ലണ്ടൻ: ബോംബു സ്ഫോടനത്തിലൂടെ നിരവധി കെട്ടിടങ്ങൾ തകർത്ത് നിരപരാധികളുടെ ജീവനെടുക്കാൻ പദ്ധതി തയ്യാറാക്കിയ ഒരു മുൻ തീവ്രവാദി, ജയിൽ ശിക്ഷ കഴിഞ്ഞതിനു ശേഷം പ്രമുഖ ചില്ലറ വിൽപന ശൃംഖലയായ അസ്ഡയിൽ ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. വടക്കൻ ലണ്ടനിലെ, വില്ലസ്ഡെന്നിലുള്ള ക്വാർ ഷാഫി എന്ന 45 കാരൻ ഒരു തീവ്രവാദി സംഘത്തിലെ അംഗമായിരുന്നു.

അമേരിക്കയിലെ 9/11 സ്ഫോടനം നടക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ് ഇയാൾ ന്യുയോർക്ക് സന്ദർശിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ലക്ഷ്യമാക്കാൻ ഉദ്ദേശിച്ചുള്ള ചില കെട്ടിടങ്ങളും, ഗതാഗത സംവിധാനങ്ങളും പരിശോധിച്ചിരുന്നു. അതേസമയം, ഇയാളുടെ സംഘാംഗങ്ങൾ സമാനമായ പ്രവർത്തനങ്ങൾക്കായി ബ്രിട്ടനിലും ചില കെട്ടിടങ്ങളും ഗതാഗത സംവിധാനങ്ങളും തിരഞ്ഞെടുത്തിരുന്നത്രെ.

നിലവിൽ 30 വർഷക്കാലത്തെ തടവ് ശിക്ഷയനുഭവിക്കുന്ന ഡിറെൻ ബാരോട്ട് എന്ന തീവ്രവാദി ഇയാളെ സംഘത്തിൽ ചേർക്കുമ്പോൾ ഇയാൾ ഒരു ഫോൺ ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. വെറും ഇരുപത്തഞ്ച് വയസ്സുള്ളപ്പോഴായിരുന്നു ഇയാൾ ബാരോട്ടിനും നദീം എന്ന മറ്റൊരു തീവ്രവാദിക്കുംഒപ്പം അമേരിക്കയിലേക്ക് പോയത്. ന്യുയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്, ന്യുയോർക്കിലെ തന്നെ സിറ്റി കോപ് കെട്ടിടം,. ന്യുവാർക്കിലെ പ്രുഡൻഷ്യൽ ബിൽഡിങ്, കൊളംബിയ ഡിസ്ട്രിക്ടിലെ അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക് ഓഫീസുകൾ എന്നിവയാണ് തീവ്രവാദി ആക്രമണത്തിനായി ഇവർ ഉന്നം വച്ചത്.

ഒസാമ ബിൻ ലാഡനായിരുന്നു ഇവരെ അയച്ചതെന്നാണ് അമേരിക്കൻ ഭരണകൂടം വിശ്വസിക്കുന്നതെന്ന് എ ബി സി ന്യുസ് റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് ബ്രിട്ടീഷ് പൗരന്മാർ മണിക്കൂറുകളോളം ചില കെട്ടിടങ്ങളുടെ അകവും പുറവും ചിത്രീകരിച്ചിരുന്നതായും ഈ ദൃശ്യങ്ങൾ പിന്നീട് ഒരു അൽ കൈ്വദ തീവ്രവാദി എന്ന് സംശയിക്കപ്പെടുന്ന വ്യക്തിയുടെ കമ്പ്യുട്ടർ ഡിസ്‌കിൽ നിന്നും ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

വലിയ കെട്ടിടങ്ങളിൽ ഓഫീസിനായി മുറികൾ വാടകയ്ക്ക് എടുത്ത്, അതിനകത്ത് സ്ഫോടനം നടത്തി കെട്ടിടം തകർക്കാനും ഇവർ ശ്രമം നടത്തിയത്രെ. ഏതായാലും പദ്ധതി നടപ്പിലാക്കുന്നതിന് മുൻപായി മൂന്നു പേരും അറസ്റ്റിലായി. പുതു വസ്ത്രങ്ങളും, മദ്യവും മയക്കുമരുന്നും മാത്രമാണ് ഇത്തരമൊരു കൃത്യം നടത്താൻ തന്നെ പ്രേരിപ്പിച്ചത് എന്നായിരുന്നു ഷാഫി വിചാരണ വേളയിൽ പറഞ്ഞത്. മദ്യത്തിനും മയക്കുമരുന്നിനുമല്ലാതെ ഏതെങ്കിലും ആശയങ്ങൾക്ക് പുറകെ ഇറങ്ങിപ്പുറപ്പെട്ടയാളല്ല താനെന്നും അയാൾ വ്യക്തമാക്കിയിരുന്നു.

പിന്നീട് ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് കണ്ടെത്തിയ ഇയാൾക്ക് 15 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ, ശിക്ഷ പൂർത്തിയാക്കാതെ ഇയാളെ സ്വതന്ത്രനാക്കുകയായിരുന്നു. പിന്നീട് 2015 ൽ ആയിരുന്നു ഇയാൾ അസ്ഡയിൽ ജോലിക്ക് കയറിയതെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. ഈ സമയത്ത് ഇയാൾ മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി പാസ്സായതായി ഇയാളുടെ ലിങ്ക്ഡിൻ പേജിൽ പറയുന്നു. പിന്നീട് ഇയാൾ അസ്ഡയിൽ തന്നെ സ്റ്റോർ മാനേജർ ആകുകയും ചെയ്തു.

എന്നാൽ ഇയാളെ പടിഞ്ഞാറൻ ലണ്ടനിലെ മറ്റൊരു ഷോപ്പിലേക്ക് സ്ഥലം മാറ്റിയതായും ഒരു മാസത്തിനുള്ളിൽ ഇയാൾ ജോലി ഉപേക്ഷിച്ചു പോയതായും പറയുന്നു. ഇയാൾ സ്വയം ജോലി ഉപേക്ഷിച്ചതാണോ അതോ കമ്പനി പിരിച്ചു വിട്ടതാണോ എന്നത് വ്യക്തമല്ല. ഇയാളുടെ പേരിൽ ആൽക്കഹോൾ ലൈസൻസിനായി കമ്പനി അപേക്ഷിച്ചപ്പോഴായിരുന്നു ഇയാളുടെ ഭൂതകാലം തൊഴിലുടമകൾ അറിഞ്ഞതെന്നും ഒരു റിപ്പോർട്ടിൽ പാരയുന്നു.