയും പൂർണമായും തെറ്റായ വാർത്തയുമാണ്. ഞാൻ ജീവിച്ചിരിപ്പുണ്ട്, വ്യാജ പ്രചാരണം നടത്തിയവർ മാപ്പു പറയണം...'; വ്യാജ മരണവാർത്തയിൽ പ്രതികരിച്ച് ഹീത്ത് സ്ട്രീക്ക്
ഹരാരെ: സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസ താരവും മുൻ നായകനുമായ ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന വ്യാജ വാർത്ത കായികലോകത്ത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. സിംബാബ്‌വെ മുൻ താരങ്ങളെ ഉദ്ധരിച്ച് ഫോക്‌സ് ഫോക്‌സ് ഉൾപ്പടെയുള്ള രാജ്യാന്തര മാധ്യമങ്ങൾ ഹീത്ത് സ്ട്രീക്ക് മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യുകയായിരുന്നു. അർബുദബാധയെ തുടർന്ന് ഹീത്ത് സ്ട്രീക്ക് അന്തരിച്ചതായി ആദ്യം ട്വീറ്റ് ചെയ്ത സിംബാബ്വെ മുൻ സഹതാരം ഹെന്റി ഒലോങ്ക വാർത്ത തിരുത്തി പിന്നാലെ നാടകീയമായി രംഗത്ത് വന്നിരുന്നു. എന്നാൽ എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ച് ക്രിക്കറ്റ് ലോകത്തിന് ആശ്വാസം നൽകുന്ന വിവരങ്ങളുമായി ഹീത്ത് സ്ട്രീക്ക് രംഗത്തെത്തിയിരിക്കുകയാണ്.
'ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് ആളുകൾ കുറച്ചുകൂടി ജാഗ്രത കാണിക്കണം. ഞാൻ അർബുദത്തിൽ നിന്ന് തിരിച്ചുവരുന്നു, ആരോഗ്യം കൂടുതൽ മെച്ചപ്പെട്ടിരിക്കുന്നു. ഞാനിപ്പോൾ വീട്ടിലാണ്. ചികിൽസയുടെ ചെറിയ ബുദ്ധിമുട്ടുകളുണ്ട്. അത് മാറ്റിനിർത്തിയാൽ സുഖമായിരിക്കുന്നു. ആളുകൾ പെട്ടെന്ന് എന്റെ മരണത്തെ കുറിച്ച് സംസാരിക്കുന്നത് ഞെട്ടിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് മരണവിവരം പ്രചരിച്ചത്. എന്നാലത് വാസ്തവമല്ല' എന്നുമാണ് സ്പോർട്സ് സ്റ്റാറിനോട് ഹീത്ത് സ്ട്രീക്കിന്റെ വാക്കുകൾ.
സമൂഹമാധ്യമങ്ങളിലെ കിംവദന്തികൾ തന്നെ വേദനിപ്പിച്ചെന്നും വ്യാജ പ്രചാരണം നടത്തിയവർ മാപ്പു പറയണമെന്നും താരം ആവശ്യപ്പെട്ടു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ സ്ട്രീക്ക് മരിച്ചെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. സഹതാരമായിരുന്ന ഹെന്റി ഒലോങ്ക ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ മരണ വാർത്ത പങ്കുവെക്കുകയും മണിക്കൂറുകൾക്കു പിന്നാലെ വാർത്ത തിരുത്തി രംഗത്തുവരികയായിരുന്നു. ഹീത്ത് സ്ട്രീക്ക് ഇപ്പോഴും ജീവനോടെയുണ്ടെന്നും വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികൾ അതിശയോക്തി കലർന്നതാണെന്നെന്നും ഒലോങ്ക എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
സ്ട്രീക്കുമായി നടത്തിയെന്ന് പറയുന്ന വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. നേരത്തെയുള്ള ട്വീറ്റ് ഒലോങ്ക പിൻവലിക്കുകയും ചെയ്തിരുന്നു. 'അതൊരു കിംവദന്തിയും പൂർണമായും തെറ്റായ വാർത്തയുമാണ്. ഞാൻ ജീവിച്ചിരിപ്പുണ്ട്, സന്തോഷത്തോടെ. സമൂഹമാധ്യമങ്ങളുടെ കാലഘട്ടത്തിൽ, സ്ഥിരീകരിക്കപ്പെടാതെ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ഞാൻ വളരെ അസ്വസ്ഥനാണ്. വ്യാജ പ്രചാരണം നടത്തിയവർ ക്ഷമാപണം നടത്തണം. വാർത്ത എന്നെ വേദനിപ്പിച്ചു' -സട്രീക്ക് പറഞ്ഞതായി മിഡ് ഡേ റിപ്പോർട്ട് ചെയ്തു.
'ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികൾ അതിശയോക്തി കലർന്നതാണെന്ന് വ്യക്തമായിരിക്കുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചു. അദ്ദേഹവുമായി ഞാൻ അൽപം മുമ്പ് സംസാരിച്ചു. തേഡ് അമ്പയർ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു. പ്രിയരെ, അദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ട്' - എന്നാണ് വാർത്ത തിരുത്തി ഓലോങ്ക ട്വീറ്റ് ചെയ്തത്.
സിംബാബ്വെ ക്രിക്കറ്റിന്റെ സുവർണകാലമായ 1990 മുതൽ 2000ത്തിന്റെ തുടക്കം വരെയുള്ള കാലയളവിൽ ടീമിന്റെ നെടുന്തൂണായിരുന്നു ഈ ഓൾ റൗണ്ടർ. സിംബാബ്വെ ടീമിന്റെ നായകനായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 4933 റൺസും 455 വിക്കറ്റുകളും സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ സിംബാബ്വെക്കായി കൂടുതൽ വിക്കറ്റ് നേടിയ താരം കൂടിയാണ്.
31ാം വയസ്സിൽ, 2005ലാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് സ്ട്രീക്ക് വിരമിച്ചത്. പിന്നാലെ പരിശീലക വേഷത്തിലും സജീവമായി. ആഭ്യന്തര, രാജ്യാന്തര തലങ്ങളിലായി ഒട്ടേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐ.പി.എലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായിരുന്നു. ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകളെയും പരിശീലിപ്പിച്ചു.
2000 മുതൽ 2004 വരെ സിംബാബ്വെ നായകനായിരുന്നു. സ്ട്രീക്ക് 65 ടെസ്റ്റിൽ 216 വിക്കറ്റും 1990 റൺസും 189 ഏകദിനങ്ങളിൽ 239 വിക്കറ്റും 2943 റൺസും പേരിലാക്കി. 73 റൺസ് വഴങ്ങി ആറ് വിക്കറ്റെടുത്താണ് ടെസ്റ്റിലെ മികച്ച ബൗളിങ് പ്രകടനം. ഏകദിനത്തിൽ 32 റൺസ് അഞ്ച് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിങ്. സിബാബ്വെക്കായി ഏറ്റവും കൂടുതൽ രാജ്യാന്തര വിക്കറ്റുകൾ നേടിയ പേസറാണ്. വിരമിച്ചതിന് ശേഷം സിംബാബ്‌വെയും ബംഗ്ലാദേശുമടക്കം വിവിധ ടീമുകളെ പരിശീലിപ്പിച്ചു. ഐപിഎല്ലിൽ ഗുജറാത്ത് ലയൺസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകൾക്കൊപ്പവും പ്രവർത്തിച്ച് പരിചയമുണ്ട്.




