- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഉദയനിധിയുടെ സനാതന ധർമ്മ പരാമർശത്തിൽ 'ഇന്ത്യ'യിൽ ചൂടേറിയ ചർച്ച; എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്ന് കോൺഗ്രസ്; പരസ്യമായി തള്ളിപ്പറഞ്ഞ് ശിവസേന ഉദ്ദവ് വിഭാഗം; അപലപിച്ച് തൃണമൂൽ കോൺഗ്രസ്; ഉദയനിധിയെ പിന്തുണച്ച് സിപിഐ; വിമർശനം കടുപ്പിച്ച് ബിജെപി
മുംബൈ: തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മവുമായി ബന്ധപ്പെട്ട പരാമർശം സംബന്ധിച്ച് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ 'ഇന്ത്യ'യിൽ ചൂടേറിയ ചർച്ച. ഉദയനിധിയുടെ പരാമർശത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് ശിവസേന ഉദ്ദവ് വിഭാഗം രംഗത്തെത്തി. സനാതന ധർമ്മത്തെ അപമാനിക്കും വിധമുള്ള പരാമർശങ്ങൾ അജ്ഞത മൂലമെന്നാണ് ശിവസേന ഉദ്ദവ് വിഭാഗം അഭിപ്രായപ്പെട്ടത്. രാജ്യത്തിന്റെ അടിസ്ഥാനം സനാതന ധർമ്മവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി കൂട്ടിച്ചേർത്തു.
ഉദയനിധി സ്റ്റാലിനെ പൂർണമായും തള്ളിക്കളയാതെയാണ് കോൺഗ്രസ് പ്രതികരിച്ചത്. എല്ലാ പാർട്ടികൾക്കും അവരുടെതായ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് എല്ലാ മതങ്ങളെയും പിന്തുണയ്ക്കുന്നതായും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ''ഞങ്ങൾ എല്ലാവരുടെ വിശ്വാസത്തെയും ബഹുമാനിക്കുന്നു. ഞങ്ങളുടെ കാഴ്ചപ്പാടുകൾ വളരെ വ്യക്തമാണ്. സർവധർമ സമഭാവമാണ് കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം.'' കെ.സി. വേണുഗോപാൽ പറഞ്ഞു.
മനുഷ്യത്വത്തെ അംഗീകരിക്കാത്ത ഒരു മതവും മതമായി പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖർഗെയുടെ പ്രതികരണം. തുല്യ അവകാശങ്ങൾ നൽകാത്ത മതങ്ങളെല്ലാം രോഗങ്ങളേക്കാൾ ഭീകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഉദയനിധി സ്റ്റാലിന്റെ 'സനാതന ധർമ്മ'ത്തിനെതിരായ പരാമർശത്തെ അപലപിച്ച് തൃണമൂൽ കോൺഗ്രസ് (ടിഎംസി) രംഗത്ത് വന്നു. പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിന് ഇത്തരം അഭിപ്രായ പ്രകടനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ടിഎംസി വ്യക്തമാക്കി. 'ഇത്തരം പരാമർശങ്ങളെ ഞങ്ങൾ അപലപിക്കുന്നു. സൗഹാർദ്ദമാണ് നമ്മുടെ സംസ്‌കാരം. മറ്റ് മതങ്ങളെ നമ്മൾ ബഹുമാനിക്കണം. അത്തരം അഭിപ്രായങ്ങളുമായി ഇന്ത്യാ സഖ്യത്തിന് യാതൊരു ബന്ധവുമില്ല. അദ്ദേഹം ആരായാലും ഇത്തരത്തിൽ എന്തെങ്കിലും പറഞ്ഞാൽ ആ പ്രസ്താവനകളെ നമ്മൾ അപലപിക്കണം' ടിഎംസി വക്താവ് കുനാൽ ഘോഷ് പറഞ്ഞു.
എന്നാൽ ഉദയനിധി സ്റ്റാലിന് പിന്തുണയുമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡി രാജ രംഗത്തെത്തി. സനാതന ധർമ്മം ജാതി അധിഷ്ഠിതവും പുരുഷാധിപത്യവും നിലനിൽക്കുന്നതുമാണെന്നും എന്നും ഉദയനിധി തെറ്റായി ഒന്നും പറഞ്ഞതായി താൻ കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അമിത് ഷാ അംബേദ്കറുടെ ' റിഡ്ഡിൽസ് ഓഫ് ഹിന്ദുയിസം'' എന്ന പുസ്തകം വായിക്കണമെന്നും അപ്പോൾ ഹിന്ദുമതവും സനാതന ധർമ്മവും തമ്മിലുള്ള വ്യത്യാസം മനസ്സിലാകുമെന്നും ഡി രാജ കൂട്ടിച്ചേർത്തു.
അതേസമയം ഉദയനിധിയുടെ സനാതന ധർമ്മ പരാമർശത്തിനെതിരെ വിമർശനം കടുപ്പിക്കുയാണ് ബിജെപി. സനാതന ധർമ്മത്തെ അവഹേളിക്കുന്നത് പ്രതിപക്ഷ സഖ്യത്തിന്റെ നയമായോ എന്ന ചോദ്യമാണ് ബിജെപി ഉയർത്തുന്നത്. പരാമർശം വിവാദമായിട്ടും പ്രതിപക്ഷ മുന്നണിയിലെ നേതാക്കൾ മിണ്ടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായാണ് ബിജെപി നേതാക്കൾ ഉന്നയിക്കുന്നത്. പ്രതിപക്ഷത്തെ നേതാക്കളുടെ മൗനം ചോദ്യം ചെയ്ത് ഏറ്റവും ഒടുവിലായെത്തിയത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനാണ്. സുപ്രീം കോടതി അടക്കം ഹിന്ദുത്വ ഒരു ഉപാസന പദ്ദതിയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. രാഹുൽ പറയുന്നത് സ്‌നേഹത്തിന്റെ കടതുറക്കുമെന്നാണ്, എന്നാൽ പ്രതിപക്ഷത്തിന്റെ കൈയിൽ വെറുപ്പിന്റെ ഗോഡൗൺ ആണുള്ളതെന്ന് വ്യക്തമായെന്നും ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു.
നേരത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗടക്കമുള്ളവരും ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ പ്രതിപക്ഷ നേതാക്കൾ മിണ്ടുന്നില്ലെന്ന വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഡി എം കെ സനാതന ധർമ വിശ്വാസികളെ അവഹേളിച്ചെന്നും രാഹുൽ ഗാന്ധിക്കും മല്ലികാർജ്ജുൻ ഖാർഗെയ്ക്കും സോണിയ ഗാന്ധിക്കും ഒന്നും പറയാനില്ലേയെന്നും രാജ്‌നാഥ് സിങ് ചോദിച്ചു. ഉദയ നിധി സ്റ്റാലിന്റെ സനാതന ധർമ വിരുദ്ധ പരാമർശം 'ഇന്ത്യ' സഖ്യത്തിന് എതിരെ ആയുധമാക്കുകയാണ് ബിജെപി. സഖ്യ കക്ഷിയുടെ അഭിപ്രായം തന്നെയാണോ മറ്റുള്ളവർക്കെന്ന ചോദ്യമാണ് ബിജെപിയുടെ നേതാക്കൾ 'ഇന്ത്യ' സഖ്യത്തിലെ കോൺഗ്രസ് ഉൾപ്പടെയുള്ള കക്ഷികളോട് ഉന്നയിക്കുന്നത്.
സനാതന ധർമ്മം ഉന്മൂലനം ചെയ്യപ്പെടണം എന്ന തന്റെ പരാമർശത്തിൽ ഉറച്ചു നിൽക്കുമെന്ന് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. താൻ ഒരിക്കലും വംശഹത്യയെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും എല്ലാ നിയമ നടപടികളും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക എന്നത് ബിജെപിയുടെ ഒരു ശീലമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
''ഞാൻ പറയുന്നതിൽ എല്ലാം ഞാൻ എപ്പോഴും ഉറച്ചുനിൽക്കും. ഞാൻ അത് ആവർത്തിച്ച് പറയുന്നു . ഞാൻ ഒരിക്കലും വംശഹത്യയെക്കുറിച്ച് സംസാരിച്ചിട്ടില്ല. 'സനാതൻ' എന്നതിനെക്കുറിച്ച് മാത്രമാണ് ഞാൻ സംസാരിച്ചത്. അവർ പിന്തുടരുന്ന ആചാരങ്ങൾക്കെതിരെ തീർച്ചയായും നിലകൊള്ളുന്നു. ഞാൻ പറഞ്ഞതിൽ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ല ' എന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ഈ പരാമർശത്തിൽ ഗവർണർക്ക് കത്ത് നൽകാൻ ഉള്ള ബിജെപിയുടെ നീക്കത്തിൽ എന്താണ് പ്രതികരണം എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ഇതിൽ ഏത് നിയമ നടപടിയും നേരിടാൻ തയ്യാറാണെന്നും ബാക്കിയെല്ലാം പൊതുജനങ്ങൾക്ക് തീരുമാനിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ് അസോസിയേഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം. സനാതന ധർമ്മത്തെ കൊറോണ വൈറസ്, മലേറിയ, ഡെങ്കിപ്പനി എന്നിവയുമായി ഉപമിച്ച അദ്ദേഹം സനാതന ധർമ്മത്തെ എതിർക്കുകയല്ല ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു . ഇത് സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
''നമ്മുടെ കലൈഞ്ജർ (കരുണാനിധി) എല്ലാ ജാതിയിലും പെട്ട ആളുകൾക്ക് പൂജ ചെയ്യാനുള്ള (ക്ഷേത്ര പൂജാരി) നിയമം കൊണ്ടുവന്നു. നമ്മുടെ മുഖ്യമന്ത്രി (സ്റ്റാലിൻ) അർച്ചന ചെയ്യാനുള്ള പരിശീലനം പൂർത്തിയാക്കിയവരെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിച്ചു. ഇതാണ് ദ്രാവിഡ മാതൃക'', എന്നും ഉദയനിധി പറഞ്ഞു. സനാതന ധർമം സ്ത്രീകളെ അടിമകളാക്കി, അവരെ വീടിന് പുറത്തിറങ്ങാൻ പോലും അനുവദിച്ചി. അവരിൽ ഒരു വിഭാഗമാണ് ഇപ്പോൾ കായികരംഗത്ത് നേട്ടം കൊയ്യുന്നതെന്നും സാമ്പത്തികപരമായി സ്വതന്ത്രരായി നിലനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരാമർശം വിവാദമായതോടെയാണ് കൂടുതൽ വിശദീകരണവുമായി ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയത്.




