ക്വാലാലംപൂർ: ഒരു പതിറ്റാണ്ട് മുൻപ് തികച്ചും ദുരൂഹമായ സാഹചര്യത്തിൽ കാണാതായ മലേഷ്യൻ എയർലൈൻസിന്റെ എം എച്ച് 370 വിമാനത്തെ കുറിച്ചുള്ള രഹസ്യങ്ങൾ അറിയാൻ കഴിയുമെന്ന പ്രതീക്ഷ കൈവന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ഒഴുകിയെത്തിയ വിമാനാവശിഷ്ടങ്ങളിൽ പറ്റിപ്പിടിച്ച് കിടക്കുന്ന ബർണക്കിൾസ് എന്ന കട്ടിയുള്ള തോടുകളോടു കൂടിയിയ ഒരുതരം കടൽ ജീവികളിൽ ആ രഹസ്യം ഒളിഞ്ഞിരിപ്പുണ്ട് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഒരു ജീവിതകാലം മുഴുവൻ തങ്ങളുമായി സമ്പർക്കത്തിൽ വന്ന വ്യത്യസ്ത ജല താപനിലകളെ കുറിച്ചുള്ള വിവരം ഈ ജീവികളിൽ സൂക്ഷിക്കപ്പെടുമത്രെ.

ഈ വിവരങ്ങൾ വിശകലനം ചെയ്യുന്നതിലൂടെ ഈ ജീവികൾ ആദ്യമായി വിമാനാവശിഷ്ടങ്ങളിൽ പറ്റിപ്പിടിച്ചത് എവിടെ വച്ചായിരുന്നു എന്ന് അറിയാൻ കഴിയും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതുവഴി, വിമാനം ആദ്യം ജലോപരിതലത്തെ സ്പർശിച്ചത് എവിടെയാണെന്നും അറിയാൻ കഴിയും. വിമാനത്തിന് യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് ആർക്കൂം അറിയില്ലെങ്കിലും, ഒഴുകി നടക്കുന്ന അവശിഷ്ടങ്ങൾ ഏറെ കണ്ടെത്താനായതിനാൽ അത് ഇന്ത്യൻ മഹാ സമുദ്രത്തിൽ പതിച്ചിരിക്കാം എന്നാണ് കരുതപ്പെടുന്നത്. ഈ അവശിഷ്ടങ്ങൾ കാണാതായ വിമാനത്തിന്റെതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മലേഷ്യയിലെ കുലാലമ്പൂർ വിമാനത്താവളത്തിൽ നിന്നും ബെയ്ജിംഗിലെക്ക് പോയ എം എച്ച് - ബോയിങ് 777 വിമാനം 2014 മാർച്ച് 8 നായിരുന്നു കാണാതായത്. വിമാനത്തിൽ ഉണ്ടായിരുന്ന 239 പേരും മരണമടഞ്ഞതായി കണക്കാക്കുന്നു. ആൻഡമാൻ കടലിന് മുകളിൽ വച്ചായിരുന്നു വിമാനം അപ്രത്യക്ഷമാകുന്നത്. വ്യോമയാന മേഖലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ തിരച്ചിലായിരുന്നു പല രാജ്യങ്ങളും ഒത്തൊരുമിച്ച് ഈ വിമാനത്തിനായി നടത്തിയത്. 200 മില്യൻ ചെലവ് വന്ന തിരച്ചിൽ 2017 ജനുവരിയിൽ ആശവഹമായ ഫലം ലഭിക്കാതെ വന്നതോടെ നിർത്തുകയായിരുന്നു.

യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ളോറിഡയിലെ എവലൂഷണറി ബയോളജി അസ്സോസിയേറ്റ് പ്രൊഫസറായ ഗ്രിഗറി ഹെർബർട്ടാണ് ഇപ്പോൾ പുതിയ പഠനം നയിക്കുന്നത്. വിമാനം കാണാതായതിന് ഒരു വർഷത്തിന് ശേഷം ആഫ്രിക്കൻ തീരത്തു നിന്നും മാറി റീയൂണിയൻ ദ്വീപിൽ അടിഞ്ഞ വിമാനാവശിഷ്ടങ്ങളുടെ ഫോട്ടോകൾ കണ്ട നിമിഷം തന്നെ അദ്ദേഹത്തിന് അതിൽ താത്പര്യം ജനിക്കുകയായിരുന്നു. വിമാനത്തിന്റെ ചിറകിന്റെ ഒരു ഭാഗമായിരുന്നു ബാർണക്കിൾസ് പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ആ ജീവികളുടെ പുറംതോടിന്റെ ജിയോകെമിസ്ട്രിയിൽ ആ വിമാനം തകർന്നു വീണ സ്ഥലത്തെ കുറിച്ച് വിവരം ഉണ്ടാകുമെന്ന് ഉറപ്പുള്ളതിനാൽ അപ്പോൾ തന്നെ അന്വേഷകർക്ക് താൻ ഈമെയിൽ സന്ദേശം അയച്ചതായി അദ്ദേഹം പറയുന്നു. ബർൺക്കിളുകളുടെയും അതുപോലുള്ള മറ്റ് സമുദ്ര അകശേരുകികളുടെയും പുറം തോടുകൾ ദിനംപ്രതി വളരുന്നവയാണ്. ഇത് മരങ്ങളിലെല്ലാം കാണുന്നതിന് സമാനമായ രീതിയിൽ ഒന്നിന് മുകളിൽ ഒന്നായി പാളികൾ തീർക്കും.

ഓരോ പാളിയുടെയും രാസഘടന നിർണ്ണയിക്കുന്നത് അത് രൂപം കൊള്ളുന്ന സമയത്ത് ചുറ്റുപാടും ഉണ്ടായിരുന്ന സമുദ്രജല താപനിലയാണെന്ന് പ്രൊഫസർ ഹെർബർട്ട് പറയുന്നു. അതുകൊണ്ടു തന്നെ സമുദ്രജല താപനില എവിടെയാണ് കൂടുതൽ എവിടെയാണ് കുറവ് എന്നറിഞ്ഞാൽ, ഇവയുടെ സഞ്ചാരപഥം മനസ്സിലാക്കാൻ കഴിയും എന്നാണ് അദ്ദേഹം പറയുന്നത്. അവശിഷ്ടങ്ങൾ ലഭിച്ച ഉടനെ അത് നേരിട്ട് പരിശോധിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞൻ പറഞ്ഞത് അതിൽ പൊതിഞ്ഞിരിക്കുന്നതിൽ ഏറ്റവും പ്രായമേറിയ ബാർണക്കിളുകൾ, അപകടമുണ്ടായി അധികം താമസിയാതെ തന്നെ അതിൽ പറ്റിപ്പിടിച്ചതാകാം എന്നാണ്.