ബെംഗളുരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയ ചന്ദ്രയാൻ 3 ലാൻഡറുമായി ആശയവിനിമയം സ്ഥാപിച്ച് ഐഎസ്ആർഒ. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഐഎസ്ആർഒ ഇക്കാര്യം അറിയിച്ചത്. ചന്ദ്രനിലേക്ക് ഇറങ്ങുന്ന സമയത്തെ ചിത്രങ്ങളും അയച്ചു. ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. എക്സിലാണ് ഐഎസ്ആർഒ ചിത്രം പങ്കുവെച്ചത്. ലാൻഡറിലെ ലാൻഡിങ് ഇമേജർ ക്യാമറ ഉപയോഗിച്ചാണ് ഈ ചിത്രം പകർത്തിയത്.

ചന്ദ്രയാൻ പേടകം ഇറങ്ങിയ സ്ഥലമാണ് ചിത്രത്തിൽ കാണുന്നത്. പേടകത്തിന്റെ ഒരു കാലിന്റെ നിഴലും ചിത്രത്തിൽ കാണാം. പാറകളും മറ്റുമില്ലാത്ത താരതമ്യേന പരന്നുകിടക്കുന്ന ഒരു പ്രതലമാണ് ചന്ദ്രയാൻ 3 ഇറങ്ങുന്നതിനായി തിരഞ്ഞെടുത്തത് എന്നും ഐഎസ്ആർഒ പറയുന്നു. ലാൻഡറിലെ ക്യാമറകൾ എടുത്ത ചന്ദ്രോപരിതലത്തിലെ നാല് ചിത്രങ്ങളാണ് ഐഎസ്ആഒ പുറത്തുവിട്ടത്. കൂടുതൽ ചിത്രങ്ങൾ അടുത്ത മണിക്കൂറുകളിൽ പുറത്ത് വന്നേക്കും.

ചന്ദ്രനിൽ ഇറങ്ങുന്നതിനിടെ ചന്ദ്രയാൻ പകർത്തിയ ചിത്രങ്ങളും ഐഎസ്ആർഒ പുറത്തുവിട്ടിട്ടുണ്ട്. ചന്ദ്രനിൽ ഇറങ്ങിയ ശേഷം ചന്ദ്രയാൻ 3 പേടകവും ബെംഗളുരുവിലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്സും തമ്മിലുള്ള ആശയവിനിമയം സ്ഥാപിക്കപ്പെട്ടതിന് ശേഷമാണ് ഈ ചിത്രങ്ങൾ ഭൂമിയിലെത്തിയത്.

'ഇന്ത്യ, ഞാൻ എന്റെ ലക്ഷ്യത്തിലെത്തി. നിങ്ങളും' ഐഎസ്ആർഒ ആണ് ഇത്തരമൊരു കുറിപ്പ് ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിലിറങ്ങിയ ശേഷം എക്സിൽ കുറിച്ചത്. ഇന്ത്യ ഇപ്പോൾ ചന്ദ്രനിലാണുള്ളതെന്നായിരുന്നു ദൗത്യ വിജയത്തിന് പിന്നാലെ ഐഎസ്ആർഒ തലവൻ എസ്.സോമനാഥിന്റെ പ്രതികരണം.

ഇന്ത്യൻ ബഹിരാകാശചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ വൈകിട്ട് 6.03ന് ചന്ദ്രനിൽ ഇറങ്ങി. ഇതിനുമുൻപു ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇതോടെ ഇന്ത്യയുടെ പേരും എഴുതിച്ചേർക്കപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യവുമായി.

അണുവിട പിഴക്കാതെ ആറ് മണി കഴിഞ്ഞ് മൂന്നാം മിനുട്ടിൽ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ന്റെ ലാൻഡർ ചന്ദ്രനെ തൊട്ടു. നാല് ഘട്ട ലാൻഡിങ് പ്രക്രിയ കൃത്യമായിരുന്നു. റഫ് ബ്രേക്കിംങ്ങിലൂടെ സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുകയായിരുന്ന പേടകത്തിന്റെ വേഗം സെക്കൻഡിൽ മുന്നൂറ്റിയെഴുപത് മീറ്റർ എന്ന അവസ്ഥയിലെത്തി. ഈ സമയത്ത് ചന്ദ്രോപരിതലത്തിൽ നിന്ന് ഏഴു കിലോമീറ്ററിന് അടുത്ത ഉയരത്തിലായിരുന്നു ലാൻഡർ.

ആൾട്ടിട്ട്യൂഡ് ഹോൾഡിങ്ങ് ഘട്ടവും കൃത്യം. മെല്ലെ ചെരിഞ്ഞ് വീണ്ടും വേഗം കുറയ്ക്കുന്ന ഫൈൻ ബ്രേക്കിങ്ങിലേക്ക്. ലാൻഡിങ്ങ് സ്ഥാനത്തിന് 800 മീറ്റർ ഉയരത്തിൽ വച്ച് ഫൈൻ ബ്രേക്കിങ് അവസാനിക്കുമ്പോൾ പേടകം നിശ്ചയിച്ച ലാൻഡിങ്ങ് സ്ഥാനത്തിന് തൊട്ടുമുകളിലെത്തിയിരുന്നു. പന്ത്രണ്ട് സെക്കൻഡ് അതിന് മുകളിൽ നിന്ന ശേഷം താഴേക്ക്. ലാൻഡിങ്ങ് സ്ഥാനത്തിന് 150 മീറ്റർ ഉയരത്തിലെത്തി വീണ്ടും അൽപ്പനേരം കാത്തു നിന്നു. സെൻസറുകളും ക്യാമറയിലെ ചിത്രങ്ങളും ലാൻഡിംഗിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതോടെ അടുത്ത ഘട്ടത്തിലേക്കെത്തി. അൽപ്പം മാറി അനുയോജ്യമായ സ്ഥാനം കണ്ടെത്തി. രാജ്യം ചങ്കിടിപ്പോടെ നോക്കി നിൽക്കെ ലാൻഡർ താഴേക്ക്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യൻ കാൽവയ്‌പ്പ്.