പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചതോടെ പുതുപ്പള്ളിയിൽ ഇനി നിശബ്ദ പ്രചാരണം. അണികളിൽ ആവേശം വിതറി ആവേശക്കൊടുമുടിയേറിയാണ് പാമ്പാടിയിൽ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമായത്. മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശത്തോടെ വൈകീട്ട് ആറിനാണ് പ്രചാരണം അവസാനിച്ചത്. പാമ്പാടിയിൽ നടന്ന കൊട്ടിക്കലാശത്തിന് ആവേശം പകരാൻ എല്ലാ പാർട്ടികളുടെയും പ്രമുഖ നേതാക്കളും എംഎൽഎമാരും അടക്കമുള്ളവർ എത്തിയിരുന്നു. സ്ഥാനാർത്ഥികളെല്ലാം മണ്ഡല പര്യടനം പൂർത്തിയാക്കി. സെപ്റ്റംബർ അഞ്ചിനാണ് വോട്ടെടുപ്പ്.

പാമ്പാടി ടൗണിൽ മൂന്നു മുന്നണികളുടെയും പ്രവർത്തകർ നിറഞ്ഞാടി. മൂന്നു മുന്നണികൾക്കും പൊലീസ് നിശ്ചയിച്ച് നൽകിയ സ്ഥലത്താണ് കൊട്ടിക്കലാശം നടത്തിയത്. മൂന്നു മണിയോടെ പ്രവർത്തകർ ആഘോഷം ആരംഭിച്ചു. പാട്ടുകൾക്കൊപ്പം ചുവടുവെച്ച് ആരംഭിച്ച ആഘോഷം, പിന്നീട് ചെണ്ടമേളത്തിലും വെടിക്കെട്ടിലേക്കും വഴിമാറി. കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും മുകളിൽ കൂട്ടമായി നിലയുറപ്പിച്ച പ്രവർത്തകർ സ്വന്തം പാർട്ടികളുടെ കൊടിതോരണങ്ങൾ ഉയർത്തിപ്പാറിച്ചു. പുതുപ്പള്ളി മണ്ഡലം ഇതുവരെ കാണാത്ത തരത്തിലുള്ള കൊട്ടിക്കലാശമാണ് നടന്നത്.

ഇടത് മുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസും എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലും ടൗണിലേക്ക് എത്തിയതോടെ ആവേശം വാനോളമുയർന്നു. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പരമാവധി വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് നടത്തിയത്. അതിനാൽ കൊട്ടിക്കലാശ സ്ഥലത്തേക്ക് ചാണ്ടി ഉമ്മൻ എത്തിയില്ല.
ആറു മണിയോടെ, കൊട്ടിക്കലാശം അവസാനിച്ചു. നാളെ നിശബ്ദ പ്രചാരണമാണ്. മറ്റന്നാൾ പുതുപ്പള്ളി വിധിയെഴുതുമ്പോൾ, വിജയ പ്രതീക്ഷതയിലാണ് മൂന്നു മുന്നണികളും. സഹോദരി അച്ചു ഉമ്മനും തൃക്കാക്കര എം എൽ എ ഉമാ തോമസും ചാണ്ടി ഉമ്മന് വേണ്ടി റോഡ് ഷോ നടത്തി. എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാലും ബിജെപി പ്രവർത്തകരും കൊട്ടിക്കലാശത്തിന്റെ ആവേശത്തിനൊപ്പം ചേർന്നു.

പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ റോഡ് ഷോകളുമായി മൂന്ന് മുന്നണികളുടെയും നേതാക്കൾ പുതുപ്പള്ളിയിൽ ആവേശം അലയടിപ്പിച്ചു. കൊട്ടിക്കലാശം നടന്ന പാമ്പാടിയിലേക്ക് കൊടികളും തോരണങ്ങളുമായി പ്രവർത്തകർ ഒഴുകിയെത്തി. പരസ്യ പ്രചാരണം അവസാനിച്ച ആറ് മണിക്ക് വെടിക്കെട്ടിന്റെ ആവേശവും പുതുപ്പള്ളിയിൽ കാണാനായി. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നതും കൊട്ടിക്കലാശത്തെ ശ്രദ്ധേയമാക്കി. പരസ്യപ്രചാരണം അവസാനിച്ചതോടെ നാളെ പുതുപ്പള്ളിയിൽ നിശ്ശബ്ധ പ്രചാരണത്തിനുള്ള സമയമാണ്.

കോട്ടയം: ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ച സാഹചര്യത്തിൽ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ വോട്ടർമാർ അല്ലാത്ത രാഷ്ട്രീയകക്ഷി പ്രവർത്തകർ ഞായറാഴ്ച വൈകിട്ട് ആറിനുശേഷം പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിന്റെ പരിധിയിൽ നിന്നു വിട്ടുപോകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി. ഇതുറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിനും ജില്ലാ പൊലീസ് മേധാവിക്കും നിർദ്ദേശം നൽകി. വോട്ടെടുപ്പ് അവസാനിക്കുന്നതിനു 48 മണിക്കൂർ മുമ്പ് പരസ്യപ്രചാരണം നിയന്ത്രിക്കുന്ന ജനപ്രാതിനിധ്യനിയമത്തിലെ 126-ാം വകുപ്പ് പ്രകാരവും തിരഞ്ഞെടുപ്പു കമ്മിഷന്റെ നിലവിലുള്ള നിർദ്ദേശങ്ങൾ പ്രകാരവുമാണ് നടപടി.

പുതുപ്പള്ളിയിൽ ഡ്രൈ ഡേ, കർശന നിയന്ത്രണം

കോട്ടയം: ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്ന്, നാല്, അഞ്ച്, എട്ട് തീയതികളിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയിൽ മദ്യനിരോധനം (ഡ്രൈ ഡേ) ഏർപ്പെടുത്തി സർക്കാർ ഉത്തരവായി. ഞായറാഴ്ച വൈകീട്ട് ആറ് മുതൽ പോളിങ് ദിനമായ അഞ്ചാം തീയതി വൈകീട്ട് ആറു വരെയും, വോട്ടെണ്ണൽ ദിവസമായ എട്ടാം തീയതി പുലർച്ചെ 12 മുതൽ അർധരാത്രി 12 വരെയുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുള്ളത്. വോട്ടെടുപ്പ് വീണ്ടും നടത്തേണ്ടിവന്നാൽ ആ ദിവസത്തിനും ഡ്രൈ ഡേ ബാധകമായിരിക്കും.

പുതുപ്പള്ളി നിയോജമണ്ഡലത്തിന്റെ പരിധിയിൽ ഹോട്ടൽ, ഭോജനശാലകൾ, മറ്റേതെങ്കിലും കടകൾ, പൊതു-സ്വകാര്യ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മദ്യമോ സമാനമായ വസ്തുക്കളോ വിൽക്കാനോ, നൽകാനോ, വിതരണം ചെയ്യാനോ പാടില്ല. മദ്യക്കടകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ തുടങ്ങി മദ്യം വിൽക്കുന്ന/വിളമ്പുന്ന മറ്റിടങ്ങളിൽ ഈ ദിവസങ്ങളിൽ ആർക്കും മദ്യം വിൽക്കാനോ വിളമ്പാനോ പാടില്ല.

മദ്യം കൈവശംവയ്ക്കാനും വിതരണം ചെയ്യാനും പലവിഭാഗത്തിലുള്ള ലൈസൻസുകളുണ്ടെങ്കിലും ക്ലബ്ബുകൾ, സ്റ്റാർ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവയ്ക്കും ഈ ദിവസങ്ങളിൽ മദ്യം നൽകാൻ അനുമതിയില്ല. വ്യക്തികൾക്കു കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് ഈ കാലയളവിൽ വെട്ടിക്കുറയ്ക്കും. ലൈസൻസില്ലാതെ മദ്യം സൂക്ഷിക്കുന്നതിനെതിരേയുള്ള എക്‌സൈസ് നിയമത്തിലെ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പിൽ പോളിങ് സുഗമമായി നടക്കുന്നതിനായി പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാലിനും അഞ്ചിനും അവധി നൽകി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഉത്തരവായി.

വിതരണ/സ്വീകരണ/വോട്ടെണ്ണൽ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള കോട്ടയം ബസേലിയസ് കോളേജിന് നാല് മുതൽ എട്ട് വരെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അവധി പ്രഖ്യാപിച്ച് ഉത്തരവായിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന അഞ്ചിന് പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.

ചർച്ചയിൽ 'പോത്തും ഓഡിയോയും' 

അതേസമയം കൊട്ടിക്കലാശത്തിന്റെ അവസാന മണിക്കൂറുകളിൽ പുതുപ്പള്ളിയിൽ ചർച്ചയായത് കെ സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പോത്ത് പരാമർശവും ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദ ഓഡിയോയുമാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഒന്നാം ദിനം മുതൽ തുടങ്ങിയ വ്യക്തി അധിക്ഷേപങ്ങൾക്ക് കലാശക്കൊട്ടിന്റെ അവസാന ലാപ്പിലും അവസാനമായിരുന്നില്ല. എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ പൂർണ്ണ ഗർഭിണിയായ ഭാര്യയെയും, തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും രംഗത്തെത്താതിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയെയും മകൾ അച്ചു ഉമ്മനെയും സൈബർ കൂട്ടങ്ങൾ വെറുതെ വിട്ടില്ല