രണത്തിനു ശേഷം എന്താണ് സംഭവിക്കുക എന്നത് ജീവിച്ചിരിക്കുന്നവർക്ക് തീർത്തും അജ്ഞാതമായ കാര്യം തന്നെയാണ്. എന്നിരുന്നാലും, തങ്ങളുടെ അന്ത്യവിശ്രമത്തെ കുറിച്ച് ചിലരെങ്കിലും സ്വപ്നങ്ങൾ മെനയാറുണ്ട്. പലപ്പോഴും മരണത്തെ മുൻകൂട്ടി കണ്ടിട്ടെന്നതു പോലെ ഇവർ, തങ്ങളുടെ മരണശേഷം മൃതദേഹം എങ്ങനെ സംസ്‌കരിക്കണമെന്നും, എന്തു ചെയ്യണമെന്നുമൊക്കെ വേണ്ടപ്പെട്ടവരോട് പറയാറുമുണ്ട്.

കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരൻ എന്നറിയപ്പെട്ടിരുന്ന പി. ടി. തോമസ്സ് അത്തരമൊരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെ, വയലാറിന്റെ സുപ്രസിദ്ധമായ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന ഗാനമാലപിച്ചു തന്നെയായിരുന്നു അദ്ദേഹത്തെ സ്നേഹിച്ചവർ അദ്ദേഹത്തെ യാത്രയാക്കിയത്. എന്നാൽ, മറ്റു ചിലർ അങ്ങനെയല്ല. പ്രിയപ്പെട്ടവർ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, അവരുടെ വിയോഗത്തിൽ, അവരുടെ അന്ത്യവിശ്രമം കൊള്ളുന്നയിടം പരമാവധി ആകർഷണീയമാക്കാൻ ശ്രമിക്കും. 25-ാം വയസ്സിൽ മരണമടഞ്ഞ തന്റെ മകൾക്കായി ഒരു അച്ഛൻ തീർത്ത സമാധി ഇപ്പോൾ ലോക ശ്രദ്ധയാകർഷിക്കുകയാണ്.

അത്രയേറെ അറിയപ്പെടാത്ത ഒരു യുവതിയായിരുന്നു റഷ്യയിലെ റിറ്റ ഷമീവ. തുടർച്ചയായി യാത്രകൾ ചെയ്യുവാൻ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയാണെന്നും, ജർമ്മനിയിൽ കുറച്ച് കൂട്ടുകാരുണ്ടെന്നും അല്ലാതെ മറ്റൊന്നും അവരെ കുറിച്ച് പുറം ലോകത്തിന് അറിയുമായിരുന്നി9ല്ല. 2016-ൽ മരണമടഞ്ഞ റിറ്റയെ ഒരു സെമിത്തേരിയിൽ അടക്കം ചെയ്തപ്പോഴും അത് വാർത്തയായില്ല.

എന്നാൽ, 2018-ൽ റിറ്റയുടെ പിതാവ് തന്റെ മകളുടെ കല്ലറയ്ക്ക് പുതിയ രൂപം നൽകിയപ്പോഴായിരുന്നു അത് അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടിൽ ഇടംപിടിക്കാൻ തുടങ്ങിയത്. 5 അടി ഉയരമുള്ള ഒരു ഐഫോൺ ആ കല്ലറയിൽ സ്ഥാപിക്കുകയായിരുന്നു ആ പിതാവ് ചെയ്തത്. അതിന്റെ സ്‌ക്രീൻ സേവറിൽ ഒരു യുവതിയുടെ ചിത്രവും പുറകിൽ ആപ്പിളിന്റെ ലോഗോയും ആലേഖനം ചെയ്തിട്ടുണ്ട്.

ബസാൾട്ട് വിഭാഗത്തിൽ പെടുന്ന ശിലയിൽ, കറുത്ത ഐഫോണിന്റെ മാതൃക നിർമ്മിച്ച് കല്ലറയിൽ സ്ഥാപിക്കുകയായിരുന്നു റിറ്റയുടെ പിതാവ് റായ്സ് ഷമീവ്. എന്നാൽ അതിനെ കുറിച്ച് അയാൾ പുറത്ത് ഒന്നും പറഞ്ഞിരുന്നില്ല. ഈ കല്ലറ സ്ഥിതി ചെയ്യുന്ന ഉഫ സെമിത്തേരിയിൽ, സ്മരണ ദിവസം തന്റെ പ്രിയപ്പെട്ടവർക്കായി പ്രാർത്ഥിക്കാൻ എത്തിയ ഒരു വ്യക്തിയാണ് ഇത് കണ്ട് ഒരു വർത്തമാനപ്പത്രത്തെ അറിയിച്ചത്.

ഇത് കണ്ടപ്പോൾ തനിക്ക് ഒരു തരം വിഭ്രാന്തിയാണ് ആദ്യം ഉണ്ടായതെന്ന് അയാൾ പറഞ്ഞു. ഞങ്ങളുടെ സെമിത്തേരിയിൽ ഒരു അമേരിക്കൻ സ്മാർട്ട്ഫോൺ എങ്ങനെ വരും എന്നായിരുന്നു ആദ്യം ആലോചിച്ചത്, അയാൾ പറയുന്നു. അതും അത്രയും വലിയൊരെണ്ണം. താൻ പിന്നീട് അടുത്തു ചെന്ന് നോക്കിയെന്നും അദ്ഭുതപ്പെട്ടെന്നും അയാൾ പറയുന്നു.

പലതരത്തിലുള്ള സ്മാരകങ്ങളും, കല്ലറകളിൽ കണ്ടിട്ടുണ്ടെങ്കിലും ഐഫോൺ പോലുള്ള ഒരു സ്മാരകശില ഇതാദ്യമായിരിക്കും എന്ന് അയാൾ പറയുന്നു. തികച്ചും അസാധാരണമായ ഒന്ന്. പ്രദേശത്തെ സ്മാരകശില നിർമ്മാതാവായ ലിഗാം ഗളുലിൻ എന്ന വ്യക്തി പറയുന്നത് താനല്ല അത് നിർമ്മിച്ചത് എന്നാണ്. ഇത്തരഥ്റ്റിൽ ഒന്ന് ആദ്യമായി കാണുകയാണെന്നും അയാൾ പറയുന്നു.