- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജയിൽ പുള്ളികൾ വനിതാ ജീവനക്കാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും, മയക്കുമരുന്ന് കള്ളക്കടത്തുമടക്കം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ജീവനക്കാരുടെ ദൗർലഭ്യത്താൽ കുത്തഴിഞ്ഞ ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലിന്റെ കഥ
ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും വലിയ ജയിൽ ജീവനക്കാരുടെ ക്ഷാമത്തിൽ വലയുകയാണ്. അന്തേവാസികളുമായുള്ള ലൈംഗിക ബന്ധത്തിന്റെ പേരിൽ 18 വനിതാ ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതോടെ പ്രശ്നം ഗുരുതരമാവുകയും ചെയ്തു. 212 മില്യൻ പൗണ്ട് മുടക്കി പണിത റെക്സ്ഹാമിലെ എച്ച് എം പി ബെർവിൻ 2016 മുതൽ ആയിരുന്നു പ്രവർത്തനം ആരംഭിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ അവിടെ അരാജകത്വം നടമാടാൻ തുടങ്ങി.
തീർത്തും അപകടകാരികളായ കുറ്റവാളികളെ താമസിപ്പിക്കുന്ന അവിടെ നടപ്പിലാക്കിയ മൃദുനയം മൂലം ലൈംഗിക അരാജകത്വവും മയക്കുമരുന്ന് കച്ചവടവുമെല്ലാം പൊടിപൊടിക്കുകയാണവിടെ. ഇക്കഴിഞ്ഞ മാർച്ചിൽ, തടവുകാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 18 വനിതാ ജീവനക്കാരെ പിരിച്ചുവിട്ട കാര്യം ദി മിറർ ആയിരുന്നു റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ആറു വർഷമായി ഇത്തരത്തിലുള്ള ലൈംഗിക ബന്ധങ്ങൾ അവിടെ തുടരുകയായിരുന്നു എന്നായിരുന്നു റിപ്പോർട്ട്.
അക്കൂട്ടത്തിൽ പെട്ട ജെനിഫർ ഗവൻ എന്നൊരു ഗാർഡ് അലക്സ് കോക്സൻ എന്ന തടവുകാരന്റെ സെല്ലിലേക്ക് ഫോൺ കടത്തിക്കൊടുക്കുന്നതിന് 150 പൗണ്ട് കൈക്കൂലി വാങ്ങിച്ച വിവരവും പുറത്തു വന്നിരുന്നു. പിന്നീട് ഇവരെ എട്ട് മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. തടവുകാരുമായി അവിഹിതമായ ബന്ധം സൂക്ഷിച്ചതിന് ഇവരുടെ സഹപ്രവർത്തകരായ എമിലി വാട്സനും അയേഷ ഗുന്നിനും തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്നു.
പ്രമുഖ മയക്കുമരുന്ന് കടത്തുകാരൻ ജോൺ മെക് ഗീയുമായി വാട്സൻ ലൈംഗികബന്ധം പുലർത്തിയിരുന്നതായും തെളിഞ്ഞു. അപകടകരാം വിധം വാഹനമോടിച്ചതിന് എട്ട് വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നതിനിടയിലായിരുന്നു ഇയാൾ ഗാർഡുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. പ്രൊബേഷൻ ഓഫീസറായിരുന്ന ആയേഷ ഗുൻ, മോഷ്ടാവായ ഖുറം റസാക്കുമായിട്ടായിരുന്നു ബന്ധം പുലർത്തിയിരുന്നത്. ഇവർ തമ്മിൽ നിരവധി അശ്ലീല ഫോട്ടോകളും വീഡിയോകളും കൈമാറിയതായും കണ്ടെത്തിയിരുന്നു.
ഇപ്പോൾ ഒരു സ്വതന്ത്ര ഏജൻസി നടത്തിയ അന്വേഷണത്തിൽ വ്യക്തമായത് ആവശ്യത്തിന് വനിതാ ജീവനക്കാരില്ലാത്തത് ജയിലിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ്. അതോടൊപ്പം കാറ്റഗറി ബി, കാറ്റഗറി സി അയിൽ ജീവനക്കാരുടെ കുറവും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.




